30 November Thursday
സെപ്‌തംബർ 14–24

കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ രാജ്യവ്യാപക പ്രതിഷേധം: യെച്ചൂരി

പ്രത്യേക ലേഖകൻUpdated: Monday Aug 1, 2022


ന്യൂഡൽഹി
ബിജെപി സർക്കാർ രാജ്യത്തെ ജനങ്ങളുടെ ജീവിതത്തിനുമേൽ നടത്തുന്ന കടന്നാക്രമണങ്ങളിൽ പ്രതിഷേധിച്ച്‌ സെപ്‌തംബർ 14 മുതൽ 24വരെ പ്രക്ഷോഭ പ്രചാരണ പരിപാടികൾ സംഘടിപ്പിക്കാൻ രണ്ട്‌ ദിവസമായി ചേർന്ന സിപിഐ എം കേന്ദ്രകമ്മിറ്റിയോഗം തീരുമാനിച്ചു. പ്രക്ഷോഭപദ്ധതി അതത്‌ സംസ്ഥാനകമ്മിറ്റി ആസൂത്രണം ചെയ്യുമെന്ന്‌ യോഗതീരുമാനങ്ങൾ വിശദീകരിച്ച്‌ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലും കേന്ദ്രീകൃത പൊതുയോഗത്തോടെ സമാപനമാകും.

ജിഎസ്‌ടി നിരക്കുകളിലെ വർധനയും പെട്രോളിയം ഉൽപ്പന്നങ്ങൾക്കുമേലുള്ള അധിക തീരുവകളും ഉടൻ പിൻവലിക്കണമെന്ന്‌ കേന്ദ്രകമ്മിറ്റിയോഗം ആവശ്യപ്പെട്ടു. ജനങ്ങളെ പിഴിയുന്നതിനുപകരം അതിസമ്പന്നർക്ക്‌ നികുതി ചുമത്തണം. ഉപഭോക്‌തൃ വിലസൂചികയും മൊത്തവ്യാപാര വിലസൂചികയും റെക്കോഡ്‌ ഉയരത്തിലാണ്‌. ആഭ്യന്തരവിപണിയിലെ ഇടിവ്‌ ഉൽപ്പാദനമേഖലകളെ കൂടുതൽ മാന്ദ്യത്തിലേക്ക്‌ കൊണ്ടുപോകുന്നു. 20–-24 പ്രായപരിധിയിലുള്ളവരിൽ തൊഴിലില്ലായ്‌മ 42 ശതമാനമാണ്‌. 90 കോടി വരുന്ന തൊഴിലെടുക്കാൻ ശേഷിയുള്ളവരിൽ 61.2 ശതമാനവും ജോലി അന്വേഷണം അവസാനിപ്പിച്ചു. കേന്ദ്രസർവീസിൽ 10 ലക്ഷം തസ്‌തിക ഒഴിഞ്ഞുകിടക്കുകയാണ്‌. അപേക്ഷിച്ചവരിൽ 0.33 ശതമാനം പേർക്ക്‌ മാത്രമാണ്‌ മോദിസർക്കാർ ജോലി നൽകിയത്‌. ഒഴിവുകൾ നികത്തണം. ദേശീയഗ്രാമീണ തൊഴിലുറപ്പ്‌പദ്ധതിക്ക്‌ കൂടുതൽ വിഹിതം അനുവദിക്കണം.

ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാനസർക്കാരുകളെ അസ്ഥിരപ്പെടുത്താനും പ്രതിപക്ഷനേതാക്കളെ വേട്ടയാടാനും ഇഡിയെയും സിബിഐയെയും രാഷ്‌ട്രീയആയുധമായി ഉപയോഗിക്കുന്നത്‌ കൂടിവരികയാണ്‌. ജനകീയവിഷയങ്ങൾ പാർലമെന്റിൽ ചർച്ചചെയ്യാൻ സർക്കാർ തയ്യാറല്ല. ഇതിൽ പ്രതിഷേധിച്ച 27 എംപിമാരെ സസ്‌പെൻഡ്‌ ചെയ്‌തു. ചരിത്രത്തിൽ ആദ്യമായാണ്‌ ഇത്രയും എംപിമാരെ ഏതെങ്കിലും സമ്മേളനകാലത്ത്‌ സസ്‌പെൻഡ്‌ ചെയ്യുന്നത്‌.വിദ്വേഷപ്രസംഗങ്ങൾക്ക്‌ മോദിസർക്കാർ പ്രോത്സാഹനം നൽകുകയാണെന്ന്‌ ഇത്തരം പ്രസംഗങ്ങൾ തുറന്നുകാട്ടിയ മുഹമ്മദ്‌ സുബൈറിന്റെ അറസ്‌റ്റിൽനിന്ന്‌ വ്യക്തമാക്കുന്നു. ഭീമ കൊറേഗാവ്‌ കേസിന്റെ പേരിൽ അറസ്‌റ്റ്‌ ചെയ്‌തവരെയും ടീസ്‌ത സെതൽവാദ്‌, ആർ ബി ശ്രീകുമാർ എന്നിവരെയും മോചിപ്പിക്കണമെന്നും സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു.

സ്വാതന്ത്ര്യത്തിന്റെ 75–-ാം വാർഷികം ആഘോഷിക്കുക: സിപിഐ എം
സ്വാതന്ത്ര്യത്തിന്റെ 75–-ാം വാർഷികം ആഗസ്‌ത്‌ ഒന്നുമുതൽ 15 വരെ വിപുലമായി ആഘോഷിക്കാൻ സിപിഐ എം കേന്ദ്രകമ്മിറ്റിയോഗം ആഹ്വാനം ചെയ്‌തു. 15ന്‌ പാർടിയുടെ എല്ലാ ഓഫീസിലും ദേശീയപതാക ഉയർത്തി, ഭരണഘടനയുടെ ആമുഖം വായിച്ച്‌ പ്രതിജ്ഞയെടുക്കും. സ്വാതന്ത്ര്യസമരത്തിൽ കമ്യൂണിസ്‌റ്റുകാർ വഹിച്ച മഹത്തരമായ പങ്കും  ജനാധിപത്യം, ജനാധിപത്യഅവകാശങ്ങൾ, പൗരസ്വാതന്ത്ര്യം, ഇന്ത്യയുടെ മതനിരപേക്ഷ, ജനാധിപത്യ ഭരണഘടനാ മൂല്യങ്ങൾ എന്നിവ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യവും പരിപാടിയിൽ ഉയർത്തിക്കാട്ടും.

ഇത്രയുംനാൾ ദേശീയപതാകയെ അംഗീകരിക്കാൻ തയ്യാറാകാതിരുന്ന ബിജെപി ഇപ്പോൾ ദേശീയപതാകയുടെ പ്രചാരകരായി രംഗത്തുവരികയാണെന്നും യോഗതീരുമാനങ്ങൾ വിശദീകരിച്ച്‌ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top