26 April Friday
ഏപ്രിൽ 5ന്‌ പാർലമെന്റ്‌ മാർച്ച്‌

ഐക്യപ്രക്ഷോഭം , ദുരിതഭരണത്തിന് അറുതിവേണം ; സിഐടിയു അഖിലേന്ത്യ സമ്മേളനം സമാപിച്ചു

വിജേഷ് ചൂടൽUpdated: Sunday Jan 22, 2023

 

ശ്യാമൾ ചക്രവർത്തി നഗർ (ബംഗളൂരു)
നരേന്ദ്ര മോദി സർക്കാരിന്റെ ജനദ്രോഹ, -തൊഴിലാളിദ്രോഹ നയങ്ങൾക്കും വർഗീയതയ്ക്കുമെതിരെ നിരന്തരവും തീവ്രവുമായ ഐക്യസമരത്തിന് ആഹ്വാനംചെയ്ത് സിഐടിയുവിന്റെ 17–-ാം അഖിലേന്ത്യ സമ്മേളനം സമാപിച്ചു.  ഉയർന്നുവരുന്ന പോരാട്ടങ്ങളെയും രൂപപ്പെടുന്ന ഐക്യത്തെയും തകർക്കാന്‍ നഗ്നമായ വർഗീയതയിൽ ഊന്നിയ വിദ്വേഷ രാഷ്ട്രീയമാണ് ബിജെപി–--ആർഎസ്എസ് ഭരണം ആയുധമാക്കുന്നത്. യഥാർഥ ശത്രുവിനെ തിരിച്ചറിഞ്ഞ് ചെറുക്കാന്‍ തൊഴിലാളികളെ പ്രാപ്തരാക്കാനുമുള്ള നിരന്തരമായ പ്രചാരണ പ്രവർത്തനം സിഐടിയു ഏറ്റെടുക്കും.

സ്വന്തം നിലയിൽ ശക്തി വർധിപ്പിക്കുക, ട്രേഡ് യൂണിയൻ ഐക്യം ശക്തമാക്കുക, തൊഴിലാളി–-കർഷക–-കർഷകത്തൊഴിലാളി ഐക്യപോരാട്ടം വിപുലമാക്കുക എന്നീ മൂന്നു ലക്ഷ്യത്തിൽ ഊന്നിയാണ് അഞ്ചുദിവസത്തെ സമ്മേളനം ചർച്ച പൂർത്തിയാക്കിത്. ഈ ലക്ഷ്യത്തിലേക്കുള്ള വ്യക്തമായ രേഖകൾ അവതരിപ്പിച്ച് പാസാക്കി. 1570 പ്രതിനിധികളിൽ തൊള്ളായിരത്തോളം പേർ നേരിട്ടും രേഖാമൂലവും നിർദേശങ്ങൾ സമർപ്പിച്ചു. 2023 നിരന്തരവും തീവ്രവുമായ സമരങ്ങളുടെ വർഷമായിരിക്കുമെന്ന സിഐടിയുവിന്റെ പ്രഖ്യാപനം ലക്ഷ്യത്തിലെത്തിക്കാനുള്ള തീരുമാനങ്ങളാണ് സമ്മേളനം കൈക്കൊണ്ടത്.

ജനുവരി 30ന് ഡൽഹിയിൽ ട്രേഡ് യൂണിയനുകളും അഫിലിയേറ്റഡ് ഫെഡറേഷനുകളും ചേർന്ന് സംഘടിപ്പിക്കുന്ന കൺവൻഷനിൽ ട്രേഡ് യൂണിയൻ ഐക്യം ശക്തിപ്പെടുത്തുന്നതും വിപുലമാക്കുന്നതും ചർച്ചചെയ്യും. ഏപ്രിൽ അഞ്ചിന് ഡൽഹിയിൽ പാർലമെന്റിലേക്ക്‌ നടക്കുന്ന മസ്ദൂർ കിസാൻ സംഘർഷ് റാലി ഐക്യമുന്നേറ്റത്തിൽ പുതുചരിത്രമാകും. സിഐടിയുവിന്റെയും അഫിലിയേറ്റഡ് ഫെഡറേഷനുകളുടെയും അംഗസംഖ്യ വർധിപ്പിക്കാനും രാജ്യത്തിന്റെ  എല്ലാ കോണുകളിലേക്കും പ്രവർത്തനം വ്യാപിപ്പിക്കാനുംവേണ്ട നടപടികളും ചർച്ചയിലൂടെ അംഗീകരിച്ചു.

സിഐടിയു ലക്ഷ്യമിട്ട പാതയിലേക്കുള്ള വ്യക്തമായ മുന്നേറ്റമാണ് അഖിലേന്ത്യ സമ്മേളനത്തിൽ ദൃശ്യമായത്. ട്രേഡ് യൂണിയൻ ഐക്യം എന്ന ലക്ഷ്യത്തിലൂന്നിയ ആഹ്വാനമുൾക്കൊണ്ട് ബിഎംഎസ് ഒഴികെയുള്ള എല്ലാ കേന്ദ്ര ട്രേഡ് യൂണിയനുകളുടേയും നേതാക്കൾ സമ്മേളനത്തെ അഭിവാദ്യംചെയ്തു. തൊഴിലാളികൾ നേരിടുന്ന പ്രശ്നങ്ങളിൽ സിഐടിയുവിന്റെ നേതൃത്വവും സംഘടനാശേഷിയും വിലമതിക്കാനാകാത്തതാണെന്ന് രാഷ്ട്രീയ വ്യത്യാസമില്ലാതെ അവര്‍ ചൂണ്ടിക്കാട്ടി. ഇതാദ്യമായി അഖിലേന്ത്യ കിസാൻസഭയുടെയും അഖിലേന്ത്യ കർഷകത്തൊഴിലാളി യൂണിയന്റെയും പ്രതിനിധികൾ പൂർണസമയം സിഐടിയു സമ്മേളനത്തിൽ സഹോദര പ്രതിനിധികളായി പങ്കെടുത്തു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top