25 April Thursday
ബിജെപി വിരുദ്ധ വോട്ടുകൾ ഏകോപിപ്പിക്കും

ബിജെപിയെ തോൽപ്പിക്കാൻ പ്രാദേശികസഖ്യം ; സ്വതന്ത്ര തെരഞ്ഞെടുപ്പ്‌ ഉറപ്പാക്കണം

പ്രത്യേക ലേഖകൻUpdated: Monday Jan 10, 2022

ഹെെദരാബാദിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി സിസി യോഗതീരുമാനം വിശദീകരിക്കുന്നു. തെലങ്കാന സംസ്ഥാന സെക്രട്ടറി തമ്മനേനി വീരഭദ്രം സമീപം


ഹൈദരാബാദ്‌
ബിജെപിയെ പരാജയപ്പെടുത്തുകയെന്ന പ്രാഥമികലക്ഷ്യത്തിന്റെ അടിസ്ഥാനത്തിൽ അഞ്ചു സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഐ എം അടവുനയം സ്വീകരിക്കുമെന്ന്‌ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. മൂന്നു ദിവസമായി ഹൈദരാബാദ്‌ സുന്ദരയ്യ വിജ്ഞാൻ കേന്ദ്രത്തിൽ ചേർന്ന പാർടി കേന്ദ്ര കമ്മിറ്റിയുടെ തീരുമാനങ്ങൾ വാർത്താസമ്മേളനത്തിൽ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.

ഓരോ സംസ്ഥാനത്തെയും സാഹചര്യത്തിന്റെ അടിസ്ഥാനത്തിൽ നയം രൂപീകരിക്കും. ബിജെപി വിരുദ്ധ വോട്ടുകൾ ഏകോപിപ്പിക്കും. ഉത്തർപ്രദേശിൽ ബിജെപിയുടെ മുഖ്യ എതിരാളിയായ സമാജ്‌വാദി പാർടിയെ പിന്തുണയ്‌ക്കും.

ദേശീയതലത്തിൽ ബിജെപിയെ തോൽപ്പിക്കാൻ കോൺഗ്രസിനെ പിന്തുണയ്‌ക്കണമെന്ന വാദത്തിൽ കഴമ്പില്ല. ബിജെപി–-കോൺഗ്രസ്‌ മത്സരം എന്ന നിലയിൽ കാണരുത്‌. പ്രാദേശികസഖ്യമാണ്‌ ഫലപ്രദം. ഉത്തർപ്രദേശിൽ സമാജ്‌വാദി പാർടിയാണ്‌ പ്രധാനകക്ഷി. ബിഹാറിൽ ബിജെപിയുടെ എതിരാളി ആർജെഡിയാണ്‌. മഹാരാഷ്ട്രയിൽ എൻസിപി–- ശിവസേന–- കോൺഗ്രസ്‌ സഖ്യമുണ്ട്‌. തമിഴ്‌നാട്ടിലും അസമിലും ബിജെപിക്കെതിരായ മഹാസഖ്യത്തിൽ സിപിഐ എം ചേർന്നിട്ടുണ്ട്‌. പഞ്ചാബിൽ നിലപാട്‌ ഉടൻ തീരുമാനിക്കും.

ജനങ്ങളുടെ താൽപ്പര്യം സംരക്ഷിക്കാനാണ്‌ സിപിഐ എം നിലകൊള്ളുന്നത്‌. തെരഞ്ഞെടുപ്പിനുമുമ്പുള്ള സഖ്യം ദേശീയതലത്തിൽ പ്രായോഗികമല്ല. തെരഞ്ഞെടുപ്പിനുശേഷമാണ്‌ സഖ്യം രൂപീകരിക്കുക. നിയമസഭാ തെരഞ്ഞെടുപ്പ്‌ നടക്കുന്ന സംസ്ഥാനങ്ങളിൽ ബിജെപിക്കെതിരെ ജനവികാരം ശക്തമാണ്‌. ഇതു മനസ്സിലാക്കി വർഗീയത ഇളക്കിവിടാൻ ബിജെപി ശ്രമിക്കുന്നു. ഹരിദ്വാറിലെ ഹിന്ദു പാർലമെന്റിൽ ഉയർന്ന ആഹ്വാനം ആഭ്യന്തരയുദ്ധത്തിനുള്ള പ്രേരണയാണ്‌. വിഷയത്തിൽ സുപ്രീംകോടതി സ്വമേധയ കേസെടുക്കണം.

തെരഞ്ഞെടുപ്പ്‌ കമീഷൻ സ്വതന്ത്രവും നിഷ്‌പക്ഷവുമായ തെരഞ്ഞെടുപ്പ്‌ ഉറപ്പാക്കണം. തെരഞ്ഞെടുപ്പ്‌ പ്രചാരണരംഗം നീതിപൂർവമാക്കണം. ബിജെപിയിതര കക്ഷികളുടെ അവകാശം ഹനിക്കുന്നതിനെതിരെ ജാഗ്രത പാലിക്കണം. വോട്ടർമാരെ ഭീഷണിപ്പെടുത്തുന്നത്‌ തടയണം.

ആയിരക്കണക്കിനു കോടിയുടെ ഇലക്ടറൽ ബോണ്ടുകൾ ഇറക്കാൻ  കേന്ദ്രസർക്കാർ എസ്‌ബിഐക്ക്‌ വീണ്ടും അനുമതി നൽകി. ഇതിൽ 80 ശതമാനവും ബിജെപിക്കാണ്‌ ലഭിക്കുക. അതിസമ്പന്നർക്ക്‌ നികുതി ചുമത്തി ജനക്ഷേമ പ്രവർത്തനങ്ങൾക്ക്‌ പണം കണ്ടെത്താൻ കേന്ദ്രം തയ്യാറല്ലെന്നും -യെച്ചൂരി പറഞ്ഞു.

പാർടി കോൺഗ്രസ്‌ 
ഏപ്രിൽ 6-–10  ; കരട്‌  രാഷ്‌ട്രീയപ്രമേയം അംഗീകരിച്ചു
സിപിഐ എം 23–-ാം പാർടി കോൺഗ്രസ്‌ ഏപ്രിൽ ആറ്‌ മുതൽ 10വരെ കണ്ണൂരിൽ നടക്കും. ഹൈദരാബാദിൽ ചേർന്ന കേന്ദ്രകമ്മിറ്റി യോഗമാണ്‌ ഇക്കാര്യം തീരുമാനിച്ചത്‌. പാർടി കോൺഗ്രസിൽ അവതരിപ്പിക്കാനുള്ള കരട്‌ രാഷ്‌ട്രീയപ്രമേയം കേന്ദ്ര കമ്മിറ്റി അംഗീകരിച്ചു. ഏകകണ്‌ഠമായാണ്‌ പ്രമേയം അംഗീകരിച്ചതെന്ന്‌ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. പൊളിറ്റ്‌ബ്യൂറോ ചേർന്ന്‌ പ്രമേയം അന്തിമമാക്കിയശേഷം ഫെബ്രുവരി ആദ്യവാരം പ്രസിദ്ധീകരിക്കും.

എല്ലാ പാർടി അംഗങ്ങൾക്കും ഭേദഗതി നിർദേശിക്കാൻ അവകാശമുണ്ട്‌. കേന്ദ്ര കമ്മിറ്റിക്കാണ്‌ നിർദേശം സമർപ്പിക്കേണ്ടത്‌. കരട്‌ പ്രമേയവും ഭേദഗതി നിർദേശങ്ങളും പാർടി കോൺഗ്രസിൽ  ചർച്ച ചെയ്യും.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top