26 April Friday

പട്ടിണിയും രോഗഭയവും ; മഹാനഗരങ്ങളിൽനിന്ന്‌ അതിഥിത്തൊഴിലാളികളുടെ കൂട്ടപ്പലായനം തുടരുന്നു

എം പ്രശാന്ത‌്Updated: Tuesday May 19, 2020


ന്യൂഡൽഹി
മഹാനഗരങ്ങളിൽനിന്ന്‌ റോഡുകളിലൂടെയും റെയിൽപ്പാളങ്ങളിലൂടെയും അതിഥിത്തൊഴിലാളികളുടെ കൂട്ടപ്പലായനം  തുടരുന്നു. ഡൽഹി, മുംബൈ തുടങ്ങിയ വൻനഗരങ്ങളിൽനിന്ന്‌ പതിനായിരങ്ങളാണ്‌ കൊടുംചൂടിൽ കിലോമീറ്ററുകൾ അകലെയുള്ള സ്വന്തം ഗ്രാമങ്ങളിലേക്ക്‌ നടന്നുനീങ്ങുന്നത്‌‌. ട്രെയിനുകളിലും ട്രക്കുകളിലും ബസുകളിലും ഇടംകിട്ടാത്തവരാണ്‌ കിട്ടിയതും വാരിപ്പിടിച്ച്‌ നടന്നുനീങ്ങുന്നത്‌. വരുമാനംനിലച്ച്‌ പട്ടിണിയായതും നഗരങ്ങളിൽ കോവിഡ്‌ വ്യാപനം രൂക്ഷമായതുമാണ്‌ കൊടും ചൂടിനെ അവഗണിച്ചും പലായനം ചെയ്യാൻ പ്രേരിപ്പിക്കുന്നത്‌‌. തൊഴിൽനഷ്ടമായവർക്ക്‌ അക്കൗണ്ടുകളിൽ നേരിട്ട്‌ പണം എത്തിക്കണമെന്ന പ്രതിപക്ഷ പാർടികളുടെ ആവശ്യം മോഡി സർക്കാർ നിരാകരിച്ചതും പ്രതിസന്ധി രൂക്ഷമാക്കി. ഏതാനും മാസത്തെ റേഷൻ മാത്രമാണ്‌ പ്രഖ്യാപിച്ചത്‌. പൊതുവിതരണ സംവിധാനം തീർത്തും ദുർബലമായ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ സൗജന്യ റേഷൻ തൊഴിലാളികൾക്ക്‌ കിട്ടുന്നില്ല.


 

നാടുപിടിക്കാനായി റെയിൽവേ സ്‌റ്റേഷനുകളിലെത്തുന്നവരുടെ എണ്ണം അനുദിനം വർധിക്കുകയാണ്‌. മുംബൈയിലെ ബാന്ദ്രയിൽ ആയിരക്കണക്കിന്‌ തൊഴിലാളികൾ ചൊവ്വാഴ്‌ച ട്രെയിൻ പിടിക്കാനെത്തി. ഡൽഹിയിലെ ഗാസിയാബാദിൽ പ്രത്യേക ശ്രമിക്ക്‌ ട്രെയിനുകളിൽ ടിക്കറ്റ്‌ കിട്ടാനായി പതിനായിരത്തിലേറെ തൊഴിലാളികളാണ്‌ തിങ്ങിക്കൂടിയത്‌. ബിഹാറിലേക്കും യുപിയിലേക്കുമുള്ള ആറു ട്രെയിനിൽ കയറാനാണ്‌ ഇവർ എത്തിയത്‌. അകലവും മറ്റും പാലിക്കാൻ പറ്റാത്തതിനാൽ തൊഴിലാളികൾക്കിടയിൽ കോവിഡ്‌ വ്യാപന സാധ്യതയും ഏറെയാണ്‌.

ചെറിയ കുട്ടികളും മറ്റുമായി മടങ്ങുന്ന അതിഥിത്തൊഴിലാളികൾ റോഡപകടങ്ങളിൽ കൊല്ലപ്പെടുന്നതും പതിവാണ്‌. കൊടുംചൂടിലെ ദുരിതയാത്ര വൃദ്ധരെയും കുട്ടികളെയും  മരണത്തിലേക്ക്‌ തള്ളിവിടുന്ന സാഹചര്യവുമുണ്ട്‌. ഉത്തരേന്ത്യയിൽ ഒരാഴ്‌ചയായി 40‌ ഡിഗ്രിക്ക്‌ മേലെയാണ്‌ ചൂട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top