24 April Wednesday
കോവിഡ്‌ ബാധിച്ച്‌ യുപി മന്ത്രി മരിച്ചു

വ്യാപനം അതിവേഗം ; ഡൽഹിയിൽ മരണം 4000 കടന്നു; യുപി, ബംഗാൾ, ബിഹാർ സ്ഥിതി രൂക്ഷം

വെബ് ഡെസ്‌ക്‌Updated: Monday Aug 3, 2020


ന്യൂഡൽഹി
ലോകത്ത്‌ ഏറ്റവും ഉയർന്നതോതിൽ കോവിഡ്‌ വർധന‌ ഇന്ത്യയിൽ. 3.6 ശതമാനമാണ്‌ വർധനയുടെ‌ തോത്‌. ആകെ രോഗികൾ 18 ലക്ഷം കടന്നു. മരണം 38,100. കഴിഞ്ഞ അഞ്ചുദിവസമായി പ്രതിദിനം അമ്പതിനായിരത്തിലേറെ രോഗികൾ. ഒരു ദിവസത്തെ മരണം ശനിയാഴ്‌ച ആദ്യമായി 800 കടന്നു. ഏറ്റവും കൂടുതൽ കോവിഡ്‌ ബാധയുള്ള അമേരിക്കയിൽ വർധന 1.6 ശതമാനംമാത്രമാണ്‌. ബ്രസീലിൽ 2.3 ശതമാനവും. 

വ്യാപനം ഈ രീതിയിൽ തുടർന്നാൽ ആഗസ്‌ത്‌ പകുതിയോടെ രാജ്യത്ത്‌ കോവിഡ്‌ രോഗികൾ 25 ലക്ഷം കടക്കും. മരണം അരലക്ഷവും. 60 ശതമാനത്തിലധികം രോഗികളും 50 ശതമാനത്തിലധികം മരണവും ഉണ്ടായത്‌ ജൂലൈയിലാണ്‌. ആഗസ്‌തിൽ കൂടുതൽ തീവ്രമാകുമെന്നാണ്‌ വിലയിരുത്തൽ. നാലുദിവസത്തിനിടെ‌ 2.20 ലക്ഷംപേർക്ക്‌ കോവിഡ്‌ സ്ഥിരീകരിച്ചു. 3177 പേർ മരിച്ചു. 11.81 ശതമാനമാണ്‌ രോഗസ്ഥിരീകരണ നിരക്ക്‌. പരിശോധനകളുടെ കാര്യത്തിൽ ഇന്ത്യ ഇപ്പോഴും ഏറെ പിന്നിലാണ്‌.

ഡൽഹിയിൽ മരണം 4000 കടന്നു
ഡൽഹിയിൽ കോവിഡ്‌ മരണം നാലായിരത്തിലേറെയായി. കഴിഞ്ഞ ദിവസം തമിഴ്‌നാട്ടിലും മരണം നാലായിരം കടന്നിരുന്നു. ഡൽഹിയിൽ കോവിഡ്‌ സ്ഥിരീകരിച്ചശേഷമുള്ള മരണങ്ങൾമാത്രമാണ്‌ പരിഗണിക്കുന്നത്‌. അതല്ലാതെ മരിച്ചാൽ കോവിഡ്‌  പരിശോധനയില്ല. കോവിഡ്‌ രോഗികളുടെ എണ്ണത്തിൽ ആന്ധ്ര ഡൽഹിയെ മറികടന്ന്‌ മൂന്നാമതായി. 1.59 ലക്ഷമാണ്‌ ആന്ധ്രയിലെ ആകെ രോഗികൾ. തമിഴ്‌നാട്ടിൽ 2.58 ലക്ഷവും കർണാടകത്തിൽ 1.34 ലക്ഷവും തെലങ്കാനയിൽ 66,677 മാണ്‌ രോഗികളുടെ എണ്ണം. തമിഴ്‌നാട്ടിൽ ശനിയാഴ്‌ച 98 പേർകൂടി മരിച്ചു. ആകെ മരണം 4132 ആയി.

യുപി, ബംഗാൾ, ബിഹാർ സ്ഥിതി രൂക്ഷം
പരിശോധന നിരക്കിൽ ഏറെ പിന്നിലുള്ള യുപി, ബംഗാൾ, ബിഹാർ സംസ്ഥാനങ്ങളിൽ രോ​ഗികളും മരണവും കുത്തനെ ഉയരുന്നതില്‍ ആശങ്ക. യുപിയിൽ പ്രതിദിനം രോ​ഗികള്‍ നാലായിരത്തോളം. ബിഹാറിലും ബംഗാളിലും രണ്ടായിരത്തഞ്ഞൂറിലേറെ. യുപിയിൽ ഞായറാഴ്‌ച 53 പേരും ബംഗാളിൽ 49 പേരും മരിച്ചു. യുപിയിൽ ആകെ മരണം 1730, ബംഗാളിൽ 1678.ബിഹാറിൽ പരിശോധന നിരക്ക്‌ ദശലക്ഷം പേരിൽ 5124 മാത്രം. ബംഗാളിൽ ഇത്‌ 9643. യുപിയിൽ 11,261‌. ദേശീയ ശരാശരിയേക്കാൾ താഴെയാണിത്. ബിഹാറിൽ നിയമസഭാ തെരഞ്ഞെടുപ്പ്‌ നവംബറിലാണ്‌ നടക്കേണ്ടത്‌. പരിശോധന നിരക്കിൽ പിന്നിലുള്ള മധ്യപ്രദേശിലും 24 സീറ്റിലേക്ക്‌ ഉപതെരഞ്ഞെടുപ്പ്‌ വരാനുണ്ട്‌. തെരഞ്ഞെടുപ്പ്‌ മുൻനിർത്തിയാണ്‌ പരിശോധന കുറയ്‌ക്കുന്നതെന്ന വിമർശമുണ്ട്‌. മഹാരാഷ്ട്രയിൽ ഞായറാഴ്‌ച 9509 രോ​ഗികള്‍, 260 മരണം. തമിഴ്‌നാട്ടിൽ 5875 രോ​ഗികള്‍, 98 മരണം. ആന്ധ്രയിൽ 8555 രോ​ഗികള്‍, 67 മരണം. ഡൽഹിയിൽ 961 രോ​ഗികളും 15 മരണവും.

തമിഴ്‌നാട്‌ ഗവർണർക്കും സ്ഥിരീകരിച്ചു
തമിഴ്‌നാട്‌ ഗവർണർ ബൻവരിലാൽ പുരോഹിതിന്‌ കോവിഡ്‌ സ്ഥിരീകരിച്ചു. കാര്യമായ ആരോഗ്യ പ്രശ്‌നങ്ങളില്ലാത്തതിനാൾ‌ ആശുപത്രി അധികൃതർ വീട്ടുനിരീക്ഷണം നിർദേശിച്ചു. പ്രത്യേക ആരോഗ്യ സംഘം ദിവസവും പരിശോധിക്കും.ഞായറാഴ്‌ചയാണ്‌ രോഗം‌ സ്ഥിരീകരിച്ചത്‌. രണ്ടാഴ്‌ചമുമ്പ്‌‌ രാജ്‌ഭവനിലെ 84 ജീവനക്കാർക്ക്‌ കോവിഡ് സ്ഥിരീകരിച്ചിരുന്നു‌.

കോവിഡ്‌ ബാധിച്ച്‌ യുപി മന്ത്രി മരിച്ചു
ഉത്തർപ്രദേശ് സാങ്കേതിക വിദ്യാഭ്യാസ  മന്ത്രി കമൽറാണി വരുൺ (62) കോവിഡ്‌ ബാധിച്ച്‌ മരിച്ചു. രാജ്യത്ത് കോവിഡിനിരയാകുന്ന ആദ്യമന്ത്രിയാണ് യോഗി ആദിത്യനാഥ്‌ മന്ത്രിസഭയിലെ ഏക വനിതയായ കമൽറാണി. ജൂലൈ 18നാണ് ‌ രോഗം സ്ഥിരീകരിച്ചത്. അന്ത്യം ഞായറാഴ്‌ച രാവിലെ ലക്‌നൗവിലെ ആശുപത്രിയിൽ. ദിവസങ്ങളായി വെന്റിലേറ്ററിലായിരുന്നു. ശ്വാസകോശത്തിൽ അണുബാധ ഉണ്ടായതോടെ‌ സ്ഥിതി മോശമായി‌. കുടുംബാംഗങ്ങളും കോവിഡ് ചികിത്സയില്‍.

കാൺപുരിലെ ഘട്ടാംപുർ മണ്ഡലത്തില്‍നിന്നും രണ്ടുതവണ ലോക്‌സഭാംഗമായി.  മന്ത്രിയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തിയ മുഖ്യമന്ത്രി ഞായറാഴ്‌ചത്തെ അയോധ്യ സന്ദർശനം മാറ്റി. രാഷ്‌ട്രപതി രാംനാഥ്‌ കോവിന്ദ്‌, സംസ്ഥാന ഗവർണർ ആനന്ദിബെൻ പട്ടേൽ തുടങ്ങിയവർ അനുശോചിച്ചു.

അമിത്‌ ഷായ്‌ക്ക്‌ കോവിഡ്‌
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്‌ ഷായ്‌ക്ക്‌‌ കോവിഡ്‌ സ്ഥിരീകരിച്ചു. അദ്ദേഹത്തെ ഗുഡ്‌ഗാവിലെ മേദാന്ത ആശുപത്രിയിൽ പ്രവേശിപ്പിച്ചു. താനുമായി സമ്പര്‍ക്കമുള്ളവര്‍ നിരീക്ഷണത്തിൽ പോകണമെന്ന് രോ​ഗവിവരം വെളിപ്പെടുത്തി അമിത് ഷാ ട്വിറ്ററില്‍ കുറിച്ചു. എയിംസ്‌ ഡയറക്ടർ രൺദീപ്‌ ഗുലേരിയയുടെ നേതൃത്വത്തിലുള്ള സംഘം അമിത് ഷായുടെ സ്ഥിതി വിലയിരുത്തി.

കഴിഞ്ഞ ദിവസങ്ങളിലായി കേന്ദ്രമന്ത്രിസഭാ യോഗമടക്കം പല പരിപാടികളിലും അമിത്‌ ഷാ പങ്കെടുത്തിരുന്നു. ബിജെപി എംപിമാരടക്കം പലരുമായും കൂടിക്കാഴ്‌ച നടത്തിയിരുന്നു.  ബുധനാഴ്‌ച കേന്ദ്രമന്ത്രിസഭാ യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ തൊട്ടടുത്താണ്‌ അമിത്‌ ഷാ ഇരുന്നത്‌. കോവിഡ്‌ മാനദണ്ഡപ്രകാരം പ്രധാനമന്ത്രിയും മന്ത്രിമാരും നിരീക്ഷണത്തിൽ പോകണം‌. അങ്ങനെവന്നാൽ ബുധനാഴ്ച‌ അയോധ്യയിലെ ഭൂമിപൂജയിൽ പങ്കെടുക്കാനാകില്ല. എന്നാൽ, മന്ത്രിസഭാ യോഗത്തില്‍ സാമൂഹ്യ അകലം പാലിച്ചെന്നും എല്ലാവരും മാസ്‌ക്‌ ധരിച്ചിരുന്നെന്നും പ്രധാനമന്ത്രികാര്യാലയ വൃത്തങ്ങൾ പറഞ്ഞു. യുപിയി ബിജെപി അധ്യക്ഷൻ സ്വതന്ത്രദേവ്‌ സിങിനും കോവിഡ്‌ സ്ഥിരീകരിച്ചു.

 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top