24 April Wednesday
അവസാനിച്ചത്‌ 
15 വർഷത്തെ 
തുടർഭരണം ; മോദിക്കും തിരിച്ചടി , കോൺഗ്രസ്‌ തറപറ്റി

ഡൽഹി കോർപറേഷൻ തെരഞ്ഞെടുപ്പ് : ബിജെപി വീണു ; എഎപി 
അധികാരത്തിലേക്ക്‌

പ്രത്യേക ലേഖകൻUpdated: Wednesday Dec 7, 2022

image credit aap twitter


ന്യൂഡൽഹി
ഡൽഹി മുനിസിപ്പൽ കോർപറേഷനിൽ (എംസിഡി) 15 വർഷത്തെ ബിജെപി ഭരണത്തിന്‌ അന്ത്യം. രാജ്യതലസ്ഥാനത്ത്‌ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്രമന്ത്രിമാരും വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും നേരിട്ട്‌ പ്രചാരണം നയിച്ചിട്ടും ബിജെപി രക്ഷപ്പെട്ടില്ല. 250 അംഗ നഗരസഭയിൽ 134 സീറ്റോടെ ആംആദ്‌മി പാർടി (എഎപി) അധികാരം നേടി. ബിജെപിക്ക്‌ 104 സീറ്റ് മാത്രം. മുദ്രാവാക്യമോ നേതൃത്വമോ ഇല്ലാതെ തെരഞ്ഞെടുപ്പിനിറങ്ങിയ കോൺഗ്രസിന്‌ രണ്ടക്കം തികയ്‌ക്കാനായില്ല; ഒമ്പത്‌ സീറ്റിൽ ഒതുങ്ങി. നഗരസഭയിൽ മുമ്പ്‌ ദീർഘകാലം ഭരണത്തിലിരുന്ന കോൺഗ്രസിന്‌ നിലവിൽ ഡൽഹി നിയമസഭയിലും പ്രതിനിധികളില്ല.

അതേസമയം കോൺഗ്രസിന്‌ എഎപിയേക്കാൾ കൂടുതൽ വോട്ടുകൾ കിട്ടിയ ചില ഡിവിഷനുകളിൽ ബിജെപി വിജയിച്ചു.  2020ൽ വർഗീയ കലാപത്തിന്റെ പിടിയിലമർന്ന വടക്കു കിഴക്കൻ ഡൽഹിയിലെ മൂന്ന്‌ ഡിവിഷനുകളിൽ ഇപ്രകാരം ബിജെപിക്ക്‌ ജയിക്കാനായി.  കലാപ സമയത്ത്‌ എഎപി പുലർത്തിയ നിസ്സംഗതയിൽ ന്യുനപക്ഷ വിഭാഗങ്ങൾക്കുള്ള അതൃപ്‌തിയും ഫലത്തെ സ്വാധീനിച്ചു.

നാലിന്‌ നടന്ന വോട്ടെടുപ്പിൽ 1349 സ്ഥാനാർഥികൾ രംഗത്തുണ്ടായിരുന്നു. 2017ലെ തെരഞ്ഞെടുപ്പിൽ ഉത്തരഡൽഹി, ദക്ഷിണ ഡൽഹി,  പൂർവഡൽഹി  നഗരസഭകളിലായി  മൊത്തം 272 വാർഡിൽ ബിജെപിക്ക്‌ 181 അംഗങ്ങളുണ്ടായിരുന്നു. എഎപിക്ക്‌ 48, കോൺഗ്രസിന്‌ 30 അംഗങ്ങളും.   ഡൽഹിയിലെ മൂന്ന്‌ നഗരസഭയെ അശാസ്‌ത്രീയമായി കൂട്ടിച്ചേർത്ത്‌ ഭരണതല അഴിമതിയടക്കമുള്ള വിഷയങ്ങൾ മറികടക്കാൻ ശ്രമിച്ച ബിജെപി, മാസങ്ങളോളം തെരഞ്ഞെടുപ്പ്‌ നീട്ടുകയുംചെയ്‌തിരുന്നു.

24 വർഷമായി ഡൽഹിയിൽ സർക്കാർ രൂപീകരിക്കാൻ കഴിയാത്ത ബിജെപിക്ക്‌ ഡൽഹി നഗരസഭാഭരണം അഭിമാനപ്രശ്‌നമായിരുന്നു. വൻതോതിൽ പണമൊഴുക്കി പ്രചാരണം നടത്തിയിട്ടും ഒന്നര കോടിയോളം വോട്ടർമാരിൽ 50 ശതമാനം മാത്രമാണ്‌ പോളിങ്‌ ബൂത്തിലെത്തിയത്‌. സംശുദ്ധഭരണം, ശുചിത്വനഗരം എന്ന മുദ്രാവാക്യം മുന്നോട്ടുവച്ച്‌ മുഖ്യമന്ത്രി അരവിന്ദ്‌ കെജ്‌രിവാളിന്റെ നേതൃത്വത്തിലാണ്‌ എഎപി തെരഞ്ഞെടുപ്പിനെ നേരിട്ടത്‌. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച്‌ സംസ്ഥാനഭരണം അട്ടിമറിക്കാൻ ശ്രമിക്കുന്നതും എഎപി പ്രചാരണവിഷയമാക്കി.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top