24 April Wednesday

കോവിഡിൽ നിന്ന്‌ ജനങ്ങളെ സംരക്ഷിക്കുന്നതിൽ കേരളം രാജ്യത്ത്‌ ഒന്നാമത്‌ തന്നെ: കേന്ദ്ര കോവിഡ്‌ വർക്കിങ്‌ ഗ്രൂപ്പ്‌ അംഗം ഡോ. ഗഗൻദീപ്‌ കാങ്‌

വെബ് ഡെസ്‌ക്‌Updated: Friday Jul 30, 2021

ന്യൂഡൽഹി > പ്രതിദിന കേസുകൾ നിലവിൽ കൂടുതലായി റിപ്പോർട്ടു ചെയ്യപ്പെടുന്നുണ്ടെങ്കിലും കോവിഡിൽ നിന്ന്‌ ജനങ്ങളെ സംരക്ഷിക്കുന്നതിൽ കേരളം രാജ്യത്ത്‌ ഒന്നാമത്‌ തന്നെയെന്ന്‌ പ്രമുഖ വൈറോളജിസ്‌റ്റും കേന്ദ്ര സർക്കാരിന്റെ കോവിഡ്‌ വർക്കിങ്‌ ഗ്രൂപ്പ്‌ അംഗവുമായ ഡോ. ഗഗൻദീപ്‌ കാങ്‌.

പ്രതിദിന കേസുകളിലെ ഇപ്പോഴത്തെ വർധനവ്‌ കേരളത്തിലെ കോവിഡ്‌ സ്ഥിതിയുടെ മൊത്തത്തിലുള്ള ചിത്രത്തിന്റെ ചെറിയൊരു ഭാഗം മാത്രമാണെന്ന്‌ ‘ദി വയർ’ ഓൺലൈൻ വാർത്താപോർട്ടലിനായി കരൺ ഥാപ്പറിന്‌ അനുവദിച്ച അഭിമുഖത്തിൽ കാങ്‌ വിശദീകരിച്ചു. കോവിഡ്‌ മരണങ്ങളുടെ എണ്ണമടക്കം യാഥാർത്ഥ്യത്തോട്‌ ഏറ്റവുമധികം ചേർന്നുനിൽക്കുന്ന കോവിഡ്‌ കണക്കുകളും കേരളത്തിന്റേതാണെന്ന്‌ ഗഗൻദീപ്‌ കാങ്‌ വ്യക്തമാക്കി. കോവിഡ്‌ വ്യാപനം നിയന്ത്രിക്കുന്നതിൽ ഇതുവരെ മികച്ച പ്രകടനമാണ്‌ കേരളത്തിന്റേത്‌.

കേരളത്തിന്റെ കാര്യത്തിൽ ആശങ്കയുടെ ആവശ്യമേയില്ല. യഥാർത്ഥത്തിൽ കോവിഡ്‌ പ്രതിരോധത്തിൽ രാജ്യത്തിന്‌ തന്നെ മാതൃകയാണ്‌ കേരളം. കേരളത്തിലെ കോവിഡ്‌ സ്ഥിതിയുടെ യഥാർത്ഥ ചിത്രം സിറൊ പോസിറ്റിവിറ്റി നിരക്കിൽ നിന്നുതന്നെ വ്യക്തമാണ്‌. കേരളത്തിൽ 43 ശതമാനം മാത്രമാണ്‌ സിറൊ പോസിറ്റിവിറ്റി (കോവിഡ്‌ വന്നുപോയവരുടെ ശതമാനം). അഖിലേന്ത്യാതലത്തിൽ ഇത്‌ 68 ശതമാനമാണ്‌. കോവിഡിൽ നിന്ന്‌ ജനങ്ങളെ സംരക്ഷിക്കുന്നതിൽ കേരളം മികച്ച പ്രകടനം നടത്തി. അതുകൊണ്ടാണ്‌ സിറൊ പോസിറ്റിവിറ്റി കുറഞ്ഞത്‌. കേരളത്തിലെ ജനസംഖ്യയിൽ അമ്പതു ശതമാനത്തിലേറെ പേർ ഇനിയും രോഗബാധിതരാകാനുള്ള സാഹചര്യം നിലനിൽക്കുന്നുവെന്ന വസ്‌തുത കൂടിയുണ്ട്‌. കേരളത്തിന്റെ ടെസ്‌റ്റിങ്‌ രീതിയും മികച്ചതാണ്‌.

പ്രതിദിനം ശരാശരി 1.40 ലക്ഷം പരിശോധനകൾ കേരളം നടത്തുന്നുണ്ട്‌. ബുധനാഴ്‌ച 1.96 ലക്ഷം പരിശോധന നടത്തി. കേരളത്തിന്റെ മൂന്നിരട്ടി ജനസംഖ്യയുള്ള ബംഗാളിൽ പ്രതിദിന ശരാശരി പരിശോധന അര ലക്ഷം മാത്രമാണ്‌. കൂടുതൽ പരിശോധന മാത്രമല്ല അത്‌ മികച്ചരീതിയിൽ നടത്തുന്നു എന്നതും കേരളത്തിന്റെ പ്രത്യേകതയാണ്‌. വ്യാപനം കൂടുതലുള്ള സ്ഥലങ്ങളിലാണ്‌ കൂടുതൽ പരിശോധന. അതുകൊണ്ട്‌ പോസിറ്റീവ്‌ കേസുകൾ കൂടും. ചില സംസ്ഥാനങ്ങൾ രോഗസ്ഥിരീകരണം അഞ്ചു ശതമാനത്തിൽ താഴെയാക്കാൻ രോഗവ്യാപനമില്ലാത്ത സ്ഥലങ്ങളിൽ കൂടുതൽ പരിശോധന നടത്തും. ഇത്‌ തെറ്റായ രീതിയാണ്‌. കേരളത്തിൽ ഡെൽറ്റ വൈകിയാണ്‌ എത്തിയത്‌. ഇപ്പോൾ ഡെൽറ്റ വ്യാപിക്കുന്ന ഘട്ടമാണ്‌. അതുകൊണ്ടാണ്‌ കേസുകൾ കൂടുന്നത്‌.

എന്നാൽ കേരളത്തിന്റെ ആരോഗ്യസംവിധാനം നല്ല രീതിയിൽ അത്‌ കൈകാര്യം ചെയ്യുന്നുണ്ട്‌. രണ്ടാം വ്യാപനത്തിൽ മറ്റ്‌ പല സംസ്ഥാനങ്ങളിലെയും പോലെ ആരോഗ്യ സംവിധാനം പാടെ തകരുന്ന സാഹചര്യമോ ആശങ്കയോ കേരളത്തിലില്ല. വാക്‌സിനേഷനും മറ്റ്‌ സംസ്ഥാനങ്ങളെ അപേക്ഷിച്ച കേരളത്തിൽ നല്ല വേഗതയിലാണ്‌ പുരോഗമിക്കുന്നത്‌. വ്യാപനത്തിന്റെ വേഗം കുറയ്‌ക്കുകയും വാക്‌സിനേഷന്റെ വേഗം കൂട്ടുകയും വഴി ജനങ്ങളെ സംരക്ഷിക്കുന്നതിൽ മികച്ച പ്രകടനമാണ്‌ കേരളത്തിന്റേത്‌. എന്നാൽ ജാഗ്രത തുടരുകയും നിയ്വന്ത്രണങ്ങൾ പാലിക്കുകയും വേണം–- ഗഗൻദീപ്‌ കാങ്‌ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top