26 April Friday

കോവിഡ് അതിജീവിച്ച് ക്യൂബ ; കുട്ടികൾക്കും വാക്‌സിൻ

വെബ് ഡെസ്‌ക്‌Updated: Wednesday Nov 17, 2021

ഡൽഹി സുർജിത്‌ ഭവനിൽ സംഘടിപ്പിച്ച ഫിദൽ കാസ്‌ട്രോ അനുസ്മരണത്തിൽ സിപിഐ എം ജനറൽ സെക്രട്ടറി
സീതാറാം യെച്ചൂരി സംസാരിക്കുന്നു


ന്യൂഡൽഹി
കോവിഡ്‌ മഹാമാരിക്കാലത്ത്‌ ഉപരോധ നടപടി ശക്തിപ്പെടുത്തി സോഷ്യലിസ്റ്റ്‌ ഭരണകൂടത്തെ അട്ടിമറിക്കാനുള്ള അമേരിക്കൻശ്രമത്തെ ക്യൂബൻ ജനത ചെറുത്തുതോൽപ്പിച്ചതായി ഇന്ത്യയിലെ ക്യൂബൻ എംബസി ചാർജ്‌ ഡി അഫയേഴ്‌സ്‌ ക്വാൻ കാർലോസ്‌. കോവിഡ്‌  മറികടന്ന്‌ തിരിച്ചുവരവിന്റെ പാതയിലാണ്‌ ക്യൂബൻ സമ്പദ്‌വ്യവസ്ഥയെന്നും ഫിദൽ കാസ്‌ട്രോയുടെ അഞ്ചാം ചരമവാർഷികം മുൻനിർത്തി സുർജിത്‌ ഭവനിൽ ക്യൂബൻ ഐക്യദാർഢ്യ സമിതിയും അഖിലേന്ത്യാ സമാധാന–- ഐക്യദാർഢ്യ സംഘടനയും സംഘടിപ്പിച്ച ചടങ്ങിൽ കാർലോസ്‌ അറിയിച്ചു.

ട്രംപ്‌ ഭരണകൂടത്തിന്റെ അതേ നയംതന്നെയാണ്‌ ബൈഡൻ ഭരണകൂടവും ക്യൂബയ്‌ക്കെതിരെ സ്വീകരിക്കുന്നത്‌. മഹാമാരിക്കാലത്ത്‌ 143 പുതിയ ഉപരോധ നടപടി സ്വീകരിച്ചു. സ്വന്തം നിലയിൽ ക്യൂബ മരുന്നും അഞ്ച്‌ വാക്‌സിനും വികസിപ്പിച്ചു. 80 ശതമാനം ജനങ്ങൾക്കും രണ്ടു ഡോസ്‌ നൽകി. മൂന്നാം ഡോസ്‌ പരിഗണനയിലാണ്‌. രണ്ടു വയസ്സിനു മുകളിൽ പ്രായമുള്ള കുട്ടികൾക്കും വാക്‌സിൻ നൽകുന്നു. –- കാർലോസ്‌ പറഞ്ഞു.

ഇന്ത്യൻ ജനത എക്കാലവും ക്യൂബയ്‌ക്കൊപ്പം നിലയുറപ്പിക്കുമെന്ന്‌ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. സിപിഐ ജനറൽ സെക്രട്ടറി ഡി രാജ, ഐക്യദാർഢ്യ സമിതി ഭാരവാഹികളായ ആർ അരുൺകുമാർ, നീലോൽപ്പൽ ബസു, ജി ദേവരാജൻ എന്നിവരും സംസാരിച്ചു. സിപിഐ എം പിബി അംഗം എം എ ബേബി സന്നിഹിതനായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top