29 March Friday

തൂക്കിലേറ്റി വധശിക്ഷ നടപ്പാക്കുന്നതിന്‌ പകരം ബദൽമാർഗങ്ങൾ അന്വേഷിക്കണം: സുപ്രീംകോടതി

എം അഖിൽUpdated: Tuesday Mar 21, 2023

ന്യൂഡൽഹി> തൂക്കിലേറ്റി വധശിക്ഷ നടപ്പാക്കുന്നതിന്‌ പകരം വേദന കുറഞ്ഞ ബദൽമാർഗങ്ങൾ അന്വേഷിക്കാൻ കേന്ദ്രസർക്കാരിന്‌ സുപ്രീംകോടതി നിർദേശം. ഈ വിഷയം പരിശോധിക്കാൻ വിദഗ്‌ധസമിതി രൂപീകരിക്കുന്ന കാര്യം സജീവപരിഗണനയിലുണ്ടെന്നും ചീഫ്‌ജസ്‌റ്റിസ്‌ ഡി വൈ ചന്ദ്രചൂഡ്‌ അധ്യക്ഷനായ ബെഞ്ച്‌ അറിയിച്ചു. തൂക്കിലേറ്റി വധശിക്ഷ നടപ്പാക്കുന്ന സമ്പ്രദായം അവസാനിപ്പിക്കണമെന്ന്‌ ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കുന്നതിനിടെയാണ്‌ സുപ്രീംകോടതിയുടെ പ്രധാനനിരീക്ഷണം.

വലിയ വേദനയ്‌ക്കും പീഢകൾക്കും ശേഷമാണ്‌ തൂക്കിലേറ്റപ്പെടുന്ന വ്യക്തി മരിക്കുന്നതെന്ന്‌ ഹർജിക്കാർ ചൂണ്ടിക്കാണിച്ചു. ഈ സാഹചര്യത്തിൽ വൈദ്യുതി കടത്തിവിട്ടോ മാരകവസ്‌തുക്കൾ കുത്തിവെച്ചോ വെടിവെച്ചോ വിഷവാതകം പ്രയോഗിച്ചോ വധശിക്ഷ നടപ്പാക്കണം. മരണസമയത്ത്‌ പോലും വ്യക്തിയുടെ അന്തസ്സ്‌ കാത്തുസൂക്ഷിക്കണം– ഹർജിക്കാരൻ കൂടിയായ അഭിഭാഷകൻ ഋഷി മൽഹോത്ര വാദിച്ചു. മരണവേളയിലും വ്യക്തിയുടെ അന്തസ്സ്‌ കാത്തുസൂക്ഷിക്കണമെന്ന കാര്യത്തിൽ സംശയമില്ലെന്ന്‌ സുപ്രീംകോടതി പ്രതികരിച്ചു. വേദന കുറഞ്ഞ മാർഗം ഉപയോഗിച്ച്‌ വധശിക്ഷ നടപ്പാക്കണമെന്ന കാര്യത്തിലും സംശയമില്ല. എന്നാൽ, എന്ത്‌ ബദൽമാർഗമാണ്‌ ശാസ്‌ത്രം നൽകുന്നതെന്ന കാര്യം സൂക്ഷ്‌മമായി പരിശോധിക്കണം. സർക്കാരിനോട്‌ ഏത്‌ രീതി അവലംബിക്കണമെന്ന്‌ പറയാൻ കോടതിക്ക്‌ കഴിയില്ല.

ഹർജിക്കാരൻ ചൂണ്ടിക്കാണിച്ച മാർഗങ്ങൾ അവലംബിച്ചാലും ചില പ്രശ്‌നങ്ങൾ ബാക്കിയാകുമെന്നും കോടതി പറഞ്ഞു. ഈ വിഷയത്തിൽ കൂടുതൽ വ്യക്തത വരുത്താൻ സഹായിക്കാൻ അറ്റോണിജനറൽ ആർ വെങ്കടരമണിയോട്‌ ചീഫ്‌ജസ്‌റ്റിസ്‌ നിർദേശിച്ചു. തൂക്കിലേറ്റൽ വ്യക്തിയിൽ സൃഷ്ടിക്കുന്ന വേദനയും ആഘാതവും, തൂക്കിലേറ്റിയുള്ള വധശിക്ഷ നടപ്പാക്കാൻ എടുക്കുന്ന സമയം, ശാസ്‌ത്രം മുന്നോട്ടുവെക്കുന്ന ബദൽമാർഗങ്ങൾ– തുടങ്ങിയ വിഷയങ്ങളിൽ  വസ്‌തുതകളും കണക്കുകളും സമർപ്പിക്കാനാണ്‌ ഏജിക്ക്‌ നൽകിയിട്ടുള്ള നിർദേശം.

ഇത്തരം വിഷയങ്ങൾ പരിശോധിക്കാനും ആവശ്യമായ മാർഗനിർദേശങ്ങൾ നൽകാനും വിദഗ്‌ധസമിതി രൂപീകരിക്കുന്ന കാര്യം പരിഗണനയിലുണ്ടെന്നും ചീഫ്‌ജസ്‌റ്റിസ്‌ പറഞ്ഞു. എയിംസിലെ ഡോക്ടർമാർ, നിയമസർവ്വകലാശാലകളിലെ അധ്യാപകർ, ഗവേഷകർ തുടങ്ങിയവരെ സമിതി അംഗങ്ങളാക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മെയ്‌ അവസാനം ഹർജി സുപ്രീംകോടതി വീണ്ടും പരിഗണിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top