25 April Thursday
മരണം പൂഴ്ത്തി 
വാരാണസിയും

ഗുജറാത്തില്‍ മരണകണക്കില്‍ കള്ളക്കളി; ഒറ്റദിവസം സര്‍ക്കാര്‍ കണക്കില്‍ 78 മരണം, സംസ്‌കരിച്ചത് 689 മൃതദേഹം

വെബ് ഡെസ്‌ക്‌Updated: Monday Apr 19, 2021

​ന്യൂഡൽഹി > ഗുജറാത്തിൽ കോവിഡ്‌ മരണങ്ങൾ മറച്ചുവച്ച് സര്‍ക്കാര്‍.  ‘മരണക്കണക്കിലെ’ കള്ളക്കളി പുറത്തുവിട്ട് ദേശീയ മാധ്യമങ്ങള്‍.
ഏപ്രിൽ 16ന്‌ സര്‍ക്കാര്‍ കണക്കില്‍ 78 കോവിഡ്‌ മരണം. എന്നാൽ, 16ന് അഹമദാബാദ്‌, സൂറത്ത്‌, രാജ്‌കോട്ട്‌, വഡോദര, ഗാന്ധിനഗർ, ജാംനഗർ, ഭാവ്‌നഗർ നഗരങ്ങളിലെ ശ്‌മശാനങ്ങളിൽ കോവിഡ്‌ മാനദണ്ഡംപാലിച്ച് 689 മൃതദേഹം സംസ്‌കരിക്കുകയോ അടക്കം ചെയ്യുകയോ ചെയ്‌തെന്ന് ‘ദി ഹിന്ദു’ റിപ്പോർട്ട്‌ ചെയ്‌തു. അഹമദാബാദ്‌ സിവിൽ ആശുപത്രിയിൽനിന്ന് ഇരുനൂറിലധികം മൃതദേഹവും സൂറത്തിലെ രണ്ട്‌ ആശുപത്രിയിൽനിന്ന്‌ 190 മൃതദേഹവും ശ്‌മശാനങ്ങളിലേക്ക്‌ കൊണ്ടുപോയെന്ന് മോർച്ചറി ജീവനക്കാർ സ്ഥിരീകരിച്ചു.

കോവിഡ് രണ്ടാംതരംഗത്തിൽ ​ഗുജറാത്തില്‍ മരണം കൂത്തനെ കൂടിയതിനാല്‍ ശ്‌മശാനങ്ങൾ രാപകലില്ലാതെ പ്രവർത്തിക്കുകയാണ്‌.  പ്രിയപ്പെട്ടവരുടെ മൃതദേഹങ്ങളുമായി ബന്ധുക്കള്‍ എട്ടും പത്തും മണിക്കൂര്‍ കാത്തുനില്‍ക്കുന്നു.

‘പെട്ടെന്നുള്ള 
ഹൃദയാഘാതം’ 
കോവിഡിനിരയാകുന്നവരുടെ  മരണസർട്ടിഫിക്കറ്റില്‍ ‘പെട്ടെന്നുള്ള ഹൃദയാഘാതം’  മരണകാരണമായി എന്ന് രേഖപ്പെടുത്തുന്നു. കോവിഡ് മൂലമുണ്ടാവുന്ന ഹൃദയാഘാതം, മസ്‌തിഷ്‌കാഘാതം, അവയവങ്ങളുടെ പ്രവർത്തനം നിലയ്‌ക്കൽ തുടങ്ങിയവ കാരണമുള്ള മരണം കോവിഡ്‌ മരണമായി ​ഗുജറാത്തില്‍ കണക്കാക്കുന്നില്ല. കോവിഡിന്‌ പിന്നാലെ ഉണ്ടാകാറുള്ള ആരോഗ്യപ്രശ്‌നങ്ങൾ കാരണമുണ്ടാകുന്ന മരണങ്ങളെ കോവിഡ്‌ മരണമായി കണക്കാക്കിയില്ലെങ്കിൽ മരണസംഖ്യ കാര്യമായി കുറയും. എന്നാല്‍, കേന്ദ്രമാനദണ്ഡ പ്രകാരമാണ്‌ മരണസംഖ്യ തിട്ടപ്പെടുത്തുന്നതെന്ന്‌ മുഖ്യമന്ത്രി വിജയ്‌ രൂപാണി അവകാശപ്പെടുന്നു.

മരണം പൂഴ്ത്തി 
വാരാണസിയും
പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരാണസിയിലും രോ​ഗികളുടെ എണ്ണത്തിലും മരണസംഖ്യയിലും പഴ്ത്തിവയ്‌പ്‌. വാരാണസിയിലെ ഹരിശ്ചന്ദ്ര, മണികർണിക ശ്മശാനങ്ങളില്‍ കോവിഡ്‌ മാനദണ്ഡ‍പ്രകാരമുള്ള സംസ്കാരങ്ങളുടെ എണ്ണവും ഔദ്യോ​ഗിക മരണസംഖ്യയും തമ്മില്‍ വലിയ അന്തരമുണ്ടെന്ന് ഓൺലൈൻ പോർട്ടലായ ‘ദി വയർ’ റിപ്പോർട്ടുചെയ്‌തു. ഏപ്രിൽ 11 മുതൽ 15 വരെ ഹരിശ്ചന്ദ്ര ശ്‌മശാനത്തിൽ മാനദണ്ഡപ്രകാരം നടത്തിയ സംസ്കാരങ്ങളുടെ പകുതിമാത്രമാണ് ഔദ്യോ​ഗിക മരണസംഖ്യ. സര്‍ക്കാര്‍ രേഖപ്രകാരം 11ന് സംസ്കരിച്ചത് ഒരു കോവിഡ് രോ​ഗിയെ. എന്നാല്‍, അന്നേ ദിവസം മാനദണ്ഡ‍പ്രകാരം ഏഴ് സംസ്കാരം നടന്നു.

12നും ഔദ്യോ​ഗിക കണക്കില്‍ ഒരു മരണം, സംസ്കരിച്ചത് 10 പേരെ. 15ന് ആറ്‌ മരണമെന്ന് സര്‍ക്കാര്‍, സംസ്കരിച്ചത് എട്ടുപേരെ. മണികർണിക ശ്‌മശാനത്തിലും കോവിഡ്‌ സംസ്കാരങ്ങൾ നടക്കുന്നതിനാൽ ഔദ്യോഗിക കണക്കുകളിലെ വലിയ കള്ളക്കളിയാണ് പുറത്തുവന്നത്.

31 ശതമാനം വര്‍ധന
യുപിയിൽ അടുത്ത ദിവസങ്ങളില്‍ കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിച്ചത് 31 ശതമാനംവരെ. ഞായറാഴ്‌ച രോ​ഗികള്‍ 30,000 കടന്നു. ലഖ്നൗവും പ്രയാഗ്‌രാജും കഴിഞ്ഞാൽ കൂടുതൽ രോ​ഗികള്‍ വാരാണസിയില്‍. വാരാണസിയിലടക്കം ആശുപത്രികളിൽ കിടക്കകൾ ഒഴിവില്ല. ആംബുലൻസുകൾക്കായി രോഗികൾ നീണ്ട കാത്തിരിപ്പില്‍. അവശ്യമരുന്നുകൾക്കും കടുത്ത ക്ഷാമം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top