29 March Friday

വധശിക്ഷ : പ്രതിയെ കുറ്റകൃത്യത്തിലേക്ക്‌ നയിച്ച സാഹചര്യം പരിഗണിക്കണം

വെബ് ഡെസ്‌ക്‌Updated: Sunday May 22, 2022

ന്യൂഡൽഹി > വധശിക്ഷ പ്രഖ്യാപിക്കുമ്പോൾ പാലിക്കേണ്ട പ്രായോഗിക മാർഗനിർദേശങ്ങളിൽ, പ്രതിയെ കുറ്റകൃത്യത്തിലേക്ക്‌ നയിച്ച സാഹചര്യം അടിയന്തര സ്വഭാവത്തോടെ പരിഗണിക്കണമെന്ന്‌ സുപ്രീംകോടതി. കുറ്റകൃത്യത്തിന്റെ ക്രൂരതയ്‌ക്കൊപ്പം ഇത്‌ പരിഗണിക്കുന്നത്‌ വിധിപ്രഖ്യാപിക്കുമ്പോഴുള്ള വിചാരണക്കോടതിയുടെ പ്രതികാരബുദ്ധി തടയും. പ്രോസിക്യൂഷനിൽനിന്നും പ്രതിയിൽനിന്നും കോടതി ഒരേപോലെ വിവരംശേഖരിക്കണം.

കോടതിക്ക്‌ മുമ്പാകെ പ്രതിയുടെ മാനസികാരോഗ്യവും മനഃശാസ്‌ത്രവും സംബന്ധിച്ച പരിശോധന റിപ്പോർട്ട്‌ സർക്കാർ നൽകണം. കുറ്റകൃത്യത്തിനുള്ള മാനസികാവസ്ഥ അറിയുന്നതിനൊപ്പം കേസിന്റെ അടിസ്ഥാന രേഖയായും ഇത്‌ പ്രവർത്തിക്കും. പ്രതിയുടെ വയസ്സ്‌, കുട്ടിക്കാലം, നിലവിലെ കുടുംബപശ്ചാത്തലം(ഭാര്യ, മക്കൾ), വിദ്യാഭ്യാസം, ക്രിമിനൽ പശ്ചാത്തലം, സഹോദരങ്ങൾ, പ്രായമായവരെ സംരക്ഷിക്കേണ്ടതുണ്ടോ, ജോലിയുടെ സ്വഭാവം, വരുമാനം, മാനസികാരോഗ്യം തുടങ്ങിയവ നിർബന്ധമായും പരിഗണിക്കണം. ഇത്‌ പ്രതിക്കും ഹാജരാക്കാം.

ജയിൽ റിപ്പോർട്ട്‌ (മാനസിക, മനഃശാസ്‌ത്രവിവരങ്ങളടക്കം) അധികൃതർ നൽകണം. വിധിയും അപ്പീൽ നൽകലും തമ്മിൽ കാര്യമായ കാലതാമസമുണ്ടായാൽ പുതിയ റിപ്പോർട്ട്‌ സമർപ്പിക്കണം.
വധശിക്ഷ വിധിച്ചാലും പരിവർത്തന സാധ്യതയുണ്ടെങ്കിൽ കോടതിക്ക്‌ പ്രതിയെ സംബന്ധിച്ച്‌ കൂടുതൽ വിവരങ്ങളടങ്ങിയ റിപ്പോർട്ട്‌ സാഹചര്യത്തിനനുസരിച്ച്‌ വിളിച്ചുവരുത്തി ശിക്ഷകുറയ്‌ക്കാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top