25 April Thursday

60ലക്ഷം കോടിയുടെ ബോണ്ട്‌ വാങ്ങാൻ ഇസിബി രക്ഷാപദ്ധതി

വെബ് ഡെസ്‌ക്‌Updated: Friday Mar 20, 2020

ഫ്രാങ്ക്‌ഫർട്‌
കോവിഡ്‌ ബാധയുടെ ആഘാതത്തിൽ നിന്ന്‌ യൂറോപ്യൻ രാജ്യങ്ങളെ രക്ഷിക്കാൻ യൂറോപ്യൻ സെൻട്രൽ ബാങ്ക്‌(ഇസിബി) 75000 കോടി യൂറോയുടെ(60.4ലക്ഷം കോടി രൂപ)യുടെ ബോണ്ട്‌ വാങ്ങൽ പദ്ധതി പ്രഖ്യാപിച്ചു. സർക്കാരുകളുടെയും കോർപറേറ്റ്‌ സ്ഥാപനങ്ങളുടെയും ബോണ്ടുകൾ വാങ്ങാനാണ്‌ പദ്ധതി.
കോവിഡ്‌ ബാധയുടെ പ്രതിസന്ധിഘട്ടം കഴിഞ്ഞതായി ബാങ്കിന്‌ ബോധ്യപ്പെടുന്നതുവരെയുള്ള താൽക്കാലിക പദ്ധതിയാണ്‌ പ്രഖ്യാപിച്ചത്‌. എന്തായാലും ഈ വർഷം പദ്ധതി പിൻവലിക്കില്ലെന്ന്‌ ബാങ്ക്‌ വ്യക്തമാക്കിയിട്ടുണ്ട്‌.

25 അംഗ ഭരണസഭ ഫോണിൽ കൂടിയാലോചിച്ചാണ്‌ പദ്ധതി പ്രഖ്യാപിച്ചത്‌. ആറ്‌ ദിവസം മുമ്പ്‌ ബാങ്ക്‌ പ്രഖ്യാപിച്ച ഉത്തേജന പദ്ധതി വിപണിയിൽ ആശ്വാസമുണ്ടാക്കാത്ത സാഹചര്യത്തിലാണ്‌ പുതിയ പ്രഖ്യാപനം. ഇത്‌ എണ്ണ വിപണികളിലടക്കം ഉണർവുണ്ടാക്കി.യൂറോപ്യൻ രാജ്യങ്ങളാണ്‌ ഇപ്പോൾ കോവിഡിന്റെ പ്രധാന കൊലക്കളമായി മാറിയിരിക്കുന്നത്‌. മരണസംഖ്യയിൽ ചൈനയേയും മറികടന്ന ഇറ്റലിയിലാണ്‌ ഏറ്റവുമധികം മരണം. മരണനിരക്ക്‌ ചൈനയുടെ ഇരട്ടിയാണ്‌.  അടച്ചിരുപ്പ്‌ നിയന്ത്രണങ്ങൾ ഏപ്രിൽ 13 വരെ നീട്ടി. പ്രതിസന്ധിയുടെ മൂർധന്യാവസ്ഥ ഏതാനും ദിവസങ്ങൾക്കകം ഉണ്ടായേക്കാമെന്നും പിന്നീട്‌ കുറഞ്ഞുതുടങ്ങുമെന്നും പ്രധാനമന്ത്രി ജ്യൂസപ്പെ കൊന്തേ പ്രതീക്ഷ പ്രകടിപ്പിച്ചു.

ഇറ്റലി കഴിഞ്ഞാൽ സ്‌പെയിനിലാണ്‌ യൂറോപ്പിൽ കൂടുതൽ മരണം. 180 പേർ കൂടി മരിച്ചതോടെ മരണസംഖ്യ വ്യാഴാഴ്‌ച 803 ആയി. 30 ശതമാനമാണ്‌ ഒറ്റദിവസം വർധിച്ചത്‌. രോഗികളുടെ എണ്ണം 17000 കടന്നു. 33പേർ കൂടി മരിച്ച ബ്രിട്ടനിൽ മരണസംഖ്യ 137. ജർമനിയിൽ ഇതുവരെ 42 പേരാണ്‌ മരിച്ചത്‌. എന്നാൽ രോഗബാധിതരുടെ എണ്ണം 14000ഓളമായി. ഫ്രാൻസിൽ 108പേർകൂടി മരിച്ചതോടെ മരണസംഖ്യ 372 ആയി. ബ്രിട്ടനടക്കം മിക്ക രാജ്യങ്ങളും നിയന്ത്രണം കർക്കശമാക്കുകയാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top