19 April Friday

രാജ്യത്ത്‌ ഏപ്രിലിൽ സമൂഹവ്യാപനം ഉണ്ടായെന്ന്‌ വെളിപ്പെടുത്തല്‍; മരണനിരക്കും കൂടുതല്‍ ഇന്ത്യയില്‍

വെബ് ഡെസ്‌ക്‌Updated: Tuesday Jul 7, 2020


ന്യൂഡൽഹി
രാജ്യത്ത്‌ ഏപ്രിൽ ആദ്യവാരംതന്നെ കോവിഡിന്റെ സമൂഹവ്യാപനം സംഭവിച്ചെന്ന്‌ ആരോഗ്യമന്ത്രാലയത്തിന്റെ മാർഗനിർദേശരേഖയില്‍ വെളിപ്പെടുത്തല്‍. കോവിഡ്‌ സാഹചര്യത്തിൽ ജനങ്ങൾക്ക്‌   മാനസികാരോഗ്യ പരിചരണം ലഭ്യമാക്കാൻ  ജൂലൈ നാലിന്‌ പ്രസിദ്ധീകരിച്ച മാർഗനിർദേശ രേഖയിലാണ്‌ ഇക്കാര്യമുള്ളത്. സമൂഹവ്യാപനമില്ലെന്നാണ് കേന്ദ്രത്തിന്റെയും ഐസിഎംആറിന്റെയും ഔദ്യോഗിക നിലപാട്‌.

ഏപ്രിൽ ആദ്യം പരിമിതതോതിൽ സമൂഹവ്യാപനം ഉണ്ടായെന്നും രോഗം എത്രമാത്രം പടരുമെന്ന്‌ പറയാനാകില്ലെന്നും രേഖയിൽ പറയുന്നു. ഏപ്രിൽ ഏഴിന്‌ രാജ്യത്ത്‌ രോ​ഗികള്‍ 5,046ഉം മരണം154ഉം മാത്രം. ഇപ്പോൾ രോ​ഗികള്‍ ഏഴ്‌ ലക്ഷം കടന്നു. ദിവസം 22,000 പുതിയ രോ​ഗികള്‍ റിപ്പോർട്ട്‌ ചെയ്യുന്നു.

മരണനിരക്കും കൂടുതല്‍ ഇന്ത്യയില്‍
കോവിഡ് ബാധിതരുടെ എണ്ണത്തിലും മരണത്തിലും ഏറ്റവും ഉയർന്ന വളർച്ചനിരക്ക്‌ ഇന്ത്യയിൽ. ഒരാഴ്‌ചയായി ദിവസേനയുള്ള രോ​ഗികളുടെ എണ്ണത്തിലെ  വളർച്ചനിരക്ക്‌ മൂന്നര ശതമാനം‌,‌ മരണങ്ങളിലെ വർധനവ് 2.6 ശതമാനം‌. രോ​ഗികളുടെ എണ്ണത്തിലും മരണങ്ങളിലും മുന്നിലുള്ള അമേരിക്കയും ബ്രസീലും ദിവസേനയുള്ള വര്‍ധനയില്‍ ഇന്ത്യക്ക് പിന്നില്‍. അമേരിക്കയില്‍ ഒരാഴ്ചയ്ക്കിടെ ദിവസേനയുള്ള രോ​ഗികളിലെ വര്‍ധന‌ 1.8 ശതമാനം, മരണങ്ങളിലെ വർധന‌ 0.5 ശതമാനം. ബ്രസീലിൽ ഇത്‌ 2.6 ശതമാനവും 1.7 ശതമാനവും.

കേന്ദ്ര സർക്കാർ കണക്കുപ്രകാരം 24 മണിക്കൂറില്‍ 467 മരണവും 22252 രോ​ഗികളും രാജ്യത്ത്‌ റിപ്പോർട്ടു ചെയ്‌തു. ജൂലൈ ആദ്യവാരത്തില്‍മാത്രം ഒന്നര ലക്ഷത്തിലേറെ രോ​ഗികള്‍. 24 മണിക്കൂറിൽ 15515 പേർ രോഗമുക്തരായി. ആകെ രോഗമുക്തർ 4.40 ലക്ഷം. ചികിത്സയിലുള്ളത്‌ 2.60 ലക്ഷം. രോഗമുക്ത നിരക്ക്‌ 61.13 ശതമാനം.

രോ​ഗികൾ 7.42 ലക്ഷം
രാജ്യത്ത്‌ കോവിഡ്‌ ബാധിതര്‍ 7.42 ലക്ഷം കടന്നു. മരണം 20600 ലേറെ. മഹാരാഷ്ട്രയിൽ ചൊവ്വാഴ്‌ച 224 മരണം. ആകെ രോ​ഗികള്‍217121, മരണം 9250. തമിഴ്‌നാട്ടിൽ 65 മരണം, ആകെ രോ​ഗികൾ 118594, മരണം 1636. ഡൽഹിയിൽ അമ്പതുപേർ കൂടി മരിച്ചു. ഗുജറാത്തിൽ ചൊവ്വാഴ്‌ച 17 മരണം. യുപിയിൽ 18മരണം, രോ​ഗികള്‍ മുപ്പതിനായിരത്തോടടുത്തു. കർണാടകയില്‍ 15,ആന്ധ്രയിൽ 13, ബംഗാൾ‌‌ 15, ഒഡിഷ ആറ്‌ മരണം.

മുംബൈയിൽ നിരീക്ഷണത്തിലാക്കിയത്‌ 15 ലക്ഷം പേരെ
കോവിഡ്‌ ഏറ്റവും രൂക്ഷമായ മുംബൈ നഗരത്തിൽ ഇതുവരെ നിരീക്ഷണത്തിലാക്കിയത്‌ 15 ലക്ഷത്തിലധികം പേരെയെന്ന്‌ ബൃഹൻമുംബൈ മുനിസിപ്പൽ കോർപറേഷൻ. ഇതിൽ 5.34 ലക്ഷം പേർ രോഗസാധ്യത കൂടുതലുള്ള വിഭാഗത്തിൽപ്പെട്ടവരാണ്‌. 13.28 ലക്ഷം പേർ നിരീക്ഷണ കാലാവധി പൂർത്തിയാക്കി.

നിരീക്ഷണത്തിലുള്ളവരിൽ 2.46 ലക്ഷം പേർ വീടുകളിലും 14,288 പേർ സർക്കാർ നിരീക്ഷണ കേന്ദ്രങ്ങളിലുമാണ്‌. 2,879 പേർ 24 മണിക്കൂറും ഡോക്റുടെയും നേഴ്‌സിന്റെയും സേവനം ലഭിക്കുന്ന കേന്ദ്രത്തിലാണ്‌.അതിതീവ്രമേഖലയായതിനെ തുടർന്ന്‌ 6,552 കെട്ടിടവും 750 ചേരി പ്രദേശവും അടച്ചു. മഹാനഗരത്തിൽ  ഇതുവരെ 85,326 പേർക്ക്‌ രോഗം സ്ഥിരീകരിച്ചു. 4, 935 പേർ മരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top