26 April Friday

സിപിഐ എം കേന്ദ്രകമ്മിറ്റി ചർച്ചയുടെ പേരിൽ വ്യാജവാർത്തകൾ

സ്വന്തം ലേഖകൻUpdated: Sunday Oct 24, 2021

ന്യൂഡൽഹി > സിപിഐ എം കേന്ദ്രകമ്മിറ്റി യോഗത്തിലെ ചർച്ചകളെക്കുറിച്ച്‌ മാധ്യമങ്ങളുടെ വ്യാജപ്രചാരണം. പൊളിറ്റ്‌ബ്യൂറോ യോഗം തയ്യാറാക്കിയ റിപ്പോർട്ടിനു വിരുദ്ധമായി കേന്ദ്രകമ്മിറ്റി യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിച്ചുവെന്നൊക്കെയാണ്‌ ഒരു വിഭാഗം മാധ്യമങ്ങൾ രണ്ട്‌ ദിവസമായി വാർത്തകൾ നൽകുന്നത്‌. പൊളിറ്റ്‌ബ്യൂറോ അംഗങ്ങൾ കേന്ദ്രകമ്മിറ്റി യോഗത്തിലെ ചർച്ചകളിൽ പങ്കെടുക്കാറില്ലെന്ന സംഘടന രീതി പോലും ഈ മാധ്യമങ്ങൾ വാർത്തകളിൽ മറച്ചുവച്ചു.

ഇരുപത്തിമൂന്നാം പാർടി കോൺഗ്രസിൽ അവതരിപ്പിക്കാനുള്ള കരട്‌ രാഷ്ട്രീയപ്രമേയത്തിന്റെ, പൊളിറ്റ്‌ബ്യൂറോ ചർച്ചചെയ്‌ത്‌ തയ്യാറാക്കിയ രൂപരേഖയാണ്‌  വെള്ളിയാഴ്‌ച മുതൽ നടന്നുവന്ന കേന്ദ്രകമ്മിറ്റി യോഗത്തിനു മുന്നിൽ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വിശദീകരിച്ചത്‌. യെച്ചൂരി സംസാരിച്ചശേഷം പിണറായി വിജയൻ പിബി യോഗറിപ്പോർട്ടിനു വിരുദ്ധമായി വാദമുഖങ്ങൾ ഉന്നയിച്ചുവെന്നാണ്‌ മാതൃഭൂമി, ദ ഹിന്ദു അടക്കമുള്ള മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നത്‌. പിണറായി വിജയൻ  കേന്ദ്രകമ്മിറ്റി യോഗത്തിൽ ഒരുവിധ അഭിപ്രായപ്രകടനവും നടത്തിയിട്ടില്ലെന്ന്‌ പൊളിറ്റ്‌ബ്യൂറോ അംഗം എ എ ബേബി പറഞ്ഞു.

പൊളിറ്റ്‌ബ്യൂറോ യോഗ റിപ്പോർട്ടിനു വിരുദ്ധമായി പിബി അംഗങ്ങൾ കേന്ദ്രകമ്മിറ്റി യോഗത്തിൽ സാധാരണ സംസാരിക്കാറില്ലെന്ന്‌ ‘മാതൃഭൂമി’ വാർത്തയിൽ പറയുന്നുണ്ട്‌. എന്നാൽ ജനറൽ സെക്രട്ടറി റിപ്പോർട്ട്‌ അവതരിപ്പിച്ചുകഴിഞ്ഞാൽ അതിനെ അനുകൂലിക്കാനാണെങ്കിലും പിബി അംഗങ്ങൾ കേന്ദ്രകമ്മിറ്റി യോഗത്തിൽ സംസാരിക്കേണ്ടതില്ല. പൊളിറ്റ്‌ബ്യൂറോയുടെ റിപ്പോർട്ട്‌ എന്നാൽ അംഗങ്ങളുടെ മൊത്തത്തിലുള്ള തീരുമാനമായി വരുന്നതാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top