19 April Friday

ആശങ്കപ്പെടുത്തി നിസാമുദ്ദീൻ; സമ്മേളനത്തിൽ പങ്കെടുത്ത ഏഴ്‌ പേർ മരിച്ചു, ആയിരങ്ങൾ വന്നുപോയി

വെബ് ഡെസ്‌ക്‌Updated: Tuesday Mar 31, 2020

ന്യൂഡൽഹി > രാജ്യത്തെ പുതിയ രോഗവ്യാപന കേന്ദ്രമായി ഡൽഹിയിലെ നിസ്സാമുദ്ദീൻ മാറിയെന്ന് സൂചന. ഡൽഹിയിലെ ഹസ്‍രത് നിസ്സാമുദ്ദീനിലെ ബംഗ്ലെ വാലി മസ്ജിദിൽ മാർച്ച് 13 -നും 15-നും ഇടയിൽ നടന്ന തബ്‍ലീഹ് ജമാ അത്ത് എന്ന ചടങ്ങിൽ തായ്‍ലൻഡിൽ നിന്നും, ഫിലിപ്പീൻസിൽ നിന്നും, മലേഷ്യയിൽ നിന്നുമെത്തിയ പ്രതിനിധികളടക്കം പങ്കെടുത്തിരുന്നു. ഇവിടെ നടന്ന പരിപാടിയിൽ രണ്ടായിരത്തോളം പേർ പങ്കെടുത്തിരുന്നു. വാർഷികപരിപാടിയായ തബ്‍ലീഹ് ജമാ അത്തിലേക്ക് എല്ലാ വർഷവും നിരവധിപ്പേരാണ് ഒഴുകിയെത്താറുള്ളത്. ഇതിൽ പങ്കെടുത്ത് മടങ്ങിപ്പോയ ആറ് തെലങ്കാന സ്വദേശികൾ മരിച്ചതോടെയാണ് ചടങ്ങ് ശ്രദ്ധാകേന്ദ്രമായത്.

ഈ വിവരം സ്ഥിരീകരിച്ചതോടെ കൂട്ടത്തോടെ ആളുകളെ നിസ്സാമുദ്ദീനിൽ പരിശോധന നടത്തുകയും ആശുപത്രികളിലേക്ക് മാറ്റുകയും ചെയ്യുകയാണ് അധികൃതർ. ആളുകൾ പരിശോധന നടത്താനായി നീണ്ട ക്യൂവിൽ നിൽക്കുകയാണിവിടെ. പ്രദേശത്ത് പരിഭ്രാന്തി നിലനിൽക്കുന്നുണ്ട്. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള 400-ഓളം പേർ ഇപ്പോഴും മർകസിലുണ്ട്. ഇതിൽ കേരളത്തിൽ നിന്നുള്ളവരുമുണ്ട്. ഇവരെയെല്ലാവരുടെയും പേരുവിവരങ്ങൾ രേഖപ്പെടുത്തി, എല്ലാവരെയും ആശുപത്രിയിലേക്ക് മാറ്റുകയാണിപ്പോൾ.

ഇതുവരെ ഏതാണ്ട് 860 പേരെ ആശുപത്രിയിലേക്ക് മാറ്റിയെന്നാണ് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നത്. ഇനിയും മുന്നൂറോളം പേരെ മാറ്റാനുണ്ട്.

ഇപ്പോഴും നിരവധിപ്പേരെ നിരീക്ഷണകേന്ദ്രങ്ങളിലേക്ക് മാറ്റിക്കൊണ്ടേയിരിക്കുകയാണ്. ഇതുവരെ ആശുപത്രികളിലെത്തിച്ച 170 പേർക്ക് രോഗലക്ഷണങ്ങളുണ്ടെന്നാണ് വിവരം. നിസ്സാമുദ്ദീനടുത്തുള്ള ഓൾഡ് ദില്ലിയിലെ ലോക് നായക് ജയ്പ്രകാശ് നാരായൺ ആശുപത്രിയാണ് നിലവിൽ നിരീക്ഷണകേന്ദ്രമാക്കി മാറ്റിയിട്ടുള്ളത്. ഇവിടേക്കാണ് ആളുകളെ കൊണ്ടുപോകുന്നത്. ഇന്നലെ രാത്രി മാത്രം നിസ്സാമുദ്ദീൻ മർക്കസ് പരിസരത്തുള്ള ഇരുന്നൂറിലധികം പേരെയാണ് ആശുപത്രിയിലേക്ക് മാറ്റിയത്.

കഴിഞ്ഞ ദിവസം നിസാമുദ്ദീനിൽ നിന്നുള്ള രോഗി മരിച്ചത് കൊവിഡ് മൂലമാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ലെന്ന് ലോക് നായക് ആശുപത്രി അധികൃതർ വ്യക്തമാക്കിയിരുന്നു. പരിശോധന റിപ്പോർട്ടുകൾ വന്നതിന് ശേഷമേ പറയാനാകൂ എന്നും ആശുപത്രി അധികൃതർ പറഞ്ഞു. ആശുപത്രിയിൽ നിലവിൽ 500 കിടക്കകൾ ഉണ്ടെന്നും വേണ്ടി വന്നാൽ 500 കിടക്കകൾ കൂടി കൊണ്ടുവരും എന്നും ലോക് നായക് ആശുപത്രി അധികൃതർ അറിയിച്ചു.

നിരവധിപ്പേരെ ഇനിയും നിരീക്ഷണത്തിലേക്ക് മാറ്റേണ്ട സാഹചര്യമുണ്ടെന്ന് വ്യക്തമായതിനാൽ ദില്ലി ജവഹർലാൽ നെഹ്റു സ്റ്റേഡിയം നിരീക്ഷണകേന്ദ്രമാക്കി മാറ്റാൻ കേന്ദ്രസർക്കാർ നിർദേശം നൽകിയിട്ടുണ്ട്. മർക്കസിൽ മതപരമായ ചടങ്ങുകൾ നിരന്തരം നടക്കാറുണ്ടെന്നും വിദേശികൾ  അടക്കം മർക്കസിൽ വരികയും താമസിക്കാറുമുണ്ടെന്ന് ദില്ലി പൊലീസ് വ്യക്തമാക്കുക കൂടി ചെയ്ത സ്ഥിതിക്ക് അതീവ ജാഗ്രതയിലാണ് രാജ്യതലസ്ഥാനം. ഈ സാഹചര്യത്തിൽ നിസാമുദ്ദീൻ മർക്കസ് മൗലാനയ്ക്ക് എതിരെ കേസെടുക്കാൻ ദില്ലി സർക്കാർ പൊലീസിനോട് ആവശ്യപ്പെട്ടു. നിസ്സാമുദ്ദീനും കാസർകോടും പത്തനംതിട്ടയും ഉൾപ്പടെ രാജ്യത്തെ പത്ത് സ്ഥലങ്ങൾ പ്രത്യേക ശ്രദ്ധ നൽകേണ്ട മേഖലകളെന്ന് വീണ്ടും ആരോഗ്യമന്ത്രാലയം വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top