20 April Saturday
ഡിസിജിഐ അംഗീകാരം ലഭിക്കണം

കോവാക്‌സിൻ കുട്ടികൾക്കും ; വിദഗ്‌ധസമിതി അനുമതി നല്‍കി ; രണ്ടു ഡോസ്‌ 20 ദിവസം ഇടവേള

വെബ് ഡെസ്‌ക്‌Updated: Wednesday Oct 13, 2021


ന്യൂഡൽഹി
കോവിഡ്‌ വാക്‌സിനായ കോവാക്‌സിൻ രണ്ടു മുതൽ 18 വയസ്സുവരെയുള്ള കുട്ടികൾക്ക്‌ നൽകാൻ സെൻട്രൽ ഡ്രഗ്‌സ്‌ സ്‌റ്റാൻഡേർഡ്‌ കൺട്രോൾ ഓർഗനൈസേഷന്റെ (സിഡിഎസ്‌സിഒ) വിഷയ വിദഗ്‌ധസമിതി അംഗീകാരം നൽകി.

ഡ്രഗ്‌സ്‌ കൺട്രോളർ ജനറൽ ഓഫ്‌ ഇന്ത്യയുടെ (ഡിസിജിഐ) അനുമതികൂടി ലഭിച്ചാൽ കോവാക്‌സിൻ കുട്ടികൾക്ക്‌ നൽകാം. കുട്ടികളിലെ ക്ലിനിക്കൽ ട്രയലിന്റെ വിശദാംശം നിർമാതാക്കളായ ഭാരത്‌ ബയോടെക് സിഡിഎസ്‌സിഒയ്‌ക്ക്‌ കൈമാറി. വിശദ പരിശോധനക്ക്‌ ശേഷമാണ്‌ അനുമതി ലഭിച്ചതെന്നും അന്തിമ അംഗീകാരത്തിന് കാക്കുകയാണെന്നും  ഭാരത്‌ ബയോടെക് അറിയിച്ചു.

മുതിർന്നവർക്ക്‌ നൽകുന്ന അതേ വാക്‌സിൻതന്നെയാണ്‌ കുട്ടികളിലും പരീക്ഷിച്ചത്‌. രണ്ടു ഡോസ്‌ വാക്‌സിൻ 20 ദിവസം ഇടവേളയിൽ നൽകും. മുതിർന്നവർക്ക്‌ നൽകിവരുന്ന അതേ ചേരുവകൾ തന്നെയാണ്‌ കുട്ടികളുടെ വാക്‌സിനുകളിലും ഉപയോഗിക്കുന്നതെങ്കിലും സുരക്ഷയും ഫലപ്രാപ്‌തിയും ഉറപ്പുവരുത്താന്‍ പ്രത്യേക പരീക്ഷണം നടത്തുകയായിരുന്നു. രാജ്യവ്യാപകമായി ആയിരത്തിലേറെ കുട്ടികളിൽ പരീക്ഷിച്ചു. വിശദാംശങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടില്ല.

മുതിർന്നവരിൽ കോവാക്‌സിന്റെ ഫലപ്രാപ്‌തി 77.8 ശതമാനമാണ്‌. കുട്ടികളിലും ഇതേ ഫലപ്രാപ്‌തി തന്നെയാകും. എന്നാൽ, ലോകാരോഗ്യ സംഘടനയുടെ ഉപയോഗാനുമതി ഇതേവരെ കോവാക്‌സിന്‌ ലഭിച്ചിട്ടില്ല.

കുട്ടികൾക്കുള്ള രണ്ടാം വാക്‌സിൻ
ഡിസിജിഐയുടെ അന്തിമ അംഗീകാരംകൂടി ലഭിച്ചാൽ കുട്ടികളിലെ ഉപയോഗത്തിന്‌ രാജ്യത്ത്‌ അനുമതി ലഭിക്കുന്ന രണ്ടാമത്തെ വാക്‌സിനായി കോവാക്‌സിൻ മാറും.  സൈഡസ്‌ കാഡിലയുടെ മൂന്നു ഡോസ്‌ വാക്‌സിൻ 12 വയസ്സിന്‌ മുകളിലുള്ളവർക്ക്‌  നൽകാന്‍ ആഗസ്‌തിൽ അനുമതി നൽകി. ഏഴു മുതൽ 11 വരെ പ്രായക്കാരിൽ ഉപയോഗിക്കാന്‍ സിറം ഇൻസ്‌റ്റിറ്റ്യൂട്ടിന്റെ നൊവാവാക്‌സിനും പരീക്ഷണാനുമതി നൽകി. അഞ്ചു വയസ്സിന്‌ മുകളിലുള്ളവർക്ക്‌ നൽകാന്‍ ബയോളജിക്കൽ ഇയുടെ കൊർബെവാക്‌സിനും അനുമതിയുണ്ട്‌.

ആഭ്യന്തര വിമാന സർവീസ്‌ 18 മുതൽ പൂർണതോതിൽ
കോവിഡ്‌ വ്യാപനം കുറയുന്നത്‌ പരിഗണിച്ച്‌ ആഭ്യന്തര വിമാന സർവീസുകൾ 18 മുതൽ പൂർണതോതിലാക്കാൻ കേന്ദ്ര വ്യോമയാനമന്ത്രാലയം അനുമതി നൽകി.

85 ശതമാനം യാത്രക്കാർ മാത്രമെന്ന നിലവിലെ നിയന്ത്രണവും പിൻവലിച്ചു. യാത്രാവേളയിൽ കോവിഡ്‌ പകരാനുള്ള സാഹചര്യം ഉണ്ടാകുന്നില്ലെന്ന്‌ വിമാനക്കമ്പനികളും വിമാനത്താവള അധികൃതരും ഉറപ്പാക്കണമെന്നും നിർദേശിച്ചു.

മഹാരാഷ്ട്രയില്‍ തിയറ്റര്‍ 22ന് തുറക്കും
സിനിമാപ്രദര്‍ശനശാലകളും മള്‍ട്ടിപ്ലക്സുകളും ഓഡിറ്റോറിയങ്ങളും തുറക്കാന്‍ മാര്‍​ഗനിര്‍ദേശമിറക്കി മഹാരാഷ്ട്ര സര്‍ക്കാര്‍. 2020 മാര്‍ച്ച് പകുതിയോടെ അടച്ചിട്ട ഇവ ഈ മാസം 22മുതല്‍ തുറക്കും. പകുതിപ്പേര്‍ക്ക് മാത്രമാകും പ്രവേശനം. ഭക്ഷണമോ പാനീയങ്ങളോ അനുവദിക്കില്ല. പ്രവേശനം രണ്ടുഡോസ് വാക്സിനെടുത്തവര്‍ക്കുമാത്രം. മഹാരാഷ്ട്രയില്‍ കഴിഞ്ഞദിവസം റിപ്പോര്‍ട്ട് ചെയ്തത് 1,736 കോവിഡ് ബാധിതരും 11 മരണവും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top