18 April Thursday

വാക്‌സിൻ കൈകളിൽ; ആദ്യദിനം 1,91,181 പേർക്ക്‌ , തൃപ്‌തികരമെന്ന്‌ ആരോഗ്യമന്ത്രാലയം

സ്വന്തം ലേഖകൻUpdated: Sunday Jan 17, 2021

എല്ലാം ഒാക്കെ... പത്തനംതിട്ട ജനറൽ ആശുപത്രിയിൽ കോവിഡ് നോഡൽ ഓഫീസർ ജി എസ് ഗണേഷ് വാക്സിനെടുക്കുന്നു. ഫോട്ടോ: -ജയകൃഷ്ണൻ ഓമല്ലൂർ

ന്യൂഡൽഹി > കോവിഡിന്‌‌ എതിരായ പോരാട്ടത്തിൽ ലോകത്തെ ഏറ്റവും ബൃഹത്തായ പ്രതിരോധയജ്ഞത്തിന്‌ ഇന്ത്യയില്‍ തുടക്കംകുറിച്ചു. ശനിയാഴ്‌ച രാവിലെ 10.30ന്‌ പ്രധാനമന്ത്രി നരേന്ദ്ര മോഡി വീഡിയോ കോൺഫറൻസ്‌ വഴിയാണ്‌ വാക്‌സിനേഷൻ ഉദ്‌ഘാടനം ചെയ്‌തത്‌. പുണെ സിറം ഇൻസ്റ്റിറ്റ്യൂട്ട്‌ നിർമിക്കുന്ന കോവിഷീൽഡും ഹൈദരാബാദിലെ ഭാരത്‌ ബയോടെക് വികസിപ്പിച്ച കോവാക്‌സിനുമാണ്‌ കുത്തിവച്ചത്‌. കോവിഷീൽഡ്‌ എല്ലാ സംസ്ഥാനത്തിനും കേന്ദ്രഭരണപ്രദേശങ്ങൾക്കും വിതരണം ചെയ്‌തിരുന്നു. കോവാക്‌സിൻ 12 സംസ്ഥാനത്തിനാണ്‌ നൽകിയത്‌. ആദ്യദിനത്തിൽ രാത്രി എട്ടുവരെയുള്ള കണക്കുപ്രകാരം 3352 സെഷൻ സൈറ്റുകളിൽ 1,91,181 പേർക്ക്‌ വാക്‌സിൻ നൽകി. വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ 16,755 ഉദ്യോഗസ്ഥരും ജീവനക്കാരും സേവനമനുഷ്‌ഠിച്ചു.

വാക്‌സിൻ എടുത്ത‌ ആരെയും ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ട സാഹചര്യം ഉണ്ടായിട്ടില്ലെന്ന്‌ ആരോഗ്യമന്ത്രാലയം അറിയിച്ചു. ചില കേന്ദ്രത്തിൽ വാക്‌സിൻ എടുക്കേണ്ടവരുടെ പട്ടിക കൃത്യസമയത്ത്‌ അപ്‌ലോഡ്‌ ആകാത്തതും ചില കേന്ദ്രങ്ങളിൽ‌ വരുംദിവസങ്ങളിൽ വാക്‌സിൻ എടുക്കേണ്ടവർക്ക്‌ ശനിയാഴ്‌ച തന്നെ വാക്‌സിൻ എടുത്തതും മാത്രമാണ്‌ ആദ്യദിനത്തിലുണ്ടായ പ്രശ്‌നങ്ങൾ. ഇത്‌ പരിഹരിക്കാൻ  നിർദേശം‌ നൽകിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രാലയം വിശദീകരിച്ചു.

‘വാക്‌സിൻ എടുത്താലും ശ്രദ്ധ വേണം’

കണ്ണൂർ > കോവിഡ്‌ വാക്‌സിൻ എടുത്താലും മാസ്‌കും  ശ്രദ്ധയും തുടരണമെന്ന്‌  മന്ത്രി കെ കെ ശൈലജ പറഞ്ഞു.  മുൻഗണനാപട്ടിക പ്രകാരം എല്ലാവർക്കും വാക്‌സിൻ നൽകും. പാർശ്വഫലങ്ങൾ തീരെ കുറവാണെന്നാണ്‌  പറയുന്നത്‌. രോഗം വന്ന്‌ ഭേദമായവരും വാക്‌സിൻ  എടുക്കണം.  അവരുടെ ശരീരത്തിൽ രോഗത്തെ പ്രതിരോധിക്കാനുള്ള കഴിവ്‌ ചുരുങ്ങിയ കാലത്തേക്കേ നിലനിൽക്കൂ. അതിനാൽ വാക്‌സിൻ സ്വീകരിച്ച്‌ ദീർഘകാലത്തേക്കുള്ള പ്രതിരോധം ആർജിക്കണമെന്നും  മന്ത്രി അഭ്യർഥിച്ചു.

‘ഏറ്റവും ആവശ്യമുള്ളവർക്ക്‌ ആദ്യം’

ഏറ്റവും ആവശ്യമുള്ളവർക്ക്‌ ആദ്യം വാക്‌സിൻ നൽകുകയെന്ന നയമാണ്‌ രാജ്യം പിന്തുടരുകയെന്ന്‌ പ്രധാനമന്ത്രി പറഞ്ഞു. ഡോക്ടർമാർ, നേഴ്‌സുമാർ, പാരാ മെഡിക്കൽ സ്റ്റാഫുകൾ, ആശുപത്രി ശുചീകരണത്തൊഴിലാളികൾ തുടങ്ങിയവർക്ക്‌ ആദ്യം വാക്‌സിൻ ലഭിക്കാനുള്ള അവകാശമുണ്ട്‌. ശേഷം അവശ്യസേവനമേഖലയിൽ പ്രവർത്തിക്കുന്നവർക്ക്‌ നൽകും. സുരക്ഷാസേനാംഗങ്ങൾ, പൊലീസുകാർ തുടങ്ങിയവർക്കാണ്‌ അടുത്തഘട്ടത്തിൽ  പരി​ഗണന.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top