20 April Saturday

രാജ്യത്ത് മൂന്ന് കോവിഡ് വാക്സിനുകളുടെ പരീക്ഷണം സജീവം; മനുഷ്യരിലെ പരീക്ഷണം ഉടൻ നടക്കും

പി ആർ ചന്തുകിരൺUpdated: Sunday Jul 26, 2020

ന്യൂഡൽഹി > കോവിഡ് മഹാമാരിക്കെതിരെ വികസിപ്പിച്ച മൂന്ന് പ്രതിരോധ മരുന്നുകളുടെ പരീക്ഷണം ഇന്ത്യയിൽ സജീവം. ഓക്സ്ഫോർഡ് സർവകലാശാല വികസിപ്പിച്ച വാക്സിന്റെ മനുഷ്യരിലെ പരീക്ഷണം ഉടൻ ഇന്ത്യയിൽ നടക്കും. ബ്രിട്ടീഷ് മരുന്നു നിർമ്മാണ കമ്പനിയായ ആസ്ട്ര സെനേക ഉൽപ്പാദിപ്പിക്കുന്ന ഓക്സ്ഫോർഡ് വാക്സിനിൽ പൂനെയിലെ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും (എസ്ഐഐ) പങ്കാളിയാണ്. മനുഷ്യരിൽ രണ്ട്, മൂന്ന് ഘട്ട പരീക്ഷണം നടത്തുന്നതിന് ഡ്രഗ് കൺട്രോളർ ഓഫ് ഇന്ത്യയോട് എസ്ഐഐ അനുവാദം തേടി. 18 വയസിനു മുകളിലുള്ള 1600 പേർ പരീക്ഷണത്തിന് സന്നദ്ധരായിട്ടുണ്ട്. ആഗസ്തിൽ പരീക്ഷണം തുടങ്ങാനാണ് പദ്ധതിയിടുന്നത്.

ഐസിഎംആറിന്റെയും നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെയും സഹകരണത്തിൽ ഭാരത് ബയോടെക്ക് തദ്ദേശീയമായി വികസിപ്പിച്ച 'കോവാക്സിൻ' ആറ് കേന്ദ്രങ്ങളിൽ പരീക്ഷിച്ചു. വെള്ളിയാഴ്ച ആദ്യ ഡോസ് കുത്തിവെച്ച ഡൽഹി എയിംസും പട്ന എയിംസ്, പിജിഐഎംഎസ് റോത്തക്ക് എന്നിവിടങ്ങളടക്കം 12 കേന്ദ്രങ്ങളാണ് പരീക്ഷണത്തിന് തെരഞ്ഞെടുത്തിട്ടുള്ളത്.  സൈഡസ് കാഡില്ല നിർമ്മിക്കുന്ന 'സൈകോവിഡ്' വാക്സിൻ നിലവിൽ അഹമ്മദാബാദിലെ  ഗവേഷണകേന്ദ്രത്തിലാണ് പരീക്ഷിക്കുന്നത്. ഇത് വിവിധ നഗരങ്ങളിലെ ആശുപത്രികളിൽ ഉടൻ പരീക്ഷിക്കും.

കോവാക്‌സിൻ പരീക്ഷണത്തിന് 12 കേന്ദ്രങ്ങൾ

പട്ന എയിംസിൽ ജൂലൈ 15നാണ് 11 പേരിൽ ആദ്യമായി കോവാക്സിൻ പരീക്ഷിച്ചത്. രണ്ടാം ഡോസ് 29ന് നൽകും. ഡൽഹി എയിംസ്, ഹൈദരാബാദ് നിസാംസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, പിജിഐഎംഎസ് റോത്തക്ക്, ചെന്നൈ എസ്ആർഎം മെഡിക്കൽ കോളേജ്, ഗോവ രദ്കാർ ആശുപത്രി എന്നിവിടങ്ങളിലും മരുന്ന് മനുഷ്യരിൽ കുത്തിവെച്ച് പരീക്ഷിച്ചു.

നാഗപൂരിലെ ഗില്ലൂർക്കർ മൾട്ടിസ്പെഷ്യാലിറ്റി ആശുപത്രി, ഭുവനേശ്വറിലെ സം ആശുപത്രി, കർണാടക ബെലഗാവിയിലെ ജീവൻ രേഖ ആശുപത്രി, ഗോരഖ്പൂരിലെ റാണ ആശുപത്രി, കാൺപൂരിലെ പ്രഖാർ ആശുപത്രി, വിശാഖപട്ടണത്തെ കിംഗ് ജോർജ് ആശുപത്രി എന്നിവയിൽ ഉടൻ പരീക്ഷണം നടക്കും.

കോവാക്‌സിൻ: ഒന്നാം ഘട്ടത്തിന്റെ ആദ്യ ഭാഗം പൂർത്തിയായി

കോവിഡ് പ്രതിരോധ മരുന്ന് കോവാകസിന്റെ മനുഷ്യരിലെ പരീക്ഷണത്തിന്റെ ഒന്നാം ഘട്ടത്തിന്റെ ആദ്യ ഭാഗം റോത്തക്ക് പിജിഐ മെഡിക്കൽ കോളേജിൽ പൂർത്തിയായി. രണ്ടാം ഭാഗത്തിൽ ആറ് പേർക്ക് ശനിയാഴ്ച വാക്സിൻ കുത്തിവെച്ചെന്ന് മുഖ്യ ഗവേഷക ഡോ. സവിതാ വർമ പറഞ്ഞു. ഒന്നാം ഭാഗത്തിൽ രാജ്യത്തെ വിവിധ കേന്ദ്രങ്ങളിലായി 50 പേർക്ക് വാക്സിൻ നൽകിയിട്ടുണ്ടെന്നും ഇതുവരെയുള്ള പരീക്ഷണം പ്രതീക്ഷ നൽകുന്നതാണെന്നും അവർ പറഞ്ഞു. ജൂലൈ 17ന് മൂന്ന് പേർക്ക് വാക്സിൻ നൽകിയാണ് റോത്തക്കിൽ പരീക്ഷണം തുടങ്ങിയത്. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top