20 April Saturday

എയിംസില്‍ സൈബർ ആക്രമണം ; നാലുകോടി 
പേരുടെ ആരോഗ്യഡാറ്റ ചോർത്തി

റിതിൻ പൗലോസ്‌Updated: Wednesday Nov 30, 2022


ന്യൂഡൽഹി
അജ്ഞാത ഉറവിടത്തിൽനിന്നുള്ള സൈബര്‍ ആക്രമണം നേരിട്ട്‌ ഏഴാം ദിവസവും ഡൽഹി എയിംസ്‌ ആശുപത്രി സെർവറിന്റെ നിയന്ത്രണം തിരിച്ചുപിടിക്കാനായില്ല. നാലുകോടി ആളുകളുടെ ആരോഗ്യഡാറ്റ ചോർന്നെന്ന് സംശയം. അവ വീണ്ടെടുക്കാനും ആയിട്ടില്ല. മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്‌, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്‌ ഷാ, കോൺഗ്രസ്‌ മുൻ അധ്യക്ഷ സോണിയ ഗാന്ധി, മുൻ കേന്ദ്രമന്ത്രിമാർ, മറ്റ്‌ പ്രമുഖ വ്യക്തികൾ എന്നിവരുടെയടക്കം ഡാറ്റ ചോർന്നെന്നാണ്‌ റിപ്പോർട്ട്‌. പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട്‌ കോവിഡ്‌ വാക്‌സിൻ സ്വീകരിച്ചതും എയിംസിൽനിന്നാണ്‌.

ആശുപത്രിയുടെ പരാതിയിൽ സൈബർ ഭീകരവാദകുറ്റം ചുമത്തി ഡൽഹി പൊലീസിന്റെ പ്രത്യേക സെൽ കേസെടുത്തു. സെെബർ ആക്രമണം അവസാനിപ്പിക്കാൻ ഹാക്കർമാർ 200 കോടി രൂപയുടെ ക്രിപ്റ്റോ കറൻസി ആവശ്യപ്പെട്ടതായി റിപ്പോർട്ടുണ്ട്. ഇന്ത്യ കംപ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം, ഇന്റലിജൻസ് ബ്യൂറോ, സിബിഐ, ആഭ്യന്തരമന്ത്രാലയം എന്നിവർ നടത്തുന്ന അന്വേഷണത്തിനൊപ്പം ദേശീയ അന്വേഷണ ഏജൻസിയും രംഗത്തുണ്ട്‌. ഇ–- മെയിൽ വഴി എത്തിയ വൈറസിന്റെ ഉറവിടം വിദേശത്താണെന്നാണ്‌ സംശയം.

ഇ–- ആശുപത്രി സേവനം ഇല്ലാതായതോടെ എല്ലാ സേവനങ്ങളും നേരിട്ടാക്കി. ഡോക്ടർമാർ സ്വന്തം കുറിപ്പടിയിലാണ്‌ മരുന്ന്‌ എഴുതി നൽകുന്നത്‌. ലാബ്‌ റിപ്പോർട്ടുകളും ഡിസ്‌ചാർജ്‌ നടപടികളും പേപ്പർ വഴിയാണ്‌. അതിനായി വൻതോതിൽ പേപ്പര്‍‍ എയിംസിൽ എത്തിച്ചു. ഡ്യൂട്ടിഡോക്ടറെ കാണാൻ മണിക്കൂറുകൾ രോഗികൾ കാത്തുനിൽക്കേണ്ട സ്ഥിതി. കഴിഞ്ഞ ബുധനാഴ്‌ച വൈകിട്ട്‌ ആറോടെയാണ്‌ രോഗികളുടെ ഡാറ്റാ സംവിധാനവും ഒപിഡി രജിസ്ട്രേഷൻ, പരിശോധനകൾ, സ്മാർട്ട് ലാബ്, ബില്ലിങ്‌ എന്നിവ ഉൾപ്പെടെയുള്ളവ ബന്ധിപ്പിച്ചിട്ടുള്ള ഇ–- ആശുപത്രി സെർവറിനുനേരെ ആക്രമണമുണ്ടായത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top