16 April Tuesday

ഇന്ത്യക്കാരുടെ ‘വംശശുദ്ധി’ പഠിക്കാൻ കേന്ദ്രം ; ഡിഎൻഎ പ്രൊഫൈലിങ്ങിനായി 
അത്യാധുനിക ഉപകരണങ്ങൾ വാങ്ങുന്നു

വെബ് ഡെസ്‌ക്‌Updated: Saturday May 28, 2022


ന്യൂഡൽഹി
ഇന്ത്യക്കാരുടെ ‘വംശശുദ്ധി’ പഠിക്കാൻ പ്രത്യേക പദ്ധതിയുമായി കേന്ദ്ര ബിജെപി സർക്കാർ. ഇതിനുള്ള ഡിഎൻഎ പ്രൊഫൈലിങ്ങിനും മറ്റു പരിശോധനയ്‌ക്കുമായി അത്യാധുനിക ഉപകരണങ്ങൾ വാങ്ങാൻ സാംസ്‌കാരിക മന്ത്രാലയം നടപടി തുടങ്ങിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്‌തു.

സാംസ്‌കാരിക മന്ത്രാലയം സെക്രട്ടറി ഗോവിന്ദ്‌മോഹനും പ്രമുഖ പുരാവസ്‌തു ഗവേഷകനായ വസന്ത്‌ എസ്‌ ഷിൻഡെയും ലഖ്‌നൗവിലെ ബീർബൽസാഹ്‌നി ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ പാലിയോ സയൻസസിലെ മുതിർന്ന ഗവേഷകരും പങ്കെടുത്ത യോഗം അടുത്തിടെ നടന്നിരുന്നു. ഇതിനു പിന്നാലെയാണ്‌ ഇന്ത്യക്കാരുടെ ജനിതകചരിത്രവും വംശശുദ്ധിയും ഇഴകീറി പരിശോധിക്കാനുള്ള നടപടിക്ക്‌ തുടക്കമിട്ടത്‌. കഴിഞ്ഞ 10,000 വർഷക്കാലയളവിൽ ഇന്ത്യൻ ജനതയിൽ ജനിതകമാറ്റങ്ങളും മിശ്രണവും സൃഷ്ടിച്ച മാറ്റത്തെക്കുറിച്ച്‌ പഠിക്കാനാണ്‌ പുതിയ പദ്ധതിയെന്ന്‌ പ്രൊഫ. വസന്ത്‌ എസ്‌ ഷിൻഡെ പറഞ്ഞു.

വിവിധ ജനവിഭാഗങ്ങൾ തമ്മിലുള്ള സമ്പർക്കം, അതുണ്ടായ കാലയളവ്‌ തുടങ്ങിയവയെ ആശ്രയിച്ചാണ്‌ ജനിതക വ്യതിയാനമുണ്ടാകുന്നത്‌. ഇതുവഴി രാജ്യത്തിന്റെ ജനിതകചരിത്രത്തെ കുറിച്ചും വംശശുദ്ധിയെക്കുറിച്ചും വിലപ്പെട്ട പുതിയ വിവരം ലഭിക്കാനിടയുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.

ഉപകരണങ്ങൾ വാങ്ങാനായി 10 കോടി രൂപയോളം അനുവദിച്ചു. പദ്ധതിയുമായി സഹകരിക്കുന്ന കൊൽക്കത്തയിലെ അന്ത്രപോളജിക്കൽ സർവേ ഓഫ്‌ ഇന്ത്യ(എഎൻഎസ്‌ഐ) രാജ്യത്തെ എഴുപത്തഞ്ചോളം വ്യത്യസ്‌ത വിഭാഗത്തിൽനിന്നും 7807 രക്തസാമ്പിൾ ശേഖരിച്ചിട്ടുണ്ട്‌. ‘വംശശുദ്ധി’ പഠിക്കാനുള്ള നീക്കത്തിനു പിന്നിൽ രാഷ്ട്രീയലക്ഷ്യമാണെന്ന വിമർശം ഉയർന്നു. വംശശുദ്ധി സങ്കൽപ്പം ഫാസിസ്റ്റ്‌ രാഷ്ട്രീയവുമായി ബന്ധപ്പെട്ടതാണെന്നാണ്‌ വിമർശം.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top