29 March Friday

രാജസ്ഥാനിൽ അതൃപ്‌തി പുകയുന്നു ; 15 മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്‌തു

വെബ് ഡെസ്‌ക്‌Updated: Monday Nov 22, 2021

photo credit twitter / facebook/ sachin pilot /ashok gehlot


ന്യൂഡൽഹി
തമ്മിലടി മുറുകിയ രാജസ്ഥാനിൽ സച്ചിൻ പൈലറ്റിന്റെ വിശ്വസ്‌തരെക്കൂടി ഉൾപ്പെടുത്തി മന്ത്രിസഭ വികസിപ്പിച്ചു. പൈലറ്റിന്റെ വിശ്വസ്‌തരായ ഹേമാറാം ചൗധരി, മുരാരിലാൽ മീണ, ബ്രിജേന്ദർസിങ് ഓല, രമേഷ്‌മീണ, വിശ്വേന്ദ്രസിങ്  തുടങ്ങി 15 പേര്‍ സത്യപ്രതിജ്ഞ ചെയ്‌ത്‌ അധികാരമേറ്റു. കഴിഞ്ഞവർഷം കലാപക്കൊടി ഉയർത്തിയ ഉപ മുഖ്യമന്ത്രിയായിരുന്ന സച്ചിൻപൈലറ്റിനൊപ്പം ഉറച്ചുനിന്നവരാണ്‌ അഞ്ചുപേരും.

ഞായറാഴ്‌ച രാജ്‌ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ കൽരാജ്‌മിശ്ര സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. 11 പേർ ക്യാബിറ്റ്‌ മന്ത്രിമാരും നാലുപേർ സഹമന്ത്രിമാരുമാണ്‌. 2018 ഡിസംബറിൽ അധികാരമേറ്റതിനുശേഷം അശോക്‌ ഗെലോട്ട്‌ മന്ത്രിസഭയുടെ ആദ്യ പുനഃസംഘടനയാണിത്‌. ഗെലോട്ട്‌, പൈലറ്റ്‌ പക്ഷങ്ങൾക്കിടയിലെ ചേരിപ്പോര്‌ സർക്കാരിന്റെ ആയുസ്സിന്‌ ഭീഷണിയായ പശ്ചാത്തലത്തിലാണ്‌ കോൺഗ്രസ്‌ നേതൃത്വം ഇടപെട്ട്‌ പുനഃസംഘടനയ്‌ക്ക്‌ വഴിയൊരുക്കിയത്‌.  19 ക്യാബിനറ്റ്‌ മന്ത്രിമാരും 10 സഹമന്ത്രിമാരും മുഖ്യമന്ത്രിയുമടക്കം 30 അംഗങ്ങളാണ്‌
പുതിയ മന്ത്രിസഭയിലുള്ളത്‌.

തമ്മിലടി തുടരുന്നു
മന്ത്രിസഭാപുനഃസംഘടനയിൽ അതൃപ്‌തി രേഖപ്പെടുത്തി നിരവധി എംഎൽഎമാർ രംഗത്തെത്തിയത്‌ കോൺഗ്രസിന്‌ വീണ്ടും തലവേദനയായി. പുനഃസംഘടന മികച്ചരീതിയിലല്ലെന്നും മോശം പ്രതിച്ഛായയുള്ളവരെ മന്ത്രിസഭയിലെടുത്തെന്നും കോൺഗ്രസ്‌ എംഎൽഎ ഷാഫിയാസുബൈർ പ്രതികരിച്ചു. ടിക്കാറാം ജൂളിക്ക്‌ മന്ത്രിസ്ഥാനം നൽകിയതിൽ മുതിർന്ന എംഎൽഎ ജോഹാരിലാൽ മീണ അസംതൃപ്‌തി രേഖപ്പെടുത്തി.
ഏറ്റവും അഴിമതിക്കാരനാണ്‌ മന്ത്രിസ്ഥാനം നൽകിയത്‌. അയാളും കുടുംബവും പണംപിരിക്കലിൽ കേമരാണ്‌. അയാളെ ഒഴിവാക്കണമെന്ന്‌ ഞാൻ പാർടി നേതൃത്വത്തിനോട്‌ പലവട്ടം ആവശ്യപ്പെട്ടിരുന്നതാണ്‌. തീരുമാനത്തിൽ കടുത്ത പ്രതിഷേധമുണ്ടെന്ന്‌- ജോഹാരിലാൽ പൊട്ടിത്തെറിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top