26 April Friday
അപകടകരം: ശിവദാസൻ

അണക്കെട്ടുകളും കേന്ദ്രനിയന്ത്രണത്തിൽ ; ഡാം സുരക്ഷാ ബിൽ രാജ്യസഭ പാസാക്കി

പ്രത്യേക ലേഖകൻUpdated: Friday Dec 3, 2021


ന്യൂഡൽഹി
രാജ്യത്തെ എല്ലാ വലിയ അണക്കെട്ടുകളുടെയും നിയന്ത്രണാധികാരം കേന്ദ്രസർക്കാരിൽ നിക്ഷിപ്‌തമാക്കാൻ വഴിയൊരുക്കുന്ന ഡാം സുരക്ഷാ ബിൽ രാജ്യസഭ പാസാക്കി. ഭരണഘടനാവിരുദ്ധവും സംസ്ഥാനങ്ങളുടെ അധികാരങ്ങളിൽ കടന്നുകയറുന്നതുമായ ബിൽ സെലക്ട്‌ കമ്മിറ്റിക്ക്‌ വിടണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം സർക്കാർ തള്ളി. ഈ ബിൽ ലോക്‌സഭ 2019 ആഗസ്തിൽ പാസാക്കിയിരുന്നു. രാഷ്ട്രപതി ഒപ്പിടുന്നതോടെ നിയമമാകും.

15 മീറ്ററിൽ കൂടുതൽ ഉയരമുള്ള അണക്കെട്ടുകളും ഉയരം 10 മീറ്ററിനും 15നും ഇടയിലാണെങ്കിലും ദശലക്ഷം ക്യുബിക്‌ മീറ്റർ സംഭരണശേഷിയുള്ളതും  
പ്രത്യേക ഘടനയുള്ളതും ബില്ലിന്റെ പരിധിയിൽവരും. അണക്കെട്ടുകളുടെ നിരീക്ഷണം, പരിശോധന, പ്രവർത്തനം, പരിപാലനം എന്നിവയിൽ കേന്ദ്രത്തിന്‌ ഇടപെടാം. ഏതെങ്കിലും സംസ്ഥാനത്തുമാത്രം ഒഴുകുന്ന നദികളിൽ നിർമിച്ചവയും അന്തർസംസ്ഥാന നദികളിലെ അണക്കെട്ടുകളും ബില്ലിന്റെ പരിധിയിലാണ്‌. ദേശീയ ഡാം സുരക്ഷാ അതോറിറ്റി, ദേശീയ ഡാം സുരക്ഷാ കമ്മിറ്റി, സംസ്ഥാന ഡാം സുരക്ഷാ കമ്മിറ്റികൾ എന്നിവ  രൂപീകരിക്കാൻ ബില്ലിൽ വ്യവസ്ഥയുണ്ട്‌.  എന്നാൽ, ഇവയുടെ പ്രധാന പ്രവർത്തന വ്യവസ്ഥകൾ കേന്ദ്രത്തിന്‌ വിജ്ഞാപനം വഴി ഭേദഗതി ചെയ്യാം. ഇതിനായി പാർലമെന്റിൽ ബിൽ പാസാക്കേണ്ടതില്ല. രാജ്യത്ത്‌ 5745 വലിയ അണക്കെട്ടാണുള്ളത്‌. ഇതിൽ 5675 എണ്ണവും നിലവിൽ സംസ്ഥാനങ്ങളുടെ നിയന്ത്രണത്തിലാണ്‌. മഹാരാഷ്ട്രയിലാണ്‌ ഏറ്റവും കൂടുതൽ –-2394.
 

അപകടകരം: ശിവദാസൻ
സംസ്ഥാനങ്ങളുടെ അധികാരം കവരുന്ന ഡാം സുരക്ഷാ ബിൽ അപകടകരമെന്ന്‌ ഡോ. വി ശിവദാസൻ എംപി പറഞ്ഞു. രാജ്യത്തെ 5700ൽപ്പരം അണക്കെട്ടിന്റെയും നിയന്ത്രണം കൈയടക്കാനാണ്‌ കേന്ദ്രനീക്കം. അസാധാരണ ഘടനയുള്ള ഏത്‌ അണക്കെട്ടും കേന്ദ്രത്തിന്‌ ഏറ്റെടുക്കാമെന്നാണ്‌ വ്യവസ്ഥ. രാജ്യത്തെ ഓരോ അണക്കെട്ടും വ്യത്യസ്‌ത രീതിയിൽ നിർമിച്ചതാണ്‌. ഏതു വേണമെങ്കിലും അസാധാരണമായി പ്രഖ്യാപിച്ച്‌ ഏറ്റെടുക്കാം.   

ഈ ബിൽ വിഭാവനം ചെയ്യുന്ന സംവിധാനങ്ങളിൽ കേന്ദ്രസർക്കാർ നാമനിർദേശം ചെയ്യുന്നവരാണ്‌ വരിക. സംസ്ഥാനങ്ങളുടെ പ്രാതിനിധ്യം നാമമാത്രമാകും. വിജ്ഞാപനം വഴി നിയമവ്യവസ്ഥകൾ മാറ്റാൻ കേന്ദ്രത്തിന്‌ അധികാരം നൽകുന്നത്‌ അപകടകരമാണ്‌. പാർലമെന്റിനെ മറികടക്കാനുള്ള മാർഗമാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ദക്ഷിണേന്ത്യൻ ഭാഷകളിലെ കവിതാശകലങ്ങളും ദേശീയോദ്‌ഗ്രഥന ആഹ്വാനങ്ങളും ഉൾപ്പെടുത്തിയുള്ള ശിവദാസന്റെ രാജ്യസഭയിലെ കന്നിപ്രസംഗം അംഗങ്ങളുടെ പൊതുവായ അഭിനന്ദനത്തിനു വഴിയൊരുക്കി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top