20 April Saturday

തൊഴിലാളി വിരുദ്ധവും രാജ്യവിരുദ്ധവുമായ നയത്തിനെതിരെ യോജിച്ച പോരാട്ടം : തപൻ സെൻ

വെബ് ഡെസ്‌ക്‌Updated: Friday Jan 20, 2023


സ്വന്തം ലേഖകൻ
ശ്യാമൾ ചക്രവർത്തി നഗർ (ബംഗളൂരു)
തൊഴിലാളികളുടെയും കർഷകരുടെയും യോജിച്ച പോരാട്ടത്തിലൂടെ ഉജ്വല മുന്നേറ്റമാകും 2023ൽ രാജ്യം കാണുകയെന്ന് സിഐടിയു ജനറൽ സെക്രട്ടറി തപൻ സെൻ. സിഐടിയു സ്വതന്ത്രമായും ട്രേഡ് യൂണിയൻ സംയുക്തമായും കർഷകത്തൊഴിലാളി പ്രസ്ഥാനങ്ങളുമായി ചേർന്നും ഇടപെടൽശേഷി വർധിപ്പിക്കാനുള്ള നടപടിയാണ് അഖിലേന്ത്യ സമ്മേളനം പ്രധാനമായും ചർച്ച ചെയ്യുന്നതെന്നും തപൻ സെൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

സിഐടിയു അഖിലേന്ത്യ സമ്മേളനത്തിൽ തൊഴിലാളി–-കർഷക–-കർഷകത്തൊഴിലാളികളുടെ ഏപ്രിൽ അഞ്ചിലെ സംയുക്ത പാർലമെന്റ്‌ മാർച്ചിന്റെ പോസ്റ്റർ പ്രകാശിപ്പിക്കുന്നു

സിഐടിയു അഖിലേന്ത്യ സമ്മേളനത്തിൽ തൊഴിലാളി–-കർഷക–-കർഷകത്തൊഴിലാളികളുടെ ഏപ്രിൽ അഞ്ചിലെ സംയുക്ത പാർലമെന്റ്‌ മാർച്ചിന്റെ പോസ്റ്റർ പ്രകാശിപ്പിക്കുന്നു


 

കേന്ദ്രത്തിലെ ബിജെപി സർക്കാർ പിന്തുടരുന്ന ജനവിരുദ്ധവും തൊഴിലാളി വിരുദ്ധവും രാജ്യവിരുദ്ധവുമായ നയത്തിനെതിരെ യോജിച്ച പോരാട്ടമാണ്‌ ചെറുത്തുനിൽപ്പിനുള്ള ഏകമാർഗം. രാജ്യത്തിന്റെ പലഭാഗത്തും ഇത്തരം ചെറുത്തുനിൽപ്പ്‌ വിജയിച്ചതാണ് സമീപകാല അനുഭവം. കർണാടകത്തിലും കേരളത്തിലും ബെമൽ വിറ്റഴിക്കാനുള്ള നീക്കം കൂട്ടായ സമരത്തിലൂടെ ചെറുക്കാനായി. മഹാരാഷ്ട്രയിൽ വൈദ്യുതി മേഖല സ്വകാര്യവൽക്കരിക്കാനുള്ള നീക്കത്തിൽനിന്ന് പിന്തിരിയേണ്ടിവന്നത് ജീവനക്കാരുടെ യോജിച്ച സമരത്തിന്റെ ഫലമാണ്. ജമ്മു കശ്മീരിലും ഹരിയാനയിലും ഇത്തരം സമരം വിജയിച്ച അനുഭവം മുന്നിലുണ്ട്. സ്വാശ്രയമായ സമ്പദ്‌വ്യവസ്ഥയുള്ള രാജ്യം എന്ന ഇന്ത്യയുടെ സ്ഥാനം ആഗോളതലത്തിൽ ദുർബലപ്പെടുന്നു. വിദേശ സാമ്രാജ്യത്വ ശക്തികൾക്ക് മാത്രം ഗുണകരമാകുന്ന നയങ്ങളാണ് നടപ്പാക്കുന്നത്. ഇതിനെതിരായ യോജിച്ച പോരാട്ടത്തെ ദുർബലപ്പെടുത്താൻ വിദ്വേഷത്തിലധിഷ്ഠിതമായ വർഗീയ രാഷ്ട്രീയമാണ് ബിജെപി പ്രയോഗിക്കുന്നത്.  റിപ്പോർട്ടിന്മേലുള്ള ചർച്ചയിൽ ക്രിയാത്മകവും ഫലപ്രദവുമായ നിർദേശങ്ങളാണ് പ്രതിനിധികൾ ഉയർത്തിയതെന്നും തപൻ സെൻ പറഞ്ഞു. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ദേശീയ പണിമുടക്കിന്റെ സ്മരണ സമ്മേളനം പുതുക്കി. അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ പ്രസിഡന്റ് പി കെ ശ്രീമതി സിഐടിയു അഖിലേന്ത്യാ സമ്മേളനത്തെ വ്യാഴാഴ്ച അഭിവാദ്യം ചെയ്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top