26 April Friday
കേന്ദ്ര നടപടി പരിശോധിക്കുമെന്ന് 
 സുപ്രീംകോടതി

നോട്ട്‌ നിരോധനം പരാജയം ; പരോക്ഷമായി സമ്മതിച്ച്‌ കേന്ദ്രം

വെബ് ഡെസ്‌ക്‌Updated: Tuesday Dec 6, 2022


ന്യൂഡൽഹി
നോട്ട്‌ നിരോധനംകൊണ്ട്‌ ഉദ്ദേശിച്ച നേട്ടം ഉണ്ടായില്ലെന്ന്‌ പരോക്ഷമായി സമ്മതിച്ച്‌ കേന്ദ്ര സർക്കാർ. നിരോധനത്തിന്റെ നിയമസാധുത ചോദ്യം ചെയ്‌തുള്ള ഹർജികൾ സുപ്രീംകോടതി പരിഗണിക്കവെയാണ്‌ കുറ്റസമ്മതം. നോട്ട്‌ അസാധുവാക്കൽ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ പരാജയപ്പെട്ടാൽത്തന്നെയും ആ നടപടി നിയമപരമായി അസാധുവാകുന്നില്ലെന്ന്‌ കേന്ദ്രസർക്കാരിനുവേണ്ടി ഹാജരായ അറ്റോർണി ജനറൽ ആർ വെങ്കടരമണി പറഞ്ഞു.

കള്ളപ്പണം, വ്യാജ കറൻസി, ഭീകരവാദ പ്രവർത്തനങ്ങൾക്കുള്ള ധനസമാഹരണം തുടങ്ങിയവ ജരാസന്ധന്മാരെപ്പോലെ രാജ്യത്തെ കടന്നാക്രമിച്ച അവസരത്തിൽ അസാധുവാക്കൽ അനിവാര്യമായിരുന്നു. നോട്ട്‌ നിരോധനംമൂലം ജനങ്ങൾക്ക്‌ ചില പ്രയാസം അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ടാകാം. അത്‌ നടപടിയുടെ ദൂഷ്യമായി വിലയിരുത്താനാകില്ലെന്ന്  എജി പറഞ്ഞു.

നോട്ടുനിരോധന തീരുമാനത്തിലേക്ക്‌ എത്തിയത്‌ എങ്ങനെയെന്ന്‌ പരിശോധിക്കുമെന്ന്‌ കോടതി വ്യക്തമാക്കി. സാമ്പത്തിക നയപരമായ തീരുമാനമായതിനാൽ കോടതിക്ക്‌ ഇടപെടാനാകില്ലെന്ന കേന്ദ്രവാദം അംഗീകരിക്കാനാകില്ല. മൂകസാക്ഷിയായി തുടരാനാകില്ല–- കോടതി പറഞ്ഞു.

നോട്ട്‌ നിരോധിക്കാൻ ശുപാർശ കൈമാറിയത്‌ തങ്ങളാണെന്ന്‌ റിസർവ്‌ ബാങ്ക്‌ കോടതിയെ അറിയിച്ചു. നടപടിക്രമങ്ങൾ പൂർണായും പാലിച്ചാണ്‌ ശുപാർശ കൈമാറിയതെന്ന്‌ ആർബിഐക്കുവേണ്ടി അഭിഭാഷകൻ ജയ്‌ദീപ്‌ ഗുപ്‌ത കോടതിയെ അറിയിച്ചു. തീരുമാനമെടുത്ത കേന്ദ്രബോർഡ്‌ യോഗത്തിൽ എത്രപേർ പങ്കെടുത്തു എന്നതടക്കമുള്ള വിവരങ്ങൾ സമർപ്പിക്കാർ കോടതി ആർബിഐയോട്‌ നിർദ്ദേശിച്ചു.  കേസിൽ ബുധനാഴ്‌ച മുതിർന്ന അഭിഭാഷകൻ ശ്യാംദിവാൻ വാദങ്ങൾ അവതരിപ്പിക്കും. ഹർജികൾ ജസ്റ്റിസ്‌ എസ്‌ അബ്ദുൾ നസീർ അധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണ്‌ പരിഗണിക്കുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top