ന്യൂഡൽഹി
ഹരിയാനയിലെ നൂഹിലുണ്ടായ വർഗീയ കലാപത്തിന് പ്രേരിപ്പിച്ച കേസിൽ സംഘപരിവാർ നേതാവ് മോനു മനേസർ എന്ന മൊഹിത് യാദവിനെ ഹരിയാന പൊലീസ് അറസ്‌റ്റുചെയ്‌തു. കന്നുകാലികളെ കടത്തിയെന്ന് ആരോപിച്ച് രണ്ട് യുവാക്കളെ ചുട്ടുകൊന്ന കേസിൽ രാജസ്ഥാൻ പൊലീസും തേടുന്ന പ്രതിയാണ് ബജ്‌രംഗ്‌ദൾ–- "ഗോരക്ഷ സംഘം' നേതാവായ മോനു. സമൂഹമാധ്യമങ്ങൾ വഴി വിദ്വേഷജനകമായ പ്രചാരണം നടത്തിയെന്ന കേസിലാണ് അറസ്‌റ്റ്.
ജൂലൈ 31ന് നൂഹിൽ സംഘർഷം ഉണ്ടായശേഷം സമൂഹമാധ്യമങ്ങളിൽ പൊലീസ് നടത്തിവന്ന നിരീക്ഷണത്തെതുടർന്നാണ് അറസ്‌റ്റ് ഉണ്ടായതെന്ന് അധികൃതർ പറഞ്ഞു. നൂഹ് ജില്ലാ കോടതിയിൽ ഹാജരാക്കിയ മോനുവിനെ രാജസ്ഥാൻ പൊലീസിന്റെ അപേക്ഷയിൽ അവർക്ക് കൈമാറി. ആദ്യം 14 ദിവസത്തെ ജുഡീഷ്യൽ കസ്‌റ്റഡിയിൽ വിടാനായിരുന്നു കോടതി ഉത്തരവ്. ഫെബ്രുവരിയിൽ ഭരത്‌പുർ സ്വദേശികളായ ജുനൈദ്(35), നസീർ(27) എന്നിവരെ ചുട്ടുകൊന്ന സംഭവത്തിലാണ് രാജസ്ഥാൻ പൊലീസ് മോനുവിനെ കസ്‌റ്റഡിയിൽ വാങ്ങിയത്. സമൂഹമാധ്യമങ്ങൾ വഴി പ്രകോപനം സൃഷ്ടിക്കുന്നതിന് പുറമെ ഡൽഹി–-ഹരിയാന–-രാജസ്ഥാൻ ദേശീയപാതയിൽ അഴിഞ്ഞാടുന്ന ഗോരക്ഷ സംഘങ്ങൾക്ക് നേതൃത്വം നൽകുന്നതും മോനു മനേസറാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..