25 April Thursday
ഗെലോട്ടിന്റെ വിശ്വസ്തൻ രാജിവച്ചു

പഞ്ചാബ് ആവർത്തിക്കും ; നീക്കം ശക്തമാക്കി രാജസ്ഥാനിലെയും ഛത്തീസ്‌ഗഢിലെയും കോൺഗ്രസ് വിമതർ

വെബ് ഡെസ്‌ക്‌Updated: Monday Sep 20, 2021


ന്യൂഡൽഹി
ഗ്രൂപ്പുപോരിലൂടെ മുഖ്യമന്ത്രിയുടെ കസേര തെറിപ്പിച്ച പഞ്ചാബിന്റെ അതേ പാതയില്‍ കോൺഗ്രസ്‌ ഭരണ സംസ്ഥാനങ്ങളായ രാജസ്ഥാനും ഛത്തീസ്‌ഗഢും. രാജസ്ഥാനിൽ മുഖ്യമന്ത്രി അശോക്‌ ഗെലോട്ടിനെതിരെ യുവനേതാവ്‌ സച്ചിൻ പൈലറ്റിന്റെ നേതൃത്വത്തിലാണ്‌ പടയൊരുക്കം. ഛത്തീസ്‌ഗഢിൽ മുഖ്യമന്ത്രി ഭൂപേഷ്‌ ഭാഗെലിനെ മാറ്റണമെന്ന ആവശ്യവുമായി മുതിർന്ന നേതാവും സംസ്ഥാന മന്ത്രിയുമായ ടി എസ്‌ സിങ്‌ ദേവും രംഗത്തുണ്ട്‌. പഞ്ചാബിൽ സിദ്ദു നയിച്ച വിമത നീക്കം വിജയിച്ചത് രാജസ്ഥാനിലെയും ഛത്തീസ്‌ഗഢിലെയും വിമതർക്ക്‌ ആവേശം പകരും. 2017ൽ ബിജെപി വിട്ട്‌ കോൺഗ്രസിലെത്തിയ സിദ്ദു മന്ത്രിസ്ഥാനം രാജിവച്ചാണ്‌ അമരീന്ദറിനെതിരായി ഗ്രൂപ്പു യുദ്ധത്തിന്‌ തുടക്കമിട്ടത്‌. രണ്ടു വർഷത്തെ പരിശ്രമത്തിനൊടുവിലാണ്‌  ലക്ഷ്യം കണ്ടത്‌.

രാജസ്ഥാനിലും ഛത്തീസ്‌ഗഢിലും കോൺഗ്രസ്‌ സർക്കാരുകൾ മൂന്നാം വർഷത്തിലേക്ക്‌ അടുക്കുന്നു. രാജസ്ഥാനിൽ പ്രതിപക്ഷ നേതാവായിരുന്ന സച്ചിൻ പൈലറ്റിന്റെ അധ്വാനത്തിലാണ്‌ 2018 ഡിസംബറിൽ കോൺഗ്രസ്‌ അധികാരത്തിൽ വന്നത്‌. എന്നാൽ, പൈലറ്റിനെ തഴഞ്ഞ്‌ ഹൈക്കമാൻഡിന്‌ കൂടുതൽ വിശ്വാസമുള്ള ഗെലോട്ടിനെ മുഖ്യമന്ത്രിയാക്കി. 2020 ജൂലൈയിൽ രാജസ്ഥാനിൽ 18 എംഎൽഎമാരെ ഒപ്പംകൂട്ടി ഉപമുഖ്യമന്ത്രിയായ പൈലറ്റ്‌ അട്ടിമറിക്ക്‌ ശ്രമിച്ചു. 200 അംഗ സഭയിൽ സർക്കാരിന്‌ ഭൂരിപക്ഷം നഷ്ടപ്പെടുന്ന സാഹചര്യമൊരുങ്ങി. ബിജെപിയാണ്‌ അട്ടിമറി നീക്കത്തിന്‌ പിന്നിലെന്ന്‌ ഗെലോട്ട്‌ ആക്ഷേപിച്ചു. അനിശ്‌ചിതത്വത്തിനൊടുവിൽ ഹൈക്കമാൻഡ്‌ പൈലറ്റിനെ പിന്തിരിപ്പിച്ചു. ഉപമുഖ്യമന്ത്രിസ്ഥാനവും പിസിസി അധ്യക്ഷ സ്ഥാനവും പൈലറ്റിന്‌ നഷ്ടമായി. എന്നാൽ, ഒപ്പം നിൽക്കുന്നവർക്ക്‌ പരിഗണന നൽകാമെന്ന്‌ ഹൈക്കമാൻഡ്‌ ഉറപ്പുനൽകി. ഒരു വർഷത്തിന്‌ ഇപ്പുറവും പൈലറ്റിന് അവ​ഗണന തുടരുന്നു.ഛത്തീസ്‌ഗഢിൽ രണ്ടര വർഷത്തിനുശേഷം മുഖ്യമന്ത്രിസ്ഥാനം നൽകാമെന്ന ധാരണയുണ്ടെന്ന്‌ അവകാശപ്പെട്ടാണ്‌ മുതിർന്ന നേതാവ്‌ സിങ്‌ ദേവ്‌ കലാപക്കൊടി ഉയർത്തിയത്‌.

ഇത്തരം ധാരണയൊന്നുമില്ലെന്ന നിലപാടിലാണ്‌ മുഖ്യമന്ത്രി ഭാഗെൽ. പരാതിയുമായി ദേവ്‌ ഹൈക്കമാൻഡിനെ സമീപിച്ചു. തുടർന്ന്‌ എംഎൽഎമാരെ ഡൽഹിയിലേക്ക്‌ വിളിച്ചുവരുത്തി. ഇപ്പോഴും കൂടുതൽ എംഎൽഎമാരുടെ പിന്തുണ ഭാഗെലിനാണ്‌. എന്നാൽ, അവസരം കാത്തിരിക്കയാണ്‌ ദേവ്‌.

ഗെലോട്ടിന്റെ വിശ്വസ്തൻ രാജിവച്ചു
പഞ്ചാബ് കോൺ​ഗ്രസിലെ ​ഗ്രൂപ്പ് പോരിൽ പ്രതിഷേധിച്ച് രാജസ്ഥാൻ മുഖ്യമന്ത്രി അശോക്‌ ഗെലോട്ടിന്റെ ഒഎസ്ഡി (സ്പെഷ്യൽ ഡ്യൂട്ടി ഓഫീസർ) ലോകേഷ് ശർമ രാജിവച്ചു. ഗെലോട്ടിന്റെ വിശ്വസ്തനായ ലോകേഷ് 2018 മുതൽ ഒഎസ്ഡിയായി പ്രവർത്തിക്കുന്നു.  അമരീന്ദർ സിങ്ങിനെ മാറ്റിയ കോൺ​ഗ്രസ് തീരുമാനത്തെ എതിർത്ത് ലോകേഷ് ശർമ ട്വീറ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് രാജി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top