29 March Friday
പരിശോധന ഒരു കോടി; എങ്കിലും പിന്നില്‍

രാജ്യത്ത്‌ 20000 കടന്ന്‌ മരണം; ഡൽഹിയിൽ ലക്ഷം രോ​ഗികള്‍

എം പ്രശാന്ത‌്Updated: Tuesday Jul 7, 2020


ന്യൂഡൽഹി
രാജ്യത്ത്‌ കോവിഡ്‌  ബാധിതര്‍ ഏഴുലക്ഷവും മരണം ഇരുപതിനായിരവും കടന്നു. രോഗപ്രതിരോധത്തിൽ ഗുരുതര അലംഭാവം സംഭവിച്ച അമേരിക്കയും ബ്രസീലും മാത്രമാണ്‌ രോ​ഗികളുടെ എണ്ണത്തില്‍ ഇന്ത്യക്ക്‌ മുന്നിലുള്ളത്‌.  മരണത്തിൽ ലോകത്ത് എട്ടാമതാണ്‌ ഇന്ത്യ. ജനുവരി 30ന്‌ ആദ്യ രോ​ഗി റിപ്പോർട്ടുചെയ്യപ്പെട്ടശേഷം 117 ദിവസമെടുത്താണ്‌ ഒരു ലക്ഷമെത്തിയത്‌. അഞ്ചുലക്ഷമെത്താൻ വേണ്ടിവന്നത് 39 ദിവസം. പിന്നെ പത്തുദിവസകൊണ്ട് 7,20,000 ആയി. ഓരോ അഞ്ചുദിവസത്തിലും ഒരു ലക്ഷം രോ​ഗികൾവീതം വര്‍ധിക്കുന്നു‌.  മാർച്ച്‌ 13ന് ആദ്യ കോവിഡ്‌ മരണമുണ്ടായി.‌ 10000 മരണമെത്താൻ 95 ദിവസം വേണ്ടിവന്നു. എന്നാൽ, 20000 എത്താൻ വേണ്ടിവന്നത് 20 ദിവസംമാത്രം‌. ഒരാഴ്‌ചയായി ദിവസം നാനൂറിലേറെയാണ്‌ മരണം.

ഡൽഹിയിൽ ലക്ഷം രോ​ഗികള്‍
മഹാരാഷ്ട്രയ്‌ക്കും തമിഴ്‌നാടിനും പിന്നാലെ ഡൽഹിയിൽ കോവിഡ്‌  ബാധിതര്‍ ലക്ഷം കടന്നു. തിങ്കളാഴ്‌ച 48 മരണം, 1379 രോ​ഗികള്‍. ആകെ രോ​ഗികള്‍ 100823. മരണം 3115. കേന്ദ്രസർക്കാരിന്റെ കണക്കുപ്രകാരം 24 മണിക്കൂറിൽ  425 മരണവും  24248 രോ​ഗികളും രാജ്യത്ത്‌ റിപ്പോർട്ടുചെയ്‌തു. 
നാലാം ദിവസമാണ്‌ രോ​ഗികള്‍ ഇരുപതിനായിരം കടക്കുന്നത്. 24 മണിക്കൂറിൽ 15350 പേർ കൂടി രോഗമുക്തരായതായി കേന്ദ്രം അറിയിച്ചു. ആകെ രോഗമുക്തർ 4.24 ലക്ഷം. ചികിത്സയിൽ 2.53 ലക്ഷം. രോഗമുക്തരും ചികിത്സയിലുള്ളവരും തമ്മിലുള്ള അന്തരം 1.71 ലക്ഷമായി. രോഗമുക്തി നിരക്ക്‌ 60.86 ശതമാനം.

● മാണ്ഡ്യയിൽനിന്നുള്ള ലോക്‌സഭാംഗവും സിനിമാതാരവുമായ സുമലതയ്‌ക്ക്‌ കോവിഡ്‌ സ്ഥിരീകരിച്ചു. ക്വാറന്റൈനിൽ പ്രവേശിച്ചു.
● മഹാരാഷ്ട്രയിൽ തിങ്കളാഴ്‌ച 204 മരണം. ആകെ രോ​ഗികള്‍ 2.12 ലക്ഷം. മരണം ഒമ്പതിനായിരം കടന്നു.
● തമിഴ്‌നാട്ടിൽ 61 മരണം,  ആകെരോ​ഗികള്‍ 1.15 ലക്ഷം. മരണം 1571.
● ആന്ധ്രയിൽ ഏഴ്‌ മരണം, ആകെ രോ​ഗികള്‍ 20000 കടന്നു. കർണാടകയിൽ 30 മരണം. ആകെ രോ​ഗികള്‍2 5000 കടന്നു. മരണം 401.
● മധ്യപ്രദേശിൽ തിങ്കളാഴ്‌ച ഒമ്പത്‌ മരണം. ആകെരോ​ഗികള്‍ 15000 കടന്നു. ഗുജറാത്തിൽ 17 മരണം. യുപിയിൽ 24 മരണം. ബംഗാളിൽ 22 മരണം.
● മഹാരാഷ്ട്രയിൽ ജൂലൈ എട്ട്‌ മുതൽ ഹോട്ടലുകൾ തുറക്കാൻ തീരുമാനം.
● ഡൽഹി എയിംസ്‌ ട്രോമ സെന്ററിൽ ചികിത്സയിലായിരുന്ന കോവിഡ്‌ രോ​ഗി നാലാം നിലയിൽനിന്ന്‌ ചാടി ജീവനൊടുക്കി.

പരിശോധന ഒരു കോടി; എങ്കിലും പിന്നില്‍
രാജ്യത്ത്‌ കോവിഡ്‌ പരിശോധന ഒരു കോടി പിന്നിട്ടു. 24 മണിക്കൂറിൽ 3.46 ലക്ഷം പരിശോധന നടത്തിയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ആകെ പരിശോധന 1,01,35,525 ആയി. മറ്റ്‌ രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇന്ത്യ പരിശോധനയിൽ പിന്നിലാണ്‌. ഒരു ലക്ഷം പേരിൽ 7224 എന്ന തോതിലാണ്‌ ഇന്ത്യയിൽ പരിശോധന‌. അമേരിക്കിയില്‍ ഇത്‌ 113647 ഉം ബ്രസീലിൽ 15667 ഉം ആണ്‌. രോ​ഗികളില്‍ മുന്നിലുള്ള 10 രാജ്യങ്ങളിൽ മെക്‌സിക്കോ മാത്രമാണ്‌ പരിശോധനാ നിരക്കിൽ ഇന്ത്യക്ക്‌ പിന്നില്‍. പരിശോധനാ നിരക്കിൽ പിന്നിൽ നിൽക്കെ  ഇന്ത്യയിൽ രോ​ഗികൾ കൂടുന്നത് ആശങ്കാജനകമാണ്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top