25 April Thursday

ആശാ വർക്കേഴ്‌സിന് മെച്ചപ്പെട്ട വേതനവും ആനുകൂല്യങ്ങളും നൽകണം: ഡോ വി ശിവദാസൻ എം പി

വെബ് ഡെസ്‌ക്‌Updated: Thursday Feb 9, 2023

ന്യൂഡൽഹി> ആശാ വർക്കേഴ്‌സിനു മികച്ച വേതനം യൂണിയൻ സർക്കാർ ഉറപ്പ് വരുത്തണമെന്ന് രാജ്യസഭയിൽ ഡോ വി ശിവദാസൻ എം പി പ്രത്യേക പരാമർശമായി ഉന്നയിച്ചു. നമ്മുടെ രാജ്യത്തെ 10.4 ലക്ഷത്തോളം വരുന്ന ആശാ വർക്കർമാർ പ്രശംസനീയമായ പ്രവർത്തനങ്ങളാണ് നടത്തുന്നത്. ആഗോള ആരോഗ്യ നേതാക്കളായി ലോകാരോഗ്യ സംഘടന അവരെ അഭിനന്ദിച്ചത് രാജ്യത്തിനാകെ അഭിമാനകരമായിരുന്നു.

എന്നാൽ അവരുടെ അലവൻസുകളും ഇൻസെൻറീവുകളും നാമ മാത്രമാണ്. ഈ മിനിമം അലവൻസുകൾ പോലും കൃത്യസമയത്ത് വിതരണം ചെയ്യപ്പെടുന്നില്ല. ദരിദ്രരും ആലംബഹീനരുമായ ആളുകൾക്ക് അവരുടെ ഏറ്റവും പ്രയാസകരമായ സമയങ്ങളിൽ ആരോഗ്യ പരിരക്ഷ നൽകി ദിവസവും മണിക്കൂറുകളോളം ചെലവഴിക്കുന്ന ആശാ പ്രവർത്തകർക്ക് എന്നാൽ സ്വന്തം ആരോഗ്യ സംരക്ഷണത്തിന് കേന്ദ്ര സർക്കാരിൽ നിന്ന് ഒരു സഹായവും ലഭിക്കുന്നില്ല. ഇവർക്കായി മിനിമം ഇൻഷുറൻസ് പാക്കേജ് ഒരുക്കുകയോ ഒരു മിനിമം വേതനം നൽകുകയോ ചെയ്‌തിട്ടില്ല.

സാമൂഹിക സുരക്ഷാ വളണ്ടിയർമാരായി കണക്കാക്കുന്നതിനാൽ ജീവനക്കാരെന്ന നിലയിൽ ശമ്പളം വാങ്ങാൻ അവർക്ക് അവകാശമില്ലെന്ന് യൂണിയൻ സർക്കാർ പറയുന്നു. സർക്കാർ ഇതൊരു ജോലിയായി കണക്കാക്കുന്നില്ല. സാമൂഹിക സുരക്ഷ ഉറപ്പാക്കുന്നത് ഒരു ജോലിയല്ലെങ്കിൽ പിന്നെ എന്താണ് ജോലിയുടെ നിർവചനം. ആശാ വർക്കേഴ്‌സിന് കേന്ദ്രസർക്കാർ തൊഴിൽ സുരക്ഷയും മികച്ച ആരോഗ്യ സൗകര്യങ്ങളും നൽകി സാമൂഹ്യ സുരക്ഷ ഉറപ്പാക്കണമെന്ന് ഡോ വി ശിവദാസൻ എം പി രാജ്യസഭയിൽ ആവശ്യപ്പെട്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top