19 April Friday

ഇഡിക്കെതിരെ പ്രതിപക്ഷരോഷം ; ഓഫീസ് മാർച്ച്‌ 
തടഞ്ഞു

സ്വന്തം ലേഖകൻUpdated: Thursday Mar 16, 2023


ന്യൂഡൽഹി
അദാനി അഴിമതിയിൽ അന്വേഷണം ആവശ്യപ്പെട്ട്‌ ഇഡി ഓഫീസിലേക്ക്‌ പ്രതിപക്ഷ പാർടി എംപിമാർ നടത്തിയ മാർച്ച്‌ പൊലീസ്‌ തടഞ്ഞു. നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ടെന്നും മാർച്ചുമായി മുന്നോട്ടുനീങ്ങിയാൽ കസ്‌റ്റഡിയിൽ എടുക്കുമെന്ന്‌ ഡൽഹി പൊലീസ്‌ ഉദ്യോഗസ്ഥർ ഭീഷണി ഉയർത്തി. നൂറുകണക്കിന്‌ പൊലീസുകാരാണ്‌ ബാരിക്കേഡുകൾ നിരത്തി എംപിമാരുടെ മാർച്ച്‌ തടഞ്ഞത്‌. അദാനി വിഷയത്തിൽ ഡൽഹിയിൽ എംപിമാരുടെ പ്രകടനംപോലും അനുവദിക്കില്ലെന്ന നിലപാടിലാണ്‌ മോദി സർക്കാർ.

രാജ്യസഭാ പ്രതിപക്ഷ നേതാവ്‌ മല്ലികാർജ്ജുൻ ഖാർഗെയുടെ ഓഫീസിൽ രാവിലെ യോഗം ചേർന്നാണ്‌ മാർച്ചിന്‌ തീരുമാനം എടുത്തത്‌. കോൺഗ്രസ്‌, ഇടതുപക്ഷം, ഡിഎംകെ, ആർജെഡി, ബിആർഎസ്‌ തുടങ്ങി 18 പാർടികൾ പങ്കാളികളായി. പൊലീസ്‌ തടഞ്ഞതിനെ തുടർന്ന്‌ പാർലമെന്റിലേക്ക്‌ മടങ്ങിയ പ്രതിപക്ഷ എംപിമാർ ഇഡി ഡയറക്ടർ എസ്‌ കെ മിശ്രയ്‌ക്ക്‌ അദാനി വിഷയം അന്വേഷിക്കണം എന്നാവശ്യപ്പെട്ട്‌ കത്ത്‌ കൈമാറി. അദാനി ഗ്രൂപ്പിനെതിരായി ഗുരുതര ആരോപണങ്ങൾ ഉയർന്നിട്ടും പ്രാഥമിക അന്വേഷണത്തിനുപോലും ഇഡി മുതിർന്നില്ലെന്ന്‌ കത്തിൽ എംപിമാർ ഓർമിപ്പിച്ചു. ഗൗതം അദാനിയുടെ സഹോദരൻ വിനോദ്‌ അദാനിയുടെയും കൂട്ടാളികളുടേതുമായി മൗറീഷ്യസിൽ മാത്രം 38 വ്യാജ കമ്പനികൾ പ്രവർത്തിക്കുന്നുണ്ട്‌. സൈപ്രസ്‌, യുഎഇ, സിംഗപ്പുർ എന്നിവിടങ്ങളിൽ കള്ളപണം വെളുപ്പിക്കൽ ലക്ഷ്യമിട്ട്‌ വ്യാജകമ്പനികളുമുണ്ട്‌.  പല സർക്കാർ പദ്ധതികളും അദാനിക്ക്‌ കിട്ടുന്നതിനായി മാനദണ്ഡങ്ങളിൽ മാറ്റം വരുത്തിയതും പുറത്തായിട്ടുണ്ട്‌. ഇതേക്കുറിച്ചെല്ലാം അന്വേഷണം വേണം–എംപിമാർ ആവശ്യപ്പെട്ടു.


കേരളത്തിൽ ഇഡിക്ക്‌ 
സ്‌തുതി; ഡൽഹിയിൽ പഴി ; യുഡിഎഫ്‌ എംപിമാരുടെ ഇരട്ടത്താപ്പ്‌
കേരളത്തിൽ ഇടതുപക്ഷ സർക്കാരിനെതിരായി രാഷ്ട്രീയ ലക്ഷ്യങ്ങളോടെ ഇഡി എടുക്കുന്ന എല്ലാ വഴിവിട്ട നടപടികളെയും പിന്തുണയ്‌ക്കുന്ന സംസ്ഥാനത്തെ കോൺഗ്രസ്‌ എംപിമാർ ഡൽഹിയിൽ ഇഡിയ്‌ക്കെതിരായി രംഗത്ത്‌. അദാനി വിഷയത്തിൽ അന്വേഷണം ആവശ്യപ്പെട്ട്‌ പ്രതിപക്ഷ എംപിമാർ ഇഡി ഓഫീസിലേക്ക്‌ നടത്തിയ മാർച്ചിൽ കേരളത്തിൽ നിന്നുള്ള യുഡിഎഫ്‌ എംപിമാർ സജീവമായി പങ്കെടുത്തു. ഇഡി ബിജെപിയുടെ ഉപകരണമാണെന്നും വിശ്വാസ്യത നഷ്ടമായ ഏജൻസിയാണെന്നും എംപിമാർ കുറ്റപ്പെടുത്തി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top