29 March Friday

ഹിന്ദുയുവവാഹിനി മതസമ്മേളനം: ഒടുവില്‍ തിരുത്തി ഡൽഹി പൊലീസ്‌

സ്വന്തം ലേഖകൻUpdated: Sunday May 8, 2022

ന്യൂഡൽഹി
ഹിന്ദുയുവവാഹിനി സംഘടിപ്പിച്ച മതസമ്മേളനത്തിൽ വിദ്വേഷപ്രസംഗം നടന്നിട്ടുണ്ടെന്ന്‌ വ്യക്തമാക്കിയും മുൻ നിലപാട്‌ തിരുത്തിയും ഡൽഹി പൊലീസ്‌. സുപ്രീംകോടതിയുടെ രൂക്ഷവിമർശമുണ്ടായതോടെയാണ് പുതിയ സത്യവാങ്‌മൂലം സമർപ്പിച്ചത്‌. വിദ്വേഷപ്രസംഗം നടന്നതിന്റെ തെളിവുകൾ ലഭിച്ചെന്നും അതിന്റെ അടിസ്ഥാനത്തിൽ കേസ്‌ രജിസ്‌റ്റർ ചെയ്‌തെന്നും പൊലീസ്‌ അറിയിച്ചു.

യൂട്യൂബിൽ ലഭ്യമായ പല വീഡിയോകളും പരിശോധിച്ചു. അതിൽ ഒരെണ്ണത്തിൽ വിദ്വേഷപരാമർശങ്ങൾ കണ്ടെത്തി. അതിന്റെ അടിസ്ഥാനത്തിൽ ഓഖ്‌ല ഇൻഡസ്‌ട്രിയൽ ഏരിയ പൊലീസ്‌ സ്‌റ്റേഷനിൽ കേസെടുത്തതായും പൊലീസ്‌ കോടതിയെ അറിയിച്ചു. അന്വേഷണം പുരോഗമിക്കുമെന്നും സത്യവാങ്‌മൂലത്തിൽ ഉറപ്പുനൽകി. മതസമ്മേളനത്തിൽ ഏതെങ്കിലും പ്രത്യേക മതത്തിന്റെ പേര്‌ പറഞ്ഞുള്ള വിദ്വേഷപരാമർശങ്ങൾ ഉണ്ടായിട്ടില്ലെന്നും അതിനാൽ സമ്മേളനത്തിലെ പ്രഭാഷണങ്ങളെ വിദ്വേഷപ്രസംഗങ്ങളുടെ ഗണത്തിൽ ഉൾപ്പെടുത്താൻ കഴിയില്ലെന്നുമുള്ള വിചിത്രനിലപാടാണ്‌ ആദ്യ സത്യവാങ്മൂലത്തില്‍ പൊലീസ്‌ സ്വീകരിച്ചത്‌. പൊലീസ്‌ സത്യവാങ്‌മൂലം പരിശോധിച്ച ജസ്‌റ്റിസ്‌ എ എം ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ച്‌ നിരവധി വിമർശനങ്ങൾ ഉന്നയിച്ചു. സത്യവാങ്‌മൂലം ഏതെങ്കിലും മുതിർന്ന ഉദ്യോഗസ്ഥൻ പരിശോധിച്ചിരുന്നോയെന്നും അവർക്കും ഇതേനിലപാടാണോ ഉള്ളതെന്നും കോടതി ആരാഞ്ഞു.

തുടർന്ന്‌, പുതിയ സത്യവാങ്‌മൂലം സമർപ്പിക്കാൻ സാവകാശം അനുവദിക്കണമെന്ന്‌ അഡീഷണൽ സോളിസിറ്റർ ജനറൽ ആവശ്യപ്പെട്ടു. ഡിസംബറിൽ ഡൽഹിയിൽ സംഘടിപ്പിച്ച മതസമ്മേളനത്തിൽ ന്യൂനപക്ഷവിഭാഗങ്ങൾക്ക്‌ എതിരെ തീവ്രവിദ്വേഷപ്രചാരണമാണുണ്ടായത്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top