25 April Thursday

പരിഷ്‌കാരം താങ്ങാൻ 
കോൺഗ്രസിന്‌ ആരോഗ്യമുണ്ടോ

എം പ്രശാന്ത്‌Updated: Tuesday May 17, 2022

ഉദയ്‌പുർ> മൂന്നു ദിവസത്തെ ചിന്തൻ ശിബിർ അവസാനിച്ചിട്ടും രാഹുൽ ബ്രിഗേഡിന്റെ പരിഷ്‌കാരം താങ്ങാനുള്ള  ആരോഗ്യം നിലവിൽ പാർടിക്കുണ്ടോയെന്ന ചോദ്യത്തിന്‌  കോൺഗ്രസിൽ ഉത്തരമില്ല. യുവാക്കൾക്ക്‌ 50 ശതമാനം പ്രാതിനിധ്യം, നിശ്‌ചിത പ്രായം കഴിഞ്ഞവർക്ക്‌ പാർലമെന്ററി രംഗത്തുനിന്ന്‌ നിർബന്ധിത വിരമിക്കൽ തുടങ്ങിയ തീരുമാനങ്ങൾ നേതാക്കളുടെ കൊഴിഞ്ഞുപോക്കിന്‌ ആക്കം കൂട്ടുമെന്നതും പരിഹരിക്കാനാവാത്ത പ്രശ്‌നമായി തുടരുന്നു. 

എല്ലാ സമിതിയിലും അമ്പത്‌ വയസ്സിന്‌ താഴെയുള്ളവർക്ക്‌ പകുതി പ്രാതിനിധ്യം എന്നതാണ്‌ രാഹുൽ ബ്രിഗേഡിന്റെ മുഖ്യ തീരുമാനം. പ്രവർത്തകസമിതിയിൽ അധ്യക്ഷ സോണിയ ഗാന്ധിയടക്കം 22 സ്ഥിരാംഗങ്ങളുണ്ട്‌. ആരും അമ്പത്‌ വയസ്സിൽ താഴെയുള്ളവരല്ല. അമ്പത്‌ പിന്നിട്ട പ്രിയങ്കയും ജിതേന്ദ്ര സിങ്ങുമാണ്‌ പ്രവർത്തകസമിതിയിലെ ‘യുവാക്കൾ’. ഉദയ്‌പുർ പ്രഖ്യാപനം നടപ്പാക്കിയാൽ പത്തിലേറെ പേർ ഒഴിയേണ്ടി വരും. കേരളത്തിൽനിന്ന്‌ എ കെ ആന്റണിയും ഉമ്മൻ ചാണ്ടിയും ഇതിലുൾപ്പെടും. പകരം ചെന്നിത്തലയെപ്പോലുള്ളവരെ ഉൾപ്പെടുത്താമെന്ന്‌ കരുതിയാലും പ്രായപരിധി തടസ്സമാക്കും. പ്രവർത്തകസമിതിയിലേക്ക്‌ അമ്പത്‌ വയസ്സിന്‌ താഴെയുള്ള 11 പേരെ കണ്ടെത്തൽ വലിയ വെല്ലുവിളിയാകും.

പാർലമെന്ററി രംഗത്തുനിന്ന്‌ 65 കഴിഞ്ഞവർ വിരമിക്കണമെന്നതാണ്‌  വെല്ലുവിളിയാകുന്ന മറ്റൊരു നിർദേശം. ശിബിറിൽ ഇത്‌ ഉയർന്നെങ്കിലും മുതിർന്ന നേതാക്കളുടെ എതിർപ്പിൽ ഒഴിവാക്കി. അമ്പതിൽ താഴെ പ്രായക്കാർക്ക്‌ ക്വോട്ടയെന്ന നിർദേശവും വിമർശവിധേയമായി. ക്വോട്ടയിലൂടെയല്ല പ്രവൃത്തിയിലൂടെയാണ്‌ തങ്ങളൊക്കെ ഉന്നത സമിതികളിലേക്കെത്തിയതെന്ന്‌ മുതിർന്നവർ വാദിച്ചു. എന്നാൽ, 70 കഴിഞ്ഞവർ തെരഞ്ഞെടുപ്പ്‌ രംഗത്ത്‌ വേണ്ടെന്ന കടുത്ത നിലപാടിലാണ്‌ രാഹുൽ ബ്രിഗേഡ്‌. അങ്ങനെയെങ്കിൽ സുധാകരൻ അടക്കമുള്ള നേതാക്കൾ ഇനി തെരഞ്ഞെടുപ്പ്‌ രംഗത്ത്‌നിന്ന്‌ പുറത്താകും. ദേശീയതലത്തിലും പല നേതാക്കളും സമാനമായ അവസ്ഥയിലാകും. ജി–-23ലെ മുതിർന്നവരെ ലക്ഷ്യമിട്ടാണ്‌ രാഹുലിന്റെ പരിഷ്‌കാരമെന്നും ആക്ഷേപമുണ്ട്‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top