25 April Thursday

ഭാഷ പലതെങ്കിലും 
ലക്ഷ്യം ഒന്ന്‌ ; ഭിന്നിപ്പിക്കൽ ചെറുക്കാനുറച്ച്‌ തൊഴിലാളികൾ

സ്വന്തം ലേഖകൻUpdated: Sunday Jan 22, 2023

സമാപസമ്മേളനത്തിൽ ബസവനഗുഡി നാഷണൽ കോളേജ് ഗ്രൗണ്ടിലെ ആർ ശ്രീനിവാസ് നഗറിൽ എത്തിയ ജനാവലി ഫോട്ടോ: പി വി സുജിത്‌


ആർ ശ്രീനിവാസ് നഗർ (ബംഗളൂരു)
ഹൈടെക് സിറ്റിയുടെ വിവിധ ഭാഗങ്ങളിൽനിന്ന് ചെങ്കൊടികളുമായി ഒഴുകിയെത്തിയ തൊഴിലാളികൾ നാഷണൽ കോളേജ് ഗ്രൗണ്ടിൽ നിറഞ്ഞു. ഇന്ത്യൻ തൊഴിലാളിവർഗത്തിന്റെ പോരാട്ടങ്ങളുടെ നേതൃത്വമായ സിഐടിയുവിന്റെ പതിനേഴാം അഖിലേന്ത്യ സമ്മേളനത്തിന് ആവേശോജ്വലമായ പരിസമാപ്തി. തൊഴിലാളിവർഗ ഐക്യം ശക്തമാക്കാനും കർഷക - കർഷക തൊഴിലാളികളുമായി യോജിച്ചുള്ള പോരാട്ടം വിപുലമാക്കാനുമുള്ള തീരുമാനത്തിന്റെ പ്രഖ്യാപനമായി സമാപന സമ്മേളനവേദി.

ഭാവികടമകൾ ഏറ്റെടുക്കാനും സമരരംഗത്തിറങ്ങാനുമുള്ള ആഹ്വാനത്തെ തൊഴിലാളികൾ ഹർഷാരവത്തോടെയും മുദ്രാവാക്യം വിളികളോടെയും ഏറ്റെടുത്തു. അഞ്ചുദിവസമായി ചേർന്ന സമ്മേളനത്തിന്റെ ചർച്ചകളുടെയും തീരുമാനങ്ങളുടെയും അന്തഃസത്ത ഉൾക്കൊണ്ട് ജനറൽ സെക്രട്ടറി തപൻ സെൻ തൊഴിലാളിവർഗം ഏറ്റെടുക്കേണ്ട പോരാട്ടങ്ങളെക്കുറിച്ച് വിശദീകരിച്ചു. അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ യോജിച്ച പോരാട്ടത്തെ ദുർബലപ്പെടുത്താനും സമൂഹത്തെ ഭിന്നിപ്പിക്കാനുമുള്ള കോർപറേറ്റ് -വർഗീയ കൂട്ടുകെട്ടിനെ ചെറുക്കാൻ നിരന്തരമായ ഐക്യപോരാട്ടമല്ലാതെ മറ്റൊരു മാർഗമില്ലെന്ന് അദ്ദേഹം പറഞ്ഞു.

ബസവനഗുഡി നാഷണൽ കോളേജ് ഗ്രൗണ്ടിലെ ആർ ശ്രീനിവാസ് നഗറിൽ ചേർന്ന പൊതുസമ്മേളനത്തിൽ സിഐടിയു കർണാടക സംസ്ഥാന പ്രസിഡന്റ് എസ് വരലക്ഷ്മി അധ്യക്ഷയായി. സിഐടിയു അഖിലേന്ത്യാ പ്രസിഡന്റ് കെ ഹേമലത, മീനാക്ഷി സുന്ദരം തുടങ്ങിയവർ സംസാരിച്ചു. അര ലക്ഷത്തോളം തൊഴിലാളികൾ പൊതുസമ്മേളനത്തിൽ പങ്കെടുത്തു. വിപ്ലവഗാനങ്ങളും സാംസ്കാരിക പരിപാടികളുമായാണ് പൊതുസമ്മേളനം ആരംഭിച്ചത്. സിഐടിയു സംസ്ഥാന സെക്രട്ടറിമാരായ കെ മഹന്തേഷ് സ്വാഗതവും ബി എൻ മഞ്ജുനാഥ് നന്ദിയും പറഞ്ഞു.

ഞായറാഴ്ച രാവിലെ പ്രതിനിധി സമ്മേളനത്തിൽ കമീഷൻ ചർച്ചകളുടെ റിപ്പോർട്ട് ക്രോഡീകരിച്ച് അവതരിപ്പിച്ചു. തുടർന്ന് ജനറൽ സെക്രട്ടറി ചർച്ചയ്‌ക്ക് മറുപടി പറഞ്ഞു. സിഐടിയു ഏറ്റെടുക്കേണ്ട ദൗത്യങ്ങൾക്കും ചുമതലകൾക്കുമുള്ള രേഖയും ട്രഷററുടെ റിപ്പോർട്ടും ക്രെഡൻഷ്യൽ റിപ്പോർട്ടും സമ്മേളനം അംഗീകരിച്ചു.

ഭാഷ പലതെങ്കിലും 
ലക്ഷ്യം ഒന്ന്‌
വിവിധ നാടുകളിൽനിന്ന്‌ എത്തിയവർ പല ഭാഷകളിൽ ഒരേ ലക്ഷ്യത്തിലേക്ക് അക്ഷരങ്ങൾകൊണ്ട്‌ ഐക്യം കോറിയിട്ടു. ഇന്ത്യയുടെ വൈവിധ്യത്തിന്റെയും ബഹുസ്വരതയുടെയും പ്രതീകങ്ങളായി ആ കുറിപ്പുകൾ ഒരു ചുമരിൽ നിറഞ്ഞു. തൊഴിലാളിക്കെതിരെ യുദ്ധം പ്രഖ്യാപിച്ച് വിഭജനതന്ത്രങ്ങൾ മെനയുന്ന മോദി സർക്കാരിനെതിരായ പോരാട്ടങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ന്യൂ ജനറേഷൻ ബാങ്ക്സ് ആൻഡ് ഇൻഷുറൻസ് സ്റ്റാഫ് അസോസിയേഷൻ സിഐടിയു അഖിലേന്ത്യ സമ്മേളന നഗരിയിൽ ഒരുക്കിയ ‘വാൾ ഓഫ് സ്ട്രൈക്ക്’ ശ്രദ്ധേയമായി.

സിഐടിയു അഖിലേന്ത്യ സെക്രട്ടറി എളമരം കരീം സന്ദേശമെഴുതി ഉദ്ഘാടനം ചെയ്തു. സമ്മേളന പ്രതിനിധികളും പ്രവർത്തകരും ആവേശപൂർവം സന്ദേശങ്ങൾ എഴുതിപ്പതിക്കാൻ അണിനിരന്നു. സിഐടിയു ജനറൽ സെക്രട്ടറി തപൻ സെൻ, പ്രസിഡന്റ് കെ ഹേമലത, അഖിലേന്ത്യ കിസാൻസഭാ ജനറൽ സെക്രട്ടറി വിജൂ കൃഷ്ണൻ, എസ്എഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് വി പി സാനു, മന്ത്രിമാരായ വി ശിവൻകുട്ടി, വി എൻ വാസവൻ തുടങ്ങിയവർ ക്യാമ്പയിന്റെ ഭാഗമായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top