04 October Wednesday

ഡൽഹി ഓർഡിനൻസ്‌ ; കേന്ദ്രത്തിന്റെ അട്ടിമറിക്കെതിരെ 
സിപിഐ എം വോട്ടുചെയ്യും : യെച്ചൂരി

സ്വന്തം ലേഖകൻUpdated: Tuesday May 30, 2023

താറാം യെച്ചൂരിയെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ എ കെ ജി ഭവനിലെത്തി കണ്ടപ്പോൾ 
 ഫോട്ടോ: കെ എം വാസുദേവൻ


ന്യൂഡൽഹി
ഡൽഹി സർക്കാരിന്‌ നിർണായക അധികാരങ്ങൾ നൽകിയ സുപ്രീംകോടതി വിധി അട്ടിമറിക്കാൻ കേന്ദ്രസർക്കാർ കൊണ്ടുവന്ന ഓർഡിനൻസിനു പകരമായുള്ള ബില്ലിനെതിരെ പാർലമെന്റിൽ വോട്ടുചെയ്യുമെന്ന്‌ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഡൽഹി മുഖ്യമന്ത്രിയും എഎപി ദേശീയ കൺവീനറുമായ അരവിന്ദ്‌ കെജ്‌രിവാൾ എ കെ ജി ഭവനിലെത്തി നടത്തിയ കൂടിക്കാഴ്‌ചയ്‌ക്കു ശേഷമാണ്‌ പ്രഖ്യാപനം. ഏകാധിപത്യ നീക്കത്തെ പ്രതിരോധിച്ചില്ലെങ്കിൽ കാത്തിരിക്കുന്നത്‌ ഫാസിസ്റ്റ്‌ വാഴ്‌ചയാണെന്ന്‌ യെച്ചൂരി പ്രതികരിച്ചു. ആഭ്യന്തര പ്രശ്‌നങ്ങൾ മാറ്റിവച്ച്‌ ഭരണഘടനാ സംരക്ഷണത്തിന്‌ മുന്നോട്ടുവരാനും ഒരുമിച്ച്‌ നീങ്ങാനും കോൺഗ്രസ്‌ തയ്യാറാകണം. പ്രതിപക്ഷ സർക്കാരുകളെ അസ്ഥിരപ്പെടുത്താൻ ബിജെപി ശ്രമിക്കുകയാണെന്നും യെച്ചൂരി ഓർമിപ്പിച്ചു.

സിപിഐ എം പിന്തുണയ്‌ക്ക്‌ നന്ദി പറഞ്ഞ കെജ്‌രിവാൾ, ഓർഡിനൻസിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന്‌ വ്യക്തമാക്കി. രാജ്യസഭയിൽ ബിജെപിക്ക്‌ ഭൂരിപക്ഷമില്ല. പ്രതിപക്ഷം ഒന്നിച്ചെതിർത്താൽ ബിൽ പരാജയപ്പെടും. കോൺഗ്രസ്‌ നിലപാട്‌ പത്രങ്ങളിൽക്കൂടിയാണ്‌ അറിയുന്നതെന്നും ചോദ്യത്തിന്‌ മറുപടിയായി കെജ്‌രിവാൾ പറഞ്ഞു. കൂടിക്കാഴ്‌ചയിൽ സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗങ്ങളായ പ്രകാശ്‌ കാരാട്ട്‌, എം എ ബേബി, ബൃന്ദ കാരാട്ട്‌, എ വിജയരാഘവൻ, ഡൽഹി വിദ്യാഭ്യാസ മന്ത്രി അതീഷി മർലേന, എംപിമാരായ സജ്ഞയ്‌ സിങ്‌, രാഘവ്‌ ചദ്ദ എന്നിവരും പങ്കെടുത്തു.
ഓർഡിനൻസ്‌ വിഷയത്തിൽ എഎപിയെ പാർലമെന്റിൽ പിന്തുണയ്‌ക്കരുതെന്ന്‌ കോൺഗ്രസ്‌ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയോട്‌ പഞ്ചാബ്‌, ഡൽഹി പിസിസികൾ ആവശ്യപ്പെട്ടിരുന്നു. ഖാർഗെയെയും രാഹുൽ ഗാന്ധിയെയും കാണാൻ കെജ്‌രിവാൾ സമയം തേടി രണ്ടാഴ്‌ച കഴിഞ്ഞിട്ടും ഇതുവരെ മറുപടി കിട്ടിയിട്ടില്ല.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top