19 April Friday

കള്ളപ്പണം വെളുപ്പിക്കൽ കേസ് : രാഹുലിനെ ഇന്നും ചോദ്യംചെയ്യും

എം അഖിൽUpdated: Tuesday Jun 14, 2022



ന്യൂഡൽഹി
നാഷണൽ ഹെറാൾഡ്‌ പത്രവുമായി ബന്ധപ്പെട്ട് എട്ടുവര്‍ഷം മുമ്പുള്ള കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കോൺഗ്രസ്‌ നേതാവ്‌ രാഹുൽ ഗാന്ധിയെ എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റ്‌ (ഇഡി) വിളിച്ചുവരുത്തി ഒമ്പതു മണിക്കൂര്‍ ചോദ്യംചെയ്തു. ചൊവ്വാഴ്ചയും തുടരും. രാജ്യത്തെ പ്രതിപക്ഷ നേതാക്കളെ പ്രതികാരബുദ്ധിയോടെ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ വേട്ടയാടുന്നുവെന്ന ആക്ഷേപം നിലനിൽക്കെയാണ് നടപടി.

ഇഡി ഡെപ്യൂട്ടി ഡയറക്ടറുടെയും ജോയിന്റ്‌ ഡയറക്ടറുടെയും മേൽനോട്ടത്തിൽ അന്വേഷകസംഘം രണ്ടുഘട്ടമായാണ്‌ രാഹുലിനെ ചോദ്യം ചെയ്‌തത്‌. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം 50–-ാം വകുപ്പ്‌ അനുസരിച്ച്‌ മൊഴി രേഖപ്പെടുത്തി.
കോൺഗ്രസ്‌ നേതൃത്വത്തെ കേന്ദ്ര ഏജൻസികൾ വേട്ടയാടുകയാണെന്ന്‌ ആരോപിച്ച്‌ നേതാക്കളുടെയും പ്രവർത്തകരുടെയും അകമ്പടിയോടെ പകൽ 11.15നാണ് രാഹുല്‍ ഇഡി ആസ്ഥാനത്ത്‌ എത്തിയത്. ആദ്യഘട്ടത്തിൽ മൂന്ന്‌ മണിക്കൂറോളം ചോദ്യംചെയ്‌തു.
2.30ന്‌ ഉച്ചഭക്ഷണം കഴിക്കാൻ വിട്ടു. ഭക്ഷണത്തിനുശേഷം രാഹുലും പ്രിയങ്കയും ഗംഗാറാം ആശുപത്രിയിലെത്തി അമ്മ സോണിയയെ സന്ദർശിച്ചു. ഇഡി ഓഫീസിൽ തിരിച്ചെത്തിയ രാഹുലിനെ വീണ്ടും ചോദ്യംചെയ്‌തു.  പ്രകടനത്തിനും ധർണയ്‌ക്കും അനുമതി നിഷേധിച്ച്‌ ഡൽഹി പൊലീസ്‌ മേഖലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. അക്‌ബർറോഡിലെ എഐസിസി ആസ്ഥാനത്തും പരിസരത്തും പൊലീസ്‌ ഞായറാഴ്‌ചതന്നെ വൻ സുരക്ഷാസജ്ജീകരണങ്ങൾ ഒരുക്കി. 

രാഹുലും പ്രിയങ്കയും മറ്റ്‌ നേതാക്കളുമായി നീങ്ങിയ പ്രകടനം ഇഡി ഓഫീസിലെത്തുംമുമ്പ്‌ പൊലീസ്‌ തടഞ്ഞു. പ്രവർത്തകരും പൊലീസും തമ്മിൽ ഏറ്റുമുട്ടി. ഇതോടെ, രാഹുലിന്റെ സുരക്ഷാഉദ്യോഗസ്ഥർ രാഹുലിനെയും പ്രിയങ്കയെയും വാഹനത്തിൽ മറ്റൊരു വഴിയിലൂടെ ഓഫീസിലേക്ക്‌ കൊണ്ടുപോയി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top