23 April Tuesday

ഡിഎച്ച്‌എഫ്‌എൽ 
തട്ടിച്ചത്‌ 34,615 കോടി ; രാജ്യത്തെ ഏറ്റവും വലിയ ബാങ്ക്‌ തട്ടിപ്പ്‌

വെബ് ഡെസ്‌ക്‌Updated: Thursday Jun 23, 2022


ന്യൂഡൽഹി
ബാങ്കുകളുടെ കൺസോർഷ്യത്തിൽനിന്ന്‌ 34,615 കോടിരൂപ തട്ടിച്ച കേസിൽ ദേവാൻ ഹൗസിങ്‌ ഫിനാൻസ്‌ കോർപറേഷൻ ലിമിറ്റഡ്‌ (ഡിഎച്ച്‌എഫ്‌എൽ) ഡയറക്ടർമാർക്കെതിരെ സിബിഐ കേസ്‌. മുംബൈ ആസ്ഥാനമായ ഭവനവായ്‌പാസ്ഥാപനത്തിന്റെ സിഎംഡിയായിരുന്ന കപിൽ വധാവൻ, ഡയറക്ടറായിരുന്ന ധീരജ്‌ വധാവൻ തുടങ്ങിയവർക്കെതിരെയാണ്‌ കേസ്‌.  രാജ്യത്തെതന്നെ ഏറ്റവും വലിയ ബാങ്ക്‌ തട്ടിപ്പും സിബിഐ അന്വേഷിക്കുന്ന ഏറ്റവും വലിയ വായ്‌പാ തട്ടിപ്പുമാണിതെന്നാണ്‌ റിപ്പോർട്ട്‌. എസ്‌ബിഐ നേതൃത്വം നൽകിയ കൺസോർഷ്യത്തിൽനിന്ന്‌ 22,842 കോടി രൂപ എബിജി ഷിപ്‌യാർഡ്‌ ഡയറക്ടർമാർ വെട്ടിച്ചതാണ്‌ നേരത്തേ സിബിഐ അന്വേഷിച്ച വലിയ തട്ടിപ്പ്‌.
യൂണിയൻ ബാങ്ക്‌ ഓഫ്‌ ഇന്ത്യ നേതൃത്വം നൽകുന്ന 17 ബാങ്കിന്റെ കൺസോർഷ്യത്തിൽനിന്ന്‌ 42,871 കോടി രൂപയുടെ വായ്‌പകളാണ്‌  2010–-18 കാലയളവി ഡിഎച്ച്‌എഫ്‌എൽ എടുത്തത്‌. ഓഡിറ്റർമാർ ക്രമക്കേടുകൾ കണ്ടെത്തിയതിനെത്തുടർന്ന്‌ കഴിഞ്ഞവർഷം ഫെബ്രുവരി 11ന്‌ അന്വേഷണം ആവശ്യപ്പെട്ട്‌ യൂണിയൻ ബാങ്ക്‌ സിബിഐക്ക്‌ കത്ത്‌ നൽകി. 

യെസ്‌ ബാങ്ക്‌ സ്ഥാപകൻ റാണാകപൂറുമായി ചേർന്ന്‌ നടത്തിയ വായ്‌പത്തട്ടിൽ സിബിഐയും എൻഫോഴ്‌സ്‌മെന്റും എടുത്ത കേസിൽ ഇരുവരും ജുഡീഷ്യൽ കസ്റ്റഡിയിലാണ്‌. മോദി സർക്കാരിനു കീഴിൽ ശതകോടികളുടെ ബാങ്ക്‌ വായ്‌പത്തട്ടിപ്പുകൾ തുടർക്കഥയാകുകയാണ്‌. വൻ തട്ടിപ്പുകൾ നടത്തി വിജയ്‌മല്യ, നീരവ്‌മോദി, മെഹുൽ ചോക്‌സി തുടങ്ങിയവർ രാജ്യംവിട്ടിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top