19 April Friday

പരിസ്ഥിതിലോല മേഖല: 1337 ചതുരശ്ര കിലോമീറ്റർ ഒഴിവാക്കണം- കേരളം

സ്വന്തം ലേഖകൻUpdated: Sunday Dec 5, 2021

ന്യൂഡൽഹി> കസ്‌തൂരിരംഗൻ റിപ്പോർട്ടുപ്രകാരമുള്ള കേരളത്തിലെ പശ്‌ചിമഘട്ട പരിസ്ഥിതിലോല മേഖലയിൽനിന്ന്‌ 1337.24 ചതുരശ്ര കിലോമീറ്റർ പ്രദേശംകൂടി പൂർണമായി ഒഴിവാക്കണമെന്ന്‌ സംസ്ഥാനം കേന്ദ്ര സർക്കാരിനോട്‌ ആവശ്യപ്പെട്ടു. പരിസ്ഥിതിലോല മേഖല നിർണയിച്ചുള്ള അന്തിമ വിജ്ഞാപനം തയ്യാറാക്കാൻ കേന്ദ്ര വനം–-പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവ്‌ വിളിച്ച സംസ്ഥാനങ്ങളുടെ യോഗത്തിൽ ധനമന്ത്രി കെ എൻ ബാലഗോപാലാണ്‌ ഈ ആവശ്യമുന്നയിച്ചത്‌. ജനവാസമേഖലയും ജലാശയങ്ങളും തോട്ടങ്ങളും ഉൾപ്പെട്ട 1337 ചതുരശ്ര കി.മീ പ്രദേശവും ഒഴിവാക്കണമെന്നായിരുന്നു നിർദേശം.

മാപ്പിങ്ങും ജിയോ സാങ്കേതികതയും മറ്റും ഉപയോഗപ്പെടുത്തി കേരളം നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ്‌ കൂടുതൽ പ്രദേശം ഒഴിവാക്കണമെന്ന്‌ ആവശ്യപ്പെടുന്നതെന്ന്‌ ബാലഗോപാൽ ബോധ്യപ്പെടുത്തി. ഇതംഗീകരിച്ച കേന്ദ്ര വനം–പരിസ്ഥിതി മന്ത്രി ഈ പ്രദേശത്തെ നോൺ കോർ മേഖലയായി പരിഗണിക്കാമെന്ന്‌ അറിയിച്ചു. എന്താണ്‌ നോൺ കോർ മേഖലയെന്ന്‌ കൃത്യമായി നിർവചിക്കണം. ഇതിനുശേഷം സംസ്ഥാനം അഭിപ്രായം അറിയിക്കാം. സാധാരണ പ്രവർത്തനങ്ങൾ  അനുവദിക്കാമെന്ന്‌ കൃത്യമായി വിജ്ഞാപനത്തിൽ ഉൾപ്പെടുത്തണമെന്നും ബാലഗോപാൽ ആവശ്യപ്പെട്ടു. വിഷയത്തിൽ തുടർചർച്ച നടത്താമെന്നും ആവശ്യം അനുഭാവപൂർവം പരിഗണിക്കാമെന്നും കേന്ദ്രം അറിയിച്ചു.

പരിസ്ഥിതിലോല മേഖല നിർണയിച്ചുള്ള നിലവിലെ കരടു വിജ്ഞാപനം ഡിസംബർ 31ന്‌ അവസാനിക്കും. നാലുവട്ടം കരടു വിജ്ഞാപനം കേന്ദ്രം പുതുക്കിയിരുന്നു.  31ന്‌ മുമ്പ്‌ അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കാനാണ്‌ സംസ്ഥാനങ്ങളുമായുള്ള ചർച്ചകൾ. കേരളത്തിന്‌ പുറമെ കർണാടകവും തമിഴ്‌നാടും പങ്കെടുത്തു. ഗോവ, മഹാരാഷ്ട്ര, ഗുജറാത്ത്‌ സംസ്ഥാനങ്ങളുമായി നേരത്തേ ചർച്ച നടത്തിയിരുന്നു.

കേന്ദ്രം വഴങ്ങുമെന്ന്‌ പ്രതീക്ഷ


കേരളത്തിന്റെ ആവശ്യം കേന്ദ്രം അംഗീകരിക്കുമെന്നാണ്‌ പ്രതീക്ഷിക്കുന്നതെന്ന്‌ കെ എൻ ബാലഗോപാൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പി എച്ച്‌ കുര്യന്റെ നേതൃത്വത്തിലുള്ള വിദഗ്‌ധ സമിതിയുടെ സർവേ അടിസ്ഥാനത്തിലാണ്‌ ഒഴിവാക്കേണ്ട പ്രദേശം കണ്ടെത്തിയത്‌.  കസ്‌തൂരിരംഗൻ നിർദേശിച്ചതിൽ ഏതാണ്ട്‌ 86 ശതമാനവും അംഗീകരിച്ചിട്ടുണ്ട്‌. പരിസ്ഥിതി സംരക്ഷണത്തിന്‌  വിപുലമായ മാസ്‌റ്റർ പ്ലാൻ തയ്യാറാക്കുന്നുണ്ട്‌.

പ്രായോഗികത ഉറപ്പുവരുത്തി പരിസ്ഥിതി സംരക്ഷിക്കണമെന്നാണ്‌ സർക്കാർ നിലപാട്‌–- ബാലഗോപാൽ പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top