25 April Thursday

ഇനി കടുത്ത നടപടി ; ജഡ്‌ജിനിയമനത്തിൽ കേന്ദ്രത്തിന്‌ താക്കീത്‌

വെബ് ഡെസ്‌ക്‌Updated: Friday Feb 3, 2023


ന്യൂഡൽഹി
ജഡ്‌ജിമാരുടെ സ്ഥലംമാറ്റ കാര്യത്തില്‍ കേന്ദ്ര സർക്കാർ ഉടൻ തീരുമാനമെടുത്തില്ലെങ്കിൽ കടുത്ത നടപടികൾ ഉണ്ടാകുമെന്ന്‌ താക്കീത് നല്‍കി സുപ്രീംകോടതി. ‘ഹൈക്കോടതി ജഡ്‌ജി സ്ഥലംമാറ്റത്തില്‍ സെപ്‌തംബറിലും നവംബറിലുമായി 10 ശുപാർശ കൈമാറി. കേന്ദ്രം ഇനിയും തീരുമാനമെടുക്കാത്തത്‌ തെറ്റായ സന്ദേശം നല്‍കുന്നു.  കാലതാമസം കൊളീജിയത്തിന്‌ അംഗീകരിക്കാനാകില്ല. അതീവഗുരുതരമായ വിഷയമാണിത്.  കടുത്ത നടപടിയെടുക്കാൻ ഞങ്ങൾ നിർബന്ധിതരാകും. അത് നിങ്ങൾക്ക്‌ ഒട്ടും രുചിച്ചെന്നുവരില്ല’–- ജസ്റ്റിസ്‌ സഞ്‌ജയ്‌ കിഷൻകൗൾ അധ്യക്ഷനായ ബെഞ്ച്‌ മുന്നറിയിപ്പ്‌ നൽകി. പത്തു ദിവസത്തിനകം സ്ഥലംമാറ്റ ഉത്തരവിറക്കണമെന്നും നിര്‍ദേശിച്ചു.

‘അഞ്ച്‌ ജഡ്‌ജിമാരെ 
ഉടൻ നിയമിക്കും’
സുപ്രീംകോടതി സ്വരം കടുപ്പിച്ചതോടെ  ഞായറാഴ്‌ചയ്‌ക്കുള്ളിൽ അഞ്ച്‌ ജഡ്‌ജിനിയമനത്തില്‍ ഉത്തരവിറക്കുമെന്ന്‌ കേന്ദ്രം ഉറപ്പുനൽകി. ഡിസംബർ 13ന്‌ നൽകിയ ശുപാര്‍ശയില്‍ രണ്ടുമാസത്തോളമായി കേന്ദ്രം അടയിരിക്കുകയാണ്. വിഷയം പരി​ഗണിക്കെ അറ്റോർണി ജനറൽ ആർ വെങ്കടരമണിയെ ജസ്റ്റിസ്‌ സഞ്‌ജയ്‌ കിഷൻകൗൾ നിർത്തിപ്പൊരിച്ചു. ‘‘ഇന്ന്‌ ശരിയാകും നാളെ ശരിയാകുമെന്ന് കേട്ട്‌ മടുത്തു. എത്ര ദിവസത്തിനകം ഉത്തരവിറക്കുമെന്ന്‌ കൃത്യമായി പറയണം. ‌അക്കാര്യം കോടതിക്ക് ഉത്തരവിൽ രേഖപ്പെടുത്തണം’’–- ജഡ്‌ജി ആവശ്യപ്പെട്ടു. വൈകുന്നേരത്തോടെ നിയമന ഉത്തരവ് രാഷ്ട്രപതിക്ക് സമര്‍പ്പിക്കുമെന്നും ഞായറാഴ്‌ചയ്‌ക്കുള്ളിൽ ഔദ്യോഗിക ഉത്തരവ്‌ പുറത്തിറങ്ങുമെന്നും അതോടെ എജിക്ക്‌ ഉറപ്പുനൽകേണ്ടി വന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top