23 April Tuesday

കോണ്‍​ഗ്രസില്‍ 22 വർഷത്തിനുശേഷം തെരഞ്ഞെടുപ്പ്‌ ചൂട്

എം പ്രശാന്ത്‌Updated: Saturday Sep 17, 2022


ന്യൂഡൽഹി
കോൺഗ്രസ്‌ പ്രസിഡന്റ്‌ സ്ഥാനത്തേക്കും പ്രവർത്തകസമിതിയിലേക്കും നീണ്ട ഇടവേളയ്‌ക്കുശേഷം തെരഞ്ഞെടുപ്പിന്‌ സാധ്യത തെളിയുന്നു.  ജി–-23 വിമത വിഭാഗം സജീവമായി നിലയുറപ്പിക്കുന്നതാണ്‌ തെരഞ്ഞെടുപ്പ്‌ സാധ്യത വർധിപ്പിക്കുന്നത്‌. പ്രസിഡന്റ്‌ സ്ഥാനത്തേക്ക്‌ രാഹുൽഗാന്ധി സ്ഥാനാർഥിത്വം പ്രഖ്യാപിച്ചാൽ മാത്രമേ തെരഞ്ഞെടുപ്പ് സാധ്യത അടയൂ. ജോഡോ യാത്രയിലെ ആവേശം ഉൾക്കൊണ്ട്‌ രാഹുല്‍  നേതൃസ്ഥാനം ഏറ്റെടുക്കുമെന്ന പ്രതീക്ഷയിലാണ് സോണിയ കുടുംബഭക്ത സംഘം.

കോൺഗ്രസ്‌ പ്രസിഡന്റ്‌ സ്ഥാനത്തേക്ക്‌ അവസാനമായി തെരഞ്ഞെടുപ്പ്‌ നടന്നത്‌ 2000ത്തിലാണ്‌. സോണിയ ഗാന്ധിക്കെതിരെ യുപിയിൽനിന്നുള്ള മുതിർന്ന നേതാവ്‌ ജിതേന്ദ്ര പ്രസാദ മത്സരിച്ചു. 1998ൽ സീതാറാം കേസരിയെ ബലമായി നീക്കി സോണിയ പ്രസിഡന്റ്‌ സ്ഥാനം ഏറ്റെടുത്തശേഷം ശരദ്‌ പവാറിന്റെ നേതൃത്വത്തിൽ വിമത വിഭാഗം രൂപപ്പെട്ടിരുന്നു. സോണിയയെ പ്രധാനമന്ത്രി സ്ഥാനത്തേക്ക്‌ ഉയർത്തിക്കാട്ടരുതെന്ന്‌ പരസ്യമായി അഭിപ്രായപ്പെട്ടതിനെത്തുടർന്ന്‌ ശരദ്‌ പവാറിനെയും പി എ സാങ്മയെയും താരിഖ്‌ അൻവറെയും പുറത്താക്കി. പവാർ പക്ഷത്തായിരുന്ന രാജേഷ്‌ പൈലറ്റും ജിതേന്ദ്ര പ്രസാദും കോൺഗ്രസിൽത്തന്നെ തുടർന്നു. 2000ൽ നടന്ന മത്സരത്തിൽ തെരഞ്ഞെടുപ്പ്‌ പ്രക്രിയ പൂർണമായും അട്ടിമറിച്ച സോണിയ വിഭാഗം വലിയ വിജയം നേടി.

പ്രവർത്തകസമിതിയിലേക്ക്‌ അവസാനമായി തെരഞ്ഞെടുപ്പ്‌ നടന്നത്‌ 1997ലാണ്‌. അതിനുശേഷം ഇതുവരെ സോണിയയുടെയും രാഹുലിന്റെയും നോമിനേഷൻ പ്രക്രിയയാണ്‌ നടന്നുവന്നത്‌. പ്രസിഡന്റ്‌ സ്ഥാനത്തേക്ക്‌ ജി–-23 വിഭാഗം മത്സരിക്കാൻ ഒരുങ്ങിയാൽ പ്രവർത്തകസമിതിയിലേക്കും അവർ മത്സരിക്കുമെന്നുറപ്പ്.
തെരഞ്ഞെടുപ്പ്‌ പ്രക്രിയ സുതാര്യമാകണമെന്ന് ആവശ്യപ്പെട്ട്‌ ശശി തരൂരും മനീഷ്‌ തിവാരിയും കാർത്തി ചിദംബരവും അടക്കം അഞ്ച്‌ എംപിമാർ തെരഞ്ഞെടുപ്പ്‌ അതോറിറ്റി അധ്യക്ഷൻ മധുസൂദൻ മിസ്‌ത്രിക്ക്‌ കത്തയച്ചതിൽനിന്നുതന്നെ ഇത്‌ വ്യക്തം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top