19 April Friday

ദളിത്‌–-ന്യൂനപക്ഷ സംവരണം കോണ്‍​ഗ്രസ് തള്ളി

എം പ്രശാന്ത്‌Updated: Monday May 16, 2022

ഉദയ്‌പ്പുർ> പ്രവർത്തകസമിതിമുതൽ ബൂത്തുതലംവരെ എസ്‌സി–- എസ്‌ടി, ഒബിസി, ന്യൂനപക്ഷ വിഭാഗങ്ങൾക്ക്‌ 50 ശതമാനം പ്രതിനിധ്യമെന്ന നിർദേശം നടപ്പാക്കാതെ കോൺഗ്രസ്‌. ചിന്തൻ ശിബിറിൽ സൽമാൻ ഖുർഷിദിന്റെ നേതൃത്വത്തിലുള്ള സാമൂഹ്യനീതി സമിതിയാണ്‌ നവസങ്കൽപ്പ്‌ പ്രഖ്യാപനത്തിൽ ഉൾപ്പെടുത്താൻ ഈ നിർദേശംവച്ചത്‌. എന്നാൽ, പ്രവർത്തകസമിതി യോഗം ദുർബല വിഭാഗങ്ങൾക്ക്‌ അർഹമായ പ്രാതിനിധ്യമെന്നനിലയിൽ നിർദേശത്തിൽ വെള്ളംചേർത്തു. ജാതി സെൻസസ്‌ ആവശ്യത്തിൽനിന്നും നേതൃത്വം പിന്നാക്കംപോയി. സ്വകാര്യസ്ഥാപനങ്ങളിൽ എസ്‌സി–- എസ്‌ടി, ഒബിസി, ന്യൂനപക്ഷ സംവരണമെന്ന നിർദേശവും പ്രവർത്തകസമിതി അട്ടിമറിച്ചു.

രണ്ടു ദിവസത്തെ ചർച്ചയ്‌ക്കുശേഷം പ്രവർത്തകസമിതിയാണ്‌ നവസങ്കൽപ്പ്‌ പ്രഖ്യാപനത്തിന്‌ രൂപംനൽകിയത്. പാർലമെന്ററി ബോർഡ്‌ പുനഃസ്ഥാപനമടക്കം ജി–-23 മുന്നോട്ടുവച്ച നിർദേശമെല്ലാം തള്ളി. 65 വയസ്സ്‌ കഴിഞ്ഞവർ സമിതികളിൽനിന്ന്‌ ഒഴിയണമെന്ന രാഹുൽ ബ്രിഗേഡ്‌ നിർദേശം കടുത്ത എതിർപ്പിലൂടെ ജി–-23 വിഭാഗം ഒഴിവാക്കി. എല്ലാ സമിതിയിലും 50 ശതമാനം പ്രാതിനിധ്യം 50 വയസ്സിൽ താഴെയുള്ളവർക്ക്‌. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പകുതി സീറ്റിൽ 50 വയസ്സിൽ താഴെയുള്ളവർ. ഭാരവാഹിത്വത്തിൽ പരമാവധി അഞ്ചു വർഷം. ഒരാൾക്ക്‌ ഒരു പദവിമാത്രം. നേതാക്കളുടെ കുടുംബാംഗത്തിന്‌ സീറ്റ്‌ ലഭിക്കാൻ അഞ്ചുവർഷത്തെ പ്രവർത്തനപരിചയം.

തെരഞ്ഞെടുപ്പുനടത്തിപ്പ്‌, പരിശീലനം, ജനാഭിപ്രായം മനസ്സിലാക്കൽ എന്നീ ദൗത്യങ്ങൾക്കായി മൂന്ന്‌ പുതിയ വകുപ്പ്‌, ഭാരവാഹികളുടെ പ്രവർത്തനം സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി വിലയിരുത്തും. എല്ലാ സംസ്ഥാനത്തും രാഷ്ട്രീയകാര്യ സമിതികൾ, വർഷത്തിലൊരിക്കൽ എഐസിസി, പിസിസി സമ്മേളനം തുടങ്ങിയവയാണ്‌ മറ്റു തിരുമാനങ്ങൾ. ഒക്‌ടോബറിൽ ഭാരത്‌ ജോഡോ എന്ന പേരിൽ കന്യാകുമാരി മുതൽ കാശ്‌മീർ വരെ പദയാത്രയും പ്രഖ്യാപിച്ചിട്ടുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top