16 October Saturday

കുന്നിൻമുകളിൽ വീണ്ടും ചെങ്കൊടി പാറിക്കാന്‍

ഗോപിUpdated: Wednesday Apr 17, 2019

ഡാർജിലിങ്

ബഹുകോണമത്സരം നടക്കുന്ന മലകളുടെ റാണിയായ ഡാർജിലിങ് കുന്നിൻമുകളിൽ വീണ്ടും ചൊങ്കൊടി പാറിക്കാൻ ആവേശകരമായ പ്രചാരണം. ഡാർജിലിങ് ജനതയുടെ സമുന്നത നേതാവായിരുന്ന ആനന്ദ പഥക്കിന്റെ മകനും മുൻ രാജ്യസഭാംഗവുമായ സുമൻ പഥക്കാണ് സിപിഐ എം സ്ഥാനാർഥി. വൻസ്വീകരണമാണ് സുമന് ലഭിക്കുന്നത്. കുന്നിൻപ്രദേശങ്ങളിലെ മൂന്നും സിലിഗുരി ഉൾപ്പെടെ സമതലങ്ങളിലെ നാലും നിയമസഭാ മണ്ഡലം ഉൾപ്പെടുന്നതാണ‌് ഡാർജിലിങ് ലോക്‌സഭാ മണ്ഡലം. നേപ്പാളി വംശജരാണ് ഭൂരിഭാഗവും. വടക്കുകിഴക്കൻ ഇന്ത്യയുടെ പ്രവേശനകവാടം എന്നറിയപ്പെടുന്ന സിലിഗുരി നഗരസഭ ഭരിക്കുന്നത് ഇടതുമുന്നണിയാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ സിലിഗുരി നിയമസഭാ സീറ്റിലും സിപിഐ എം വിജയിച്ചു.

കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന് ശക്തമായ വേരോട്ടമുള്ള ഡാർജിലിങ്ങിൽ ഗൂർഖാ സംസ്ഥാനത്തിനായുള്ള വിഘടനവാദ പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിൽ കമ്യൂണിസ്റ്റുകാർ വേട്ടയാടപ്പെടുകയും ഒറ്റപ്പെടുകയും ചെയ്തു. പ്രത്യേക സംസ്ഥാനത്തിനായി വാദിച്ച ജിഎൻഎഫ്, ജിഎൻഎൽഎഫ്, ജിജെഎംഎം തുടങ്ങിയ ഗൂർഖാ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ അഭിപ്രായവ്യത്യാസവും നേതൃ വടംവലിയും മൂലം ഛിന്നഭിന്നമായി. തൃണമൂലും ബിജെപിയും ഗൂർഖാ ജനവിഭാഗത്തെ പല തട്ടുകളായി വിഭജിച്ച് ഐക്യം തകർത്തു. ഐക്യം സംരക്ഷിച്ചുകൊണ്ട്‌ അവകാശങ്ങൾ നേടിയെടുക്കാനും വിഘടന തീവ്രവാദത്തെ ചെറുക്കാനും നിലകൊണ്ടത് സിപിഐ എം മാത്രമാണെന്ന തിരിച്ചറിവ് ഡാർജിലിങ് മലനിരകളിൽ ഇന്ന്‌ പ്രകടമാണ്‌. അതിനു തെളിവാണ് സിപിഐ എം സ്ഥാനാർഥിയുടെ പ്രചാരണത്തിലും യോഗങ്ങളിലും ദൃശ്യമാകുന്ന ജനക്കൂട്ടം.

42 ഡിഗ്രിയിൽ സമതലം ചുട്ടുപൊള്ളുമ്പോഴും വിനോദസഞ്ചാരികളുടെ പറുദീസയായ
കുന്നിൻപ്രദേശം കുളിരണിയുന്നു. ടൂറിസമാണ് 8800 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഈ പ്രദേശത്തെ പ്രധാന വരുമാനം. തേയില കൃഷിയുമായി ബന്ധപ്പെട്ടാണ്‌ മറ്റൊന്ന‌്. ഇവ രണ്ടും ഇപ്പോൾ തകർച്ചയിലാണ്. പൊന്നുവിളയിപ്പിക്കാമെന്ന വാഗ്ദാനവുമായി മമത ബാനർജി ജിജെഎംഎമ്മിനെ ഭിന്നിപ്പിച്ച് ഹിൽ കൗൺസിലിന്റെ ഭരണം തട്ടിയെടുത്തെങ്കിലും സ്ഥിതിഗതി കൂടുതൽ വഷളായി. അഞ്ചു തവണ ഈ മണ്ഡലത്തെ പ്രതിനിധാനംചെയ‌്ത ബിജെപിയും ഡാർജിലിങ്ങിനെ കൂടുതൽ തകർച്ചയിലേക്കാണ്‌ നയിച്ചത്‌.

കേന്ദ്ര മന്ത്രി എസ് എസ് അലുവാലിയയാണ്  കഴിഞ്ഞതവണ ജിജെഎംഎം പിന്തുണയോടെ ബിജെപി സ്ഥാനാർഥിയായി ജയിച്ചത്. ഇത്തവണ അദ്ദേഹത്തിന് ഇവിടെ കാലുകുത്താൻ കഴിഞ്ഞില്ല. പകരം രാജു ബിസ്തയാണ്‌ ബിജെപി സ്ഥാനാർഥി. അമർസിങ്റായ്- തൃണമൂലിനായും ശങ്കർ മലാക്കർ കോൺഗ്രസ് സ്ഥാനാർഥിയുമാണ്. 

കുന്നിൻപ്രദേശങ്ങളിലെ അശാന്തി, ടൂറിസം–-തേയില വ്യവസായങ്ങളുടെ തകർച്ച എന്നിവയാണ് പ്രധാന തെരഞ്ഞെടുപ്പു വിഷയം. അഞ്ചു വർഷത്തിനിടെ നിരവധി തേയിലത്തോട്ടങ്ങൾ പൂട്ടി. ആയിരങ്ങൾ തൊഴിൽരഹിതരായി. 106 തൊഴിലാളികൾ പട്ടിണിമൂലം മരിച്ചു. ജനങ്ങൾ തമ്മിലുള്ള ഐക്യവും സമഗ്രവികസനവും മുൻനിർത്തിയാണ് ഇടതുമുന്നണിയുടെ പ്രചാരണം. തോട്ടം മേഖലയിൽ വൻ സ്വീകരണമാണ് സിപിഐ എമ്മിന് ലഭിക്കുന്നത്. ജനങ്ങളിൽ ഉണർവ് സൃഷ്ടിച്ച് കുന്നിൻമുകളിൽ വീണ്ടും ചെങ്കൊടി നാട്ടാനുള്ള ശ്രമമാണ് സിപിഐ എം നടത്തുന്നത്. സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, ഇടതുമുന്നണി ചെയർമാൻ ബിമൻ ബസു തുടങ്ങിയ മുതിർന്ന നേതാക്കൾ പ്രചാരണത്തിനെത്തി. വ്യാഴാഴ‌്ചയാണ‌് വോട്ടെടുപ്പ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top