25 April Thursday
ഒരു സംസ്ഥാനത്ത്‌ കോവിഡ്‌ മരണം 1000 കടക്കുന്നത്‌ ആദ്യം

മഹാരാഷ്ട്രയിൽ 1000 കടന്ന്‌ മരണം ; രാജ്യത്ത് കോവിഡ് ബാധിതർ 85,000 കടന്നു

വെബ് ഡെസ്‌ക്‌Updated: Saturday May 16, 2020

മുംബൈ
രാജ്യത്ത്‌ കോവിഡ്‌ വ്യാപനം രൂക്ഷമായ മഹാരാഷ്ട്രയിൽ മരണം 1019 ആയി. രാജ്യത്ത്‌ ആദ്യമായാണ്‌ ഒരു സംസ്ഥാനത്ത്‌ കോവിഡ്‌ മരണം 1000 കടക്കുന്നത്‌. രോഗ നിയന്ത്രണം ഫലം കാണാതായതിനെ തുടർന്ന്‌ രോഗം രൂക്ഷമായ സ്ഥലങ്ങളിൽ ലോക്ക്‌ഡൗൺ മെയ്‌ 31വരെ നീട്ടാൻ തീരുമാനിച്ചു. മുംബൈ മെട്രോപൊളിറ്റൻ മേഖല, പുണെ, ഔറംഗാബാദ്‌, മലേഗാവ്‌, സോലാപുർ എന്നിവടങ്ങളിലാണ്‌ ലോക്ക്‌ഡൗൺ തുടരുക. രാജ്യത്തെ കോവിഡ്‌ ബാധിതരിൽ 33ശതമാനവും മഹാരാഷ്ട്രയിലാണ്‌.

നിലവിലെ സ്ഥിതിയിൽ ലോക്ക്‌ഡൗൺ നീട്ടേണ്ടത്‌ ആവശ്യമാണെന്ന്‌ മന്ത്രി സുഭാഷ്‌ ദേശായ്‌ പറഞ്ഞു. മുഖ്യമന്ത്രി ഉദ്ദവ്‌ താക്കറേയുമായി നടത്തിയ കൂടിക്കാഴ്‌ചയ്‌ക്ക്‌ ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം. കോവിഡ്‌ പ്രവർത്തനങ്ങൾക്കായി സർക്കാർ ആശുപത്രികളും സ്വകാര്യ ആശുപത്രികളും യോജിച്ച്‌ പ്രവർത്തിക്കാനായി സർക്കാർ കോ ഓഡിനേഷൻ സമിതികൾക്ക്‌ രൂപം നൽകി.

രോഗികള്‍ 85,000 കടന്നു
രാജ്യത്ത് കോവിഡ് ബാധിതർ 85,000 കടന്നു. മരണം 2700 ലേറെ. തമിഴ്‌നാട്ടിൽ രോഗികൾ 10,000 കടന്നു. ഗുജറാത്തിൽ പതിനായിരത്തോടടുത്തു. 20 പേർ കൂടി മരിച്ചതോടെ ആകെ മരണം അറുനൂറിലേറെ. ഡൽഹിയിൽ രോഗികൾ ഒമ്പതിനായിരത്തോടടുത്തു. ബംഗാളിൽ 10 പേർകൂടി മരിച്ചു.

● എല്ലാ കേന്ദ്രസേനകളിലുമായി 848 രോഗികൾ. 10 മരണം. പുതുതായി 44 പേർകൂടി രോഗികളായി

● മിസോറം അടച്ചിടൽ കാലയളവ് മെയ് 31 വരെ നീട്ടി.

● റെഡ് സോണുകളിൽ അടച്ചിടൽ നീട്ടണമെന്ന് പഞ്ചാബ്, ഹരിയാന, ഒഡിഷ, യുപി, ബിഹാർ, അസം സംസ്ഥാനങ്ങൾ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. റെഡ് സോൺ അല്ലാത്ത മേഖലകളിൽ കർഫ്യൂവിൽ അയവുവരുത്തണമെന്നാണ് ആവശ്യം.

● സൈനികന് കോവിഡ് സ്ഥിരീകരിച്ചതോടെ ഡൽഹിയിൽ സേനാ ആസ്ഥാനത്തിന്റെ ഒരുഭാഗം അടച്ചു.

● വിമാനയാത്രക്കാർക്ക് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ ആരോഗ്യസേതു ആപ് നിർബന്ധമാക്കി.

● പാൻ മസാലകളടക്കം ചവയ്ക്കുന്ന പുകയില ഉല്പന്നങ്ങൾ നിരോധിക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷവർധൻ.

● നീറ്റ് അപേക്ഷകർക്ക് ഓൺലൈൻ അപേക്ഷയിൽ അവസാനവട്ട തിരുത്തലിന് ഒരവസരംകൂടി നാഷണൽ ടെസ്റ്റിങ് ഏജൻസി അനുവദിച്ചു. പരീക്ഷാർഥിയുടെ വിവരങ്ങളിലും പരീക്ഷാ സെന്റർ അടക്കമുള്ള കാര്യങ്ങളിലും മാറ്റംവരുത്താം.


ചൈനയെ മറികടന്ന്‌ ഇന്ത്യ
കോവിഡ്‌ ബാധിതരുടെ എണ്ണത്തിൽ ചൈനയെ ഇന്ത്യ മറികടന്നു. വ്യാഴാഴ്‌ച 3904 പേർക്കുകൂടി രോഗം സ്ഥിരീകരിച്ചതോടെ രാജ്യത്തെ രോഗികളുടെ എണ്ണം 85,538 ആയി. ചൈനയിൽ 82,933. ഡിസംബർ 31നാണ്‌ ചൈനയിൽ രോഗം സ്ഥിരീകരിച്ചത്.‌

ഒരുമാസം പിന്നിട്ട്‌ ജനുവരി 30നാണ്‌ ഇന്ത്യയിൽ ആദ്യമായി രോഗം കണ്ടെത്തിയത്‌. എന്നാൽ, രാജ്യത്ത്‌ രോഗം പടരാൻ തുടങ്ങിയത്‌ മാർച്ച്‌ രണ്ടിനാണ്‌.

ഈ ആഴ്‌ചയിൽ ഇന്ത്യയിൽ രോഗികളുടെ എണ്ണത്തിൽ 16 ശതമാനത്തിന്റെ വർധനയാണ്‌ ഇതുവരെയുണ്ടായത്‌. നിലവിൽ ഇന്ത്യയുടെ രോഗികളുടെ വർധന നിരക്ക്‌ മറ്റ്‌ ഏഷ്യൻ രാജ്യങ്ങളിലേതിനേക്കാൾ കൂടുതലാണ്‌. ലോകത്ത്‌ രോഗം ഏറ്റവും മോശമായി ബാധിച്ച രാജ്യങ്ങളുടെ മരണനിരക്കിനേക്കാൾ വേഗത്തിലാണ്‌ ഇന്ത്യയിൽ മരണം സംഭവിക്കുന്നത്‌.

നിലവിൽ രോഗികളുടെ എണ്ണം ഇരട്ടിയാക്കുന്നത്‌ 11 ദിവസം കൊണ്ടാണ്‌. ഏപ്രിലിൽ ഇത്‌ നാലു ദിവസം വരെയായിരുന്നു. എന്നാൽ, നിലവിലെ സ്ഥിതി തുടർന്നാൽ അടുത്ത വ്യാഴാഴ്‌ചയോടെ രാജ്യത്ത്‌ രോഗികൾ ഒരു ലക്ഷം കടക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top