27 April Saturday
ഇതര സംസ്ഥാനങ്ങളിൽ മരണത്തേക്കാൾ കൂടുതൽ ധനഹായ അപേക്ഷ

രാജ്യത്ത്‌ കോവിഡ്‌ മരണം പറയുന്നതിലും ഏഴിരട്ടി ; കേരളമൊഴികെ എല്ലാ സംസ്ഥാനങ്ങളും മരണം മറച്ചുവച്ചു

സ്വന്തം ലേഖികUpdated: Monday Jan 24, 2022


തിരുവനന്തപുരം
രാജ്യത്തെ കോവിഡ്‌ മരണങ്ങൾ റിപ്പോർട്ട്‌ ചെയ്യപ്പെടുന്നതിന്റെ ആറുമുതൽ ഏഴ്‌ ഇരട്ടി വരെയുണ്ടാകാമെന്ന്‌ പഠനം. പ്രശസ്ത ശാസ്‌ത്രജ്ഞനും രോഗപര്യവേക്ഷകനുമായ ഡോ. പ്രഭാത്‌ ഝാ വിദഗ്ധർക്കൊപ്പം തയ്യാറാക്കിയ പ്രത്യേക പഠനത്തിലാണ്‌ ഇക്കാര്യം പറയുന്നത്‌. ഔദ്യോഗികമായി രാജ്യത്ത്‌ മൂന്നരക്കോടിയിലധികം പേരിലാണ്‌ കോവിഡ്‌ സ്ഥിരീകരിച്ചത്‌. ഇതിൽ മരിച്ചതാകട്ടെ 4,89,409 പേരും. 2020 ജൂൺ മുതൽ 2021 ജൂലൈ വരെയുള്ള മരണങ്ങളിൽ 29 ശതമാനവും കോവിഡ്‌ മൂലമാണ്‌. ഇത് ഏകദേശം 32 ലക്ഷം വരും. അതിൽ 27 ലക്ഷം കോവിഡ്‌ രണ്ടാം തരംഗ സമയമായ 2021 ഏപ്രിൽ– --ജൂലൈ മാസങ്ങളിലാണ്‌. റിപ്പോർട്ട് ചെയ്യപ്പെട്ടതിനേക്കാൾ ഏഴിരട്ടിയാണ്‌ കോവിഡ് മരണങ്ങളെന്ന്‌ ഇത്‌ വ്യക്തമാക്കുന്നു. ഒപ്പം -കോവിഡിതര മരണങ്ങളും ഉയർന്നു.

സംസ്ഥാനങ്ങളിൽ കോവിഡ്‌ മരണം കൃത്യമായി രജിസ്റ്റർ ചെയ്യുകയും ധനസഹായ അപേക്ഷകളിൽ നടപടി സ്വീകരിക്കുകയും ചെയ്യുന്നത്‌ കേരളം മാത്രമാണ്‌. സുപ്രീംകോടതി നിർദേശപ്രകാരം  അപ്പീലിലൂടെ അർഹരെ കോവിഡ്‌ മരണപ്പട്ടികയിൽ ഉൾപ്പെടുത്തി. ശനിയാഴ്‌ച വരെ സംസ്ഥാനത്ത്‌ 51,739 കോവിഡ്‌ മരണം സ്ഥിരീകരിച്ചിട്ടുണ്ട്‌. ഇതിൽ അപ്പീൽ നൽകിയതും മതിയായ രേഖകളില്ലാത്തതു കാരണം സ്ഥിരീകരിക്കാതിരുന്നതുമായ 20,546 മരണങ്ങളും ഉൾപ്പെടും. 32,521 പേർ ധനസഹായത്തിന്‌ അപേക്ഷിച്ചു. 28,238 എണ്ണം അംഗീകരിച്ചു. 24,658 പേർക്ക്‌ 50,000 രൂപവീതം നൽകി. കൂടാതെ ബിപിഎൽ കുടുംബങ്ങൾക്കുള്ള പ്രത്യേക സഹായത്തിന്‌ 11,273 പേർ അപേക്ഷിച്ചു. 2019 എണ്ണം അംഗീകരിച്ചു.

മറ്റു സംസ്ഥാനങ്ങളിൽ ഈ നടപടിയുണ്ടായില്ല. ഇവിടങ്ങളിൽ ധനസഹായത്തിനു ലഭിച്ച അപേക്ഷകൾ ഔദ്യോഗികമായി സ്ഥിരീകരിച്ച മരണങ്ങളുടെ ഇരട്ടിയാണ്‌. ഗുജറാത്ത്‌, മഹാരാഷ്ട്ര, തെലങ്കാന, തമിഴ്‌നാട്‌ അടക്കമുള്ള  സംസ്ഥാനങ്ങൾ കോവിഡ്‌ മരണങ്ങൾ പൂഴ്‌ത്തിവയ്‌ക്കുകയാണ്‌. എന്നാൽ, കേരള സർക്കാർ സഹായം നൽകാൻ വീടുകയറി പ്രചാരണവും അദാലത്തും നടത്തി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top