25 April Thursday

തൊഴിലില്ലായ്‌മ പരിഹരിക്കൽ : സമ്മേളനത്തിൽ ബില്ലിന്‌ 
രൂപംനൽകി ഡിവൈഎഫ്‌ഐ

വെബ് ഡെസ്‌ക്‌Updated: Friday May 13, 2022


കൊൽക്കത്ത
തൊഴിലില്ലായ്‌മ പരിഹരിക്കാൻ  ‘ദേശീയ നഗര തൊഴിലുറപ്പ്‌ ബിൽ’ എന്ന ആശയവുമായി ഡിവൈഎഫ്‌ഐ അഖിലേന്ത്യാസമ്മേളനം. തൊഴിലില്ലായ്‌മ  ഘട്ടംഘട്ടമായി പരിഹരിക്കാനുള്ള ശുപാർശയടങ്ങിയ ബില്ലിന്റെ കരടുരൂപമാണ്‌ കേന്ദ്ര എക്‌സിക്യൂട്ടീവ്‌ തയ്യാറാക്കിയത്‌.

ശനിയാഴ്‌ച സമ്മേളനത്തിന്റെ അംഗീകാരത്തിന്‌ സമർപ്പിക്കും. അംഗീകരിച്ചാൽ ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ്‌ എ എ റഹിം എംപി  ഇത്‌ സ്വകാര്യബില്ലായി രാജ്യസഭയിലെത്തിക്കും. രാജ്യത്തെ നഗരമേഖലയിൽ 18 വയസ്സ്‌ പൂർത്തിയായ എല്ലാവർക്കും തൊഴിൽ ഉറപ്പാക്കാൻ ആവശ്യമായ ശുപാർശയാണിതിലുള്ളത്‌.

ആദ്യമായാണ്‌ ഒരു യുവജനസംഘടനയുടെ ദേശീയ സമ്മേളനത്തിൽ ഇത്തരമൊരു ആശയം രൂപപ്പെടുന്നത്‌. പ്രകൃതിവിഭവം കൈകാര്യം ചെയ്യൽ, അടിസ്ഥാനസൗകര്യ വികസനത്തിനുള്ള നിർമാണം, സെൻസസ്‌, സർവേ, പഠനസഹായം, അവശജന പരിപാലനം, ചരിത്രസ്‌മാരക സംരക്ഷണം തുടങ്ങി വിവിധമേഖലകളിൽ തൊഴിലവസരം വിനിയോഗിക്കാവുന്ന മാർഗം ബില്ലിലുണ്ട്‌.

പിന്നാക്കവിഭാഗത്തിന്‌ കൂടുതൽ പരിഗണ നൽകണം. സാമ്പത്തികവർഷം 200 തൊഴിൽദിനം ഉറപ്പാക്കണം, ഇതിൽ തദ്ദേശ സ്ഥാപനങ്ങളുടെ പങ്കാളിത്തം കൂട്ടണം- തുടങ്ങി നിരവധി നിർദേശങ്ങളുണ്ട്‌. പദ്ധതി നിയന്ത്രിക്കാൻ പ്രോഗ്രാം ഓഫീസർമാർ, വേതനം കുടിശ്ശികയായാൽ സ്വീകരിക്കേണ്ട നടപടി, പരാതിപരിഹാരസംവിധാനം തുടങ്ങിയ കാര്യങ്ങളും നിർദേശമുണ്ട്‌.

ഡിവൈഎഫ്‌ഐ ജോയിന്റ്‌ സെക്രട്ടറി പ്രീതി ശേഖർ കൺവീനറായ സമിതിയാണ്‌ കരടിന്‌ രൂപംകൊടുത്തത്‌. ട്രൈകോണ്ടിനെന്റൽ റിസെർച്ച്‌ ഗവേഷകനായ സുബിൻഡെന്നീസ്‌, സുപ്രീംകോടതി അഭിഭാഷകൻ മുകുന്ദ്‌ പി ഉണ്ണി, സ്വതന്ത്ര ഗവേഷകൻ വി എസ്‌ ശ്യാം തുടങ്ങിയവവരും നിർദേശങ്ങൾ നൽകി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top