09 December Saturday
അദാനി ഓഹരിത്തട്ടിപ്പ്‌: ഗൗരവത്തിലുള്ള അന്വേഷണം വേണം

‘ഇന്ത്യ’ കൂട്ടായ്‌മ ശക്തിപ്പെടുത്തും , കേന്ദ്ര– സംസ്ഥാന ഭരണങ്ങളിൽനിന്ന്‌ 
ബിജെപിയെ പുറത്താക്കണം : സിപിഐ എം

വെബ് ഡെസ്‌ക്‌Updated: Sunday Sep 17, 2023


ന്യൂഡൽഹി
ബിജെപിയെ അധികാരത്തിൽനിന്ന്‌ പുറത്താക്കുകയെന്ന ലക്ഷ്യത്തോടെ രൂപപ്പെട്ട ‘ഇന്ത്യ’ പ്രതിപക്ഷ കൂട്ടായ്‌മയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും വിപുലീകരിക്കുന്നതിനുമായി പ്രവർത്തിക്കാൻ സിപിഐ എം പൊളിറ്റ്‌ബ്യൂറോ തീരുമാനിച്ചു. ഇന്ത്യൻ റിപ്പബ്ലിക്കിന്റെ മതനിരപേക്ഷ–- ജനാധിപത്യ ഘടനയും ഭരണഘടനയും ജനാധിപത്യവും ജനങ്ങളുടെ മൗലികാവകാശങ്ങളും പൗരസ്വാതന്ത്ര്യവും സംരക്ഷിക്കുന്നതിനുള്ള ശ്രമങ്ങൾക്ക്‌ കരുത്തേകുന്നതിനാണ്‌ ഈ പ്രവർത്തനം. മതനിരപേക്ഷ–- ജനാധിപത്യ ഘടന സംരക്ഷിക്കുന്നതിനായി കേന്ദ്ര–- സംസ്ഥാന ഭരണങ്ങളിൽനിന്ന്‌ ബിജെപിയെ പുറത്താക്കേണ്ടതുണ്ട്‌. ഇതിനായുള്ള ശ്രമം ശക്തിപ്പെടുത്താനും പിബി തീരുമാനിച്ചു. പൊതുയോഗങ്ങൾ സംഘടിപ്പിക്കാനും വരുന്ന തെരഞ്ഞെടുപ്പുകളിൽ ബിജെപിയെ തോൽപ്പിക്കുന്നതിനായി ജനങ്ങളെ അണിനിരത്താനും ഇന്ത്യ കൂട്ടായ്‌മ യോഗങ്ങളിൽ സിപിഐ എം സ്വീകരിച്ച നിലപാടിന്‌ പിബി യോഗം അംഗീകാരം നൽകി. വിവിധ ജനകീയ പ്രക്ഷോഭങ്ങളുടെ ഭാഗമായുള്ള നിർണായക വിഭാഗത്തെക്കൂടി ആകർഷിക്കാനാകണം. കൂട്ടായ്‌മയിലെ എല്ലാ തീരുമാനങ്ങളും  പാർടികളുടെ നേതാക്കളാകും എടുക്കുക. ഇതിന്‌  തടസ്സമാകുന്ന സംഘടനാ സംവിധാനങ്ങളുണ്ടാകരുതെന്നും  പിബി നിർദേശിച്ചു.

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്‌ ഇരട്ട ആക്രമണം
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്‌ ആശയത്തെ ശക്തമായി എതിർക്കും. പാർലമെന്ററി ജനാധിപത്യത്തിനും ഭരണഘടന വിഭാവനം ചെയ്യുന്ന ഫെഡറലിസത്തിനും നേരെയുള്ള ഇരട്ട ആക്രമണമാണിത്.  തെരഞ്ഞെടുപ്പ്‌ എങ്ങനെ ഒന്നിച്ച്‌ നടത്താമെന്ന്‌ നിർദേശിക്കുന്നതിനായി മുൻ രാഷ്ട്രപതി രാംനാഥ്‌ കോവിന്ദിന്റെ നേതൃത്വത്തിൽ എട്ടംഗ സമിതിക്ക്‌ സർക്കാർ രൂപം നൽകിയിട്ടുണ്ട്‌. ഇതിനായി ഭരണഘടനാ ഭേദഗതി വേണ്ടിവരും.  പുറമെ  നിരവധി സംസ്ഥാന നിയമസഭകളുടെ കാലാവധി നീട്ടുകയോ ചുരുക്കുകയോ വേണ്ടിവരും. ഒരു സർക്കാരിന്‌ സഭയിൽ ഭൂരിപക്ഷം നഷ്ടമായാലും ഭരണത്തിൽ തുടരാനാകുന്ന സാഹചര്യമുണ്ടാകുന്നത്‌ നിയമവിരുദ്ധമാണ്‌. ജനങ്ങൾക്ക്‌ സ്വന്തം സർക്കാരിനെ തെരഞ്ഞെടുക്കാനുള്ള അവകാശം നിഷേധിച്ച്‌ കേന്ദ്രഭരണം അടിച്ചേൽപ്പിക്കുന്നത്‌ ജനാധിപത്യവിരുദ്ധവുമാണ്‌–- പിബി ചൂണ്ടിക്കാട്ടി. 

ത്രിപുരയിലെ ജനാധിപത്യക്കശാപ്പ്‌ അപലപനീയം
ത്രിപുരയിലെ രണ്ട്‌ നിയമസഭാ മണ്ഡലത്തിലേക്ക്‌ അഞ്ചിനു നടന്ന ഉപതെരഞ്ഞെടുപ്പിലെ പൂർണമായ അട്ടിമറിയെ സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അപലപിച്ചു. സർക്കാരിന്റെയും മറ്റു നിയമപാലന ഏജൻസികളുടെയും നേരിട്ടുള്ള മേൽനോട്ടത്തിൽ അസാധാരണമായ ഭീകരാന്തരീക്ഷമാണ്‌ സൃഷ്ടിക്കപ്പെട്ടത്‌. ബിജെപി നടത്തുന്ന ജനാധിപത്യക്കശാപ്പിനെ പിബി അപലപിച്ചു.

ജി20 ഉച്ചകോടിയെ തുടർന്ന്‌ ‘ഗ്ലോബൽ സൗത്തി’ന്റെ നേതാവായാണ്‌ മോദി സർക്കാർ സ്വയം അവകാശപ്പെടുന്നത്‌. എന്നിട്ടും ക്യൂബയിലെ ഹവാനയിൽ ചേർന്ന ജി -77 ഉച്ചകോടിയിൽനിന്ന്‌ വിദേശമന്ത്രി വിട്ടുനിന്നു. ഹവാന ഉച്ചകോടിയിൽ പങ്കെടുക്കുമെന്ന്‌ പ്രഖ്യാപിച്ചശേഷമാണ്‌ പിൻവാങ്ങൽ. അമേരിക്കയുടെ കീഴ്‌സഖ്യമായി പ്രവർത്തിക്കുന്ന മോദി സർക്കാർ ‘ഗ്ലോബൽ സൗത്തി’ന്റെ ഏറ്റവും വലിയ കൂട്ടായ്‌മയായ ജി -77 ലേക്ക്‌ മന്ത്രിയെ അയക്കേണ്ടതില്ലെന്ന്‌ സ്വയം തീരുമാനിക്കുകയായിരുന്നു.

ജമ്മു–-കശ്‌മീരിലെ അനന്ത്‌നാഗിൽ ഭീകരർ കൊലപ്പെടുത്തിയ കേണൽ മൻപ്രീത്‌ സിങ്‌, മേജർ ആഷിഷ്‌ ധോഞ്ചക്‌, ഡിവൈഎസ്‌പി ഹുമയൂൺ മുസാമിൽ ഭട്ട്‌ എന്നിവരുടെ ധീരതയെയും ത്യാഗത്തെയും പിബി അഭിവാദ്യം ചെയ്‌തു. അടുത്ത കേന്ദ്ര കമ്മിറ്റി യോഗം ഒക്‌ടോബർ 27 മുതൽ 29 വരെ ചേരും.

അദാനി ഓഹരിത്തട്ടിപ്പ്‌: ഗൗരവത്തിലുള്ള അന്വേഷണം വേണം
അദാനി ഗ്രൂപ്പ്‌ കമ്പനികളുടെ ഓഹരി വിലകളിൽ തിരിമറി നടത്തിയതിന്റെ പുതിയ തെളിവുകളെക്കുറിച്ച്‌ ഗൗരവത്തിലുള്ള അന്വേഷണം വേണമെന്ന്‌ സിപിഐ എം പൊളിറ്റ്‌ബ്യൂറോ ആവശ്യപ്പെട്ടു. ഒളിച്ചുകളി നടക്കുന്നില്ലെന്ന്‌ സുപ്രീംകോടതി ഉറപ്പുവരുത്തണം. ബർമുഡയിലെ ഒരു നിക്ഷേപ നിധി ഉപയോഗപ്പെടുത്തിയും വ്യാജ കമ്പനികളിലൂടെയും അദാനി ഗ്രൂപ്പ്‌ കമ്പനികളുടെ ദശലക്ഷക്കണക്കിന്‌ ഡോളറുകളുടെ ഓഹരി വിനോദ്‌ അദാനിയുടെ രണ്ട്‌ അടുപ്പക്കാർ എങ്ങനെ വാങ്ങിക്കൂട്ടിയെന്ന വെളിപ്പെടുത്തലാണ്‌ പുറത്തുവന്നത്‌. ഓർഗനൈസ്‌ഡ്‌ ക്രൈം ആൻഡ്‌ കറപ്‌ഷൻ റിപ്പോർട്ടിങ്‌ പ്രോജക്ടിൽനിന്ന്‌ ലഭിച്ച വിവരങ്ങൾ പ്രകാരം ‘ദ ഫിനാൻഷ്യൽ ടൈംസും’ ‘ ദ ഗാർഡിയ’നുമാണ്‌ അദാനി ഗ്രൂപ്പിനെതിരായ വാർത്തകൾ പുറത്തുവിട്ടത്‌. നിലവിലെ വിപണി നിയന്ത്രണ സംവിധാനങ്ങളുടെ പൂർണമായ ലംഘനമാണ്‌ അദാനി ഗ്രൂപ്പ്‌ നടത്തിയിട്ടുള്ളത്‌. അദാനി കമ്പനികളിലേക്ക്‌ വിദേശത്തുനിന്നുള്ള ഫണ്ടൊഴുക്കിനെക്കുറിച്ച്‌ 2014ൽ സെബി നടത്തിയ അന്വേഷണം പിന്നീട്‌ അവസാനിപ്പിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
-----
-----
 Top