26 April Friday

ഡൽഹി ഓർഡിനൻസ്‌: എഎപിക്കെതിരെ കോൺഗ്രസ്‌ ഡൽഹി, പഞ്ചാബ്‌ ഘടകങ്ങൾ

സ്വന്തം ലേഖകൻUpdated: Tuesday May 30, 2023

ന്യൂഡൽഹി> ദേശീയതലത്തിൽ ബിജെപിക്കെതിരെ ഉയർന്നുവരുന്ന പ്രതിപക്ഷ കൂട്ടായ്‌മയ്‌ക്ക്‌ വീണ്ടും തടസ്സം സൃഷ്ടിച്ച്‌ കോൺഗ്രസ്‌. ഡൽഹി ഓർഡിനൻസ്‌ വിഷയത്തിൽ ആംആദ്‌മി പാർടിയെ പാർലമെന്റിൽ പിന്തുണയ്‌ക്കരുതെന്ന്‌ ആവശ്യപ്പെട്ട്‌ പഞ്ചാബിലെയും ഡൽഹിയിലെയും കോൺഗ്രസ്‌ നേതാക്കൾ പ്രസിഡന്റ്‌ മല്ലികാർജുൻ ഖാർഗെയെയും രാഹുൽ ഗാന്ധിയെയും കണ്ടു. ഖാർഗെയെയും രാഹുലിനെയും കാണാൻ ഡൽഹി മുഖ്യമന്ത്രി അരവിന്ദ്‌ കെജ്‌രിവാൾ താൽപ്പര്യം പ്രകടിപ്പിച്ചിരുന്നു. കോൺഗ്രസ്‌ ഇതിനോട്‌ പ്രതികരിച്ചിട്ടില്ല.


ഡൽഹിയിൽ ഉദ്യോഗസ്ഥരെ നിയമിക്കുന്നതിനും സ്ഥലംമാറ്റുന്നതിനുമുള്ള അധികാരം ലെഫ്‌. ഗവർണർക്ക്‌ നൽകിക്കൊണ്ടുള്ള ഓർഡിനൻസിന്‌ പകരമായുള്ള ബിൽ പാർലമെന്റിൽ പരിഗണിക്കുമ്പോൾ എതിർക്കരുതെന്നാണ്‌ പഞ്ചാബ്‌–- ഡൽഹി കോൺഗ്രസ്‌ ഘടകങ്ങൾ ഹൈക്കമാൻഡിനോട്‌ ആവശ്യപ്പെട്ടിരിക്കുന്നത്‌. ഹൈക്കമാൻഡ്‌ വഴങ്ങുമെന്നാണ്‌ സൂചന. ഡൽഹിയിലെ കോൺഗ്രസ്‌ നേതാക്കളായ അജയ്‌ മാക്കൻ, അനിൽ ചൗധുരി, പഞ്ചാബ്‌ നേതാക്കളായ അമരീന്ദർ സിങ്‌ രാജ, നവ്‌ജ്യോത്‌സിങ്‌ സിദ്ദു, ഹരീഷ്‌ ചൗധുരി എന്നിവരാണ്‌ കേന്ദ്രനേതാക്കളെ കണ്ടത്‌.

ബിജെപിയുടെ ബി ടീമാണ്‌ എഎപിയെന്നും പല ഘട്ടങ്ങളിലും കോൺഗ്രസിനെ പിന്തുണയ്‌ക്കാൻ അവർ കൂട്ടാക്കിയിട്ടില്ലെന്നും സംസ്ഥാന നേതാക്കൾ പറഞ്ഞു. ഓർഡിനൻസ്‌ വിഷയത്തിൽ പിന്തുണ തേടി കെജ്‌രിവാൾ ഇതിനോടകം ശരത്‌ പവാർ, നിതീഷ്‌ കുമാർ, മമത ബാനർജി, ഉദ്ധവ്‌ താക്കറെ, തേജസ്വി യാദവ്‌ തുടങ്ങിയവരുമായി കൂടിക്കാഴ്‌ച നടത്തി. ചൊവ്വാഴ്‌ച സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെ കാണുമെന്ന്‌ കെജ്‌രിവാൾ ട്വീറ്റ്‌ ചെയ്‌തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top