20 April Saturday
മുക്തരേക്കാൾ കൂടുതൽ രോഗികൾ

ഡൽഹിയിൽ മണിക്കൂറിൽ 5 മരണം ; രാജ്യത്ത്‌ രോഗികൾ 91 ലക്ഷം കടന്നു

വെബ് ഡെസ്‌ക്‌Updated: Monday Nov 23, 2020


ന്യുഡൽഹി
കോവിഡ്‌ രോഗികൾ കുതിച്ചുയരുന്ന ഡൽഹിയിൽ സാഹചര്യം രൂക്ഷമായി തുടരുന്നു.  24 മണിക്കൂറിനിടെ  മണിക്കൂറിൽ ശരാശരി അഞ്ച്‌ പേർ വീതം മരിച്ചെന്നാണ്‌ കണക്ക്‌. ഡൽഹി, രാജസ്ഥാൻ, ഗുജറാത്ത്‌, ഗോവ എന്നിവിടങ്ങളിൽനിന്ന്‌ വരുന്നവർ ആർടിപിസിആർ നെഗറ്റീവ്‌ പരിശോധനാഫലം കരുതണമെന്ന്‌ മഹാരാഷ്ട്ര സർക്കാർ അറിയിച്ചു.

ഹിമാചൽപ്രദേശിലെ നാല്‌ ജില്ലയിൽ ചൊവ്വാഴ്‌ചമുതൽ രാത്രി നിരോധനാജ്ഞ പ്രഖ്യാപിച്ചു. എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങളും ഡിസംബർ 31 വരെ അടച്ചിടും. ഗുജറാത്ത്‌, ഉത്തർപ്രദേശ്‌, പഞ്ചാബ്‌, രാജസ്ഥാൻ, മണിപ്പുർ തുടങ്ങിയ സംസ്ഥാനങ്ങളിലും പുതിയ രോഗബാധിതരുടെ എണ്ണത്തിൽ വർധനയുണ്ട്‌.

പ്രധാനമന്ത്രി  മുഖ്യമന്ത്രിമാരുമായി ഇന്ന്‌ ചർച്ച നടത്തും
പ്രധാനമന്ത്രി നരേന്ദ്ര മോഡി ചൊവ്വാഴ്‌ച മുഖ്യമന്ത്രിമാരുമായി ചർച്ച നടത്തും. സംസ്ഥാനങ്ങളിലെ കോവിഡ്‌ സാഹചര്യങ്ങൾക്ക്‌ ഒപ്പം വാക്‌സിനുകൾ എത്തിയാൽ  വിതരണം ചെയ്യാനുള്ള നടപടിക്രമങ്ങൾ എങ്ങനെയാകണമെന്നും ചർച്ചചെയ്യും. രാജ്യത്ത്‌ അഞ്ച്‌ കോവിഡ്‌ വാക്‌സിൻ പരീക്ഷണഘട്ടത്തിലാണ്‌. ഡിസംബർ അവസാനമോ അടുത്തവർഷം ആദ്യമോ വാക്‌സിൻ ജനങ്ങളിൽ എത്തിക്കാനാകുമെന്നാണ്‌ പ്രതീക്ഷ. 

കോവിഡ്‌ രൂക്ഷമായ എട്ട്‌ സംസ്ഥാനത്തെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി പ്രത്യേകചർച്ച  നടത്തും. ഡൽഹി, മഹാരാഷ്ട്ര, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരാകും ഇതിൽ പങ്കെടുക്കുക.

രോഗികൾ 91 ലക്ഷം കടന്നു
രാജ്യത്ത്‌ 44,059 പേർകൂടി കോവിഡ്‌ ബാധിതരായതോടെ ആകെ രോഗികൾ  91,39,866 ആയി. 24 മണിക്കൂറിൽ 511 മരണം റിപ്പോർട്ട്‌ ചെയ്‌തു. ആകെ മരണം 1,33,738. ചികിത്സയിലുള്ളത്‌ 4,43,486 പേർ. 41,024 പേർ രോഗമുക്തരായി. ആകെ രോഗമുക്തരായത്‌ 85,62,642 പേർ.
 

മുക്തരേക്കാൾ കൂടുതൽ രോഗികൾ
രാജ്യത്ത്‌ കോവിഡ്‌ വ്യാപനം വീണ്ടും തീവ്രമാക്കി തുടർച്ചയായ രണ്ടാം ദിവസവും രോഗമുക്തരേക്കാൾ കൂടുതൽ പുതിയ രോഗികൾ. 24 മണിക്കൂറിൽ 41024 പേർ രോഗമുക്തരായപ്പോൾ 44059 പേർക്ക്‌ രോഗം സ്ഥിരീകരിച്ചു.  രോഗികൾ വർധിച്ചതോടെ പഞ്ചാബ്‌, യുപി, ഹിമാചൽ എന്നീ സംസ്ഥാനങ്ങളിലേക്ക്‌ ഉന്നതതല കേന്ദ്രസംഘത്തെ അയച്ചു‌. ഉത്തരേന്ത്യയിൽ പലയിടത്തും നിയന്ത്രണ നടപടികൾ കൂടുതൽ കർക്കശമാക്കി.

രോഗികൾ വർധിച്ചതോടെ ലഡാക്കിൽ ഒരാഴ്‌ചത്തെ അടച്ചിടൽ പ്രഖ്യാപിച്ചു. ലഡാക്കിൽ  മരണം നൂറിലെത്തി. ഞായറാഴ്‌ച 74 പേർക്ക്‌ രോഗം സ്ഥിരീകരിച്ചു. ഹിമാചലിൽ കുളു, കാങ്‌ഡ, മണ്ഡി, ഷിംല എന്നിവിടങ്ങളിൽ ഡിസംബർ 15 വരെ രാത്രി കർഫ്യൂ പുനഃസ്ഥാപിച്ചു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top