20 April Saturday
കോൺഗ്രസ്‌ ചോദിച്ചത്‌ 45 സീറ്റ്‌; 20 നൽകാമെന്ന്‌ ഡിഎംകെ

പുതുച്ചേരിയും ബിഹാറും പാഠം ; കോൺഗ്രസിനെ ചുമക്കാൻ ഡിഎംകെയ്‌ക്കും ഭയം

വെബ് ഡെസ്‌ക്‌Updated: Friday Feb 26, 2021


ചെന്നൈ
കോൺഗ്രസിന്‌ ഭൂരിപക്ഷം കിട്ടിയാലും ഭരണം ബിജെപിക്ക്‌ ദാനം ചെയ്യുന്ന അനുഭവ പശ്‌ചാത്തലത്തിൽ കഴിഞ്ഞതവണ നൽകിയതിന്റെ പകുതി സീറ്റു മാത്രമേ കോൺഗ്രസിന്‌ നൽകാനാകൂവെന്ന്‌ ഡിഎംകെ. പുതുച്ചേരിയിൽ കോൺഗ്രസ്‌ എംഎൽഎമാർ രാജിവച്ച്‌ ബിജെപിയിലേക്ക്‌ ചേക്കേറിയത്‌ തമിഴ്‌നാട്ടിലും വലിയ ചർച്ചയാണ്‌‌. കൂടുതൽ സീറ്റ്‌ ചോദിച്ചുവാങ്ങി മുന്നണിയെത്തന്നെ പരാജയത്തിലേക്ക്‌ നയിച്ച ബിഹാറിലെ അനുഭവങ്ങളും ഡിഎംകെ നേതാക്കൾ ചൂണ്ടിക്കാട്ടി.  കേരളത്തിന്റെ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയടക്കമുള്ള കോൺഗ്രസ്‌ നേതാക്കളുമായി ചെന്നൈയിൽ നടത്തിയ ചർച്ചയിലാണ്‌ ഡിഎംകെ നിലപാട്‌ വ്യക്തമാക്കിയത്‌.

കഴിഞ്ഞ തവണ 41 സീറ്റിൽ മത്സരിച്ച കോൺഗ്രസ്‌ ഇത്തവണ 45 സീറ്റാണ്‌ ആവശ്യപ്പെട്ടത്‌. എന്നാൽ, 20 സീറ്റിൽ കൂടുതൽ നൽകാനാകില്ലെന്ന്‌ ഡിഎംകെ അറിയിച്ചു. കഴിഞ്ഞ തവണ 178 സീറ്റിൽ മത്സരിച്ച ഡിഎംകെ 89 സീറ്റ്‌ നേടിയപ്പോൾ  41 സീറ്റിൽ മത്സരിച്ച കോൺഗ്രസിന്‌ എട്ടുസീറ്റിൽ മാത്രമാണ്‌ വിജയിക്കാനായത്‌.  ‘ഉങ്കൾ തൊകുതിയിൽ സ്‌റ്റാലിൻ’(നിങ്ങളുടെ നിയോജക മണ്ഡലത്തിൽ സ്‌റ്റാലിൻ) എന്ന മുദ്രാവാക്യമുയർത്തി ഡിഎംകെ അധ്യക്ഷൻ എം കെ സ്‌റ്റാലിൻ നിയോജക മണ്ഡലങ്ങൾതോറും സന്ദർശനം തുടരുകയാണ്‌. ഈ യാത്രയിൽ‌ ലഭിച്ച വിവരങ്ങളും  ഡിഎംകെയെ ഇത്തരമൊരു നിലപാടിന്‌ പ്രേരിപ്പിച്ചതായി കരുതുന്നു. ഇതേത്തുടർന്ന്‌ 45 മിനിറ്റ്‌ നീണ്ട ചർച്ച തീരുമാനമാകാതെ പിരിഞ്ഞു. ഡിഎംകെ മുന്നണിയിലുള്ള സിപിഐ എം, സിപിഐ, വിസികെ, എംഡിഎംകെ തുടങ്ങിയ പാർടികളുമായി ചർച്ച നടത്തിയശേഷം രണ്ടാംഘട്ട ചർച്ച നടത്താമെന്ന്‌ തീരുമാനിച്ചു. 

ഡിഎംകെ ആസ്ഥാനമായ അണ്ണാ അറിവാലയത്തിലായിരുന്നു ചർച്ച. ഉമ്മൻചാണ്ടിക്ക്‌ പുറമേ രൺദീപ്‌സിങ് സുർജേവാല, ദിനേഷ്‌ ഗുണ്ടുറാവു, ടിഎൻസിസി പ്രസിഡന്റ്‌ കെ എസ്‌ അഴഗിരി എന്നിവരാണ്‌ കോൺഗ്രസിനെ പ്രതിനിധാനംചെയ്‌തത്‌. ഡിഎംകെയിൽനിന്ന്‌ ജനറൽ സെക്രട്ടറി ദുരൈമുരുകൻ, ട്രഷറർ ടി ആർ ബാലു, വനിതാവിഭാഗം സെക്രട്ടറി കനിമൊഴി എംപി എന്നിവരും പങ്കെടുത്തു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top