24 April Wednesday

സിപിഐ എം മുൻ കേന്ദ്ര കമ്മിറ്റി അംഗം കുമാർ ഷിരാൽക്കർ അന്തരിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Oct 3, 2022

മുംബൈ> സിപിഐ എം മുൻ കേന്ദ്ര കമ്മിറ്റി അംഗവും ആദിവാസി അധികാർ രാഷ്ട്രീയ മഞ്ച്‌ സ്ഥാപക നേതാവുമായ കുമാർ ഷിരാൽക്കർ അന്തരിച്ചു. ദീർഘകാലമായി മഹാരാഷ്ട്രയിലെ തൊഴിലാളി പോരാട്ടങ്ങൾക്ക്‌ നേതൃത്വം നൽകിയ വ്യക്തിയാണ്‌. വർഷങ്ങളായി ക്യാൻസർ ബാധിതനായിരുന്നു. നാസിക്കിലെ സ്വകാര്യ ആശുപത്രിയിൽ ഞായർ വൈകിട്ട്‌ ഒമ്പതിനായിരുന്നു അന്ത്യം.

എൻജിനിയറിങ്‌ ബിരുദധാരിയായ ഇദ്ദേഹം 2014ലാണ്‌ പാർടിയിൽ ചേർന്നത്‌. ദീർഘകാലം അഗ്രികൾച്ചറൽ വർക്കേഴ്‌സ്‌ യൂണിയൻ മഹാരാഷ്ട്ര സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യ ജോയിന്റ്‌ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. വനാവകാശ നിയമത്തിനായുള്ള പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട്‌ രാജ്യം മുഴുവൻ സഞ്ചരിച്ചു. അദ്ദേഹത്തിന്റെ മരണം രാജ്യത്തെ കമ്യൂണിസ്‌റ്റ്‌ പ്രസ്ഥാനത്തിന്‌ തീരാനഷ്ടമാണെന്ന്‌ സിപിഐ എം മഹാരാഷ്ട്ര സംസ്ഥാന കമ്മിറ്റി അനുശോചന സന്ദേശത്തിൽ പറഞ്ഞു. രണ്ട്‌ പുസ്‌തകം രചിച്ചിട്ടുണ്ട്‌.

ഇനി ദീപ്‌തസ്‌മരണ
ആദിവാസികളുടെയും കർഷകത്തൊഴിലാളികളുടെയും ഉന്നമനത്തിനായി ജീവിതം ഉഴിഞ്ഞുവച്ച കുമാർ ഷിരാൽക്കർ ഇനി ജനഹൃദയങ്ങളിൽ.     മഹാരാഷ്ട്രയിലെ നന്ദുർബാർ ജില്ലയിലെ മോദ്‌ ഗ്രാമത്തിലെ ബി ടി രണദിവെ ഹൈസ്‌കൂൾ പരിസരത്ത്‌ തിങ്കളാഴ്‌ച സംസ്‌കാരം നടന്നു. പ്രിയങ്കരനായ സഖാവിന്‌ അന്ത്യാഞ്‌ജലി അർപ്പിക്കാൻ നൂറുകണക്കിനാളുകൾ ഒത്തുകൂടി. സിപിഐ എം മുൻ കേന്ദ്ര കമ്മിറ്റി അംഗവും അഖിലേന്ത്യാ കർഷകത്തൊഴിലാളി യൂണിയൻ ജോയിന്റ്‌ സെക്രട്ടറിയുമായിരുന്ന കുമാർ ഷിരാൽക്കർ ഞായറാഴ്‌ച വൈകിട്ട്‌ നാസിക്കിലാണ്‌ അന്തരിച്ചത്‌. മൂന്നു വർഷമായി അർബുദത്തിന്‌ ചികിത്സയിലായിരുന്നു.

എൻജിനിയറായിരുന്ന അദ്ദേഹം ജോലി ഉപേക്ഷിച്ചാണ്‌ വടക്കൻ മഹാരാഷ്ട്രയിലെ ആദിവാസികളുടെയും കർഷകത്തൊഴിലാളികളുടെയും ഉന്നമനത്തിനായി രംഗത്തിറങ്ങിയത്‌. ശ്രമിക്ക്‌ സംഘടന രൂപീകരിച്ച്‌ ആദിവാസികൾക്കിടയിൽ പ്രവർത്തിച്ചു. അടിയന്തരാവസ്ഥക്കാലത്ത്‌ ജയിൽവാസം അനുഷ്‌ഠിച്ചു. 1982ൽ സിപിഐ എമ്മിൽ ചേർന്ന അദ്ദേഹം മഹാരാഷ്ട്രയിൽ കർഷകത്തൊഴിലാളി യൂണിയൻ കെട്ടിപ്പടുക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. ദീർഘകാലം കർഷകത്തൊഴിലാളി യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്നു. ത്യാഗത്തിന്റെയും ആത്മാർപ്പണത്തിന്റെയും ഉദാത്തമായ മാതൃകയായിരുന്നു കുമാർ ഷിരാൽക്കർ എന്ന്‌ സിപിഐ എം അനുശോചിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top