26 April Friday

ജനന– മരണ വിവരങ്ങളും കേന്ദ്രത്തിന് ; പൗരത്വ രജിസ്റ്ററിനായി പുതിയനീക്കം

വെബ് ഡെസ്‌ക്‌Updated: Thursday Nov 18, 2021


ന്യൂഡൽഹി
സംസ്ഥാനതലത്തിൽ സൂക്ഷിക്കുന്ന ജനന മരണ രജിസ്‌ട്രേഷൻ വിവരങ്ങൾ കേന്ദ്രവുമായിക്കൂടി പങ്കുവയ്‌ക്കാൻ നിർദേശിച്ചുള്ള പുതിയ നിയമ ഭേദഗതി നീക്കം വിവാദത്തിലേക്ക്‌. ന്യൂനപക്ഷത്തെ ലക്ഷ്യമിട്ട് പൗരത്വ രജിസ്റ്റർ തയ്യാറാക്കുന്നതിന്റെ ഭാഗമായാണ്‌ പുതിയ നീക്കമെന്നാണ്‌ വിമർശം.

1969ലെ ജനന–- മരണ രജിസ്‌ട്രേഷൻ നിയമത്തിലാണ്‌ കേന്ദ്രം ഭേദഗതി കൊണ്ടുവരുന്നത്‌. നിലവിൽ സംസ്ഥാനം നിയോഗിക്കുന്ന രജിസ്‌ട്രാറുമാരാണ്‌ ജനന–- മരണ വിവരം രജിസ്റ്റർ ചെയ്‌ത്‌ സൂക്ഷിക്കുന്നത്‌. കേന്ദ്രം കൊണ്ടുവരുന്ന ഭേദഗതി പ്രകാരം സംസ്ഥാനങ്ങൾ നിയോഗിക്കുന്ന ചീഫ്‌ രജിസ്‌ട്രാർ ഇനിമുതൽ ജനന–- മരണ വിവരങ്ങൾ കേന്ദ്രവുമായി പങ്കുവയ്‌ക്കണം. ദേശീയ ജനസംഖ്യാ രജിസ്റ്റർ(എൻപിആർ), വോട്ടർ പട്ടിക, ആധാർ വിവരങ്ങൾ, റേഷൻ കാർഡ്‌, പാസ്‌പോർട്ട്‌, ഡ്രൈവിങ്‌ ലൈസൻസ്‌ എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങൾ പുതുക്കുന്നതിന്‌ ജനന–- മരണ രജിസ്‌ട്രേഷൻ വിവരങ്ങൾ ഉപയോഗിക്കുമെന്നാണ്‌ കരട്‌ നിയമഭേദഗതിയിലുള്ളത്‌. പൊതുജനങ്ങൾക്ക്‌ അഭിപ്രായം അറിയിക്കുന്നതിനുള്ള സമയം ബുധനാഴ്‌ച അവസാനിച്ചു. 

ദേശീയ പൗരത്വ രജിസ്റ്റർ കൊണ്ടുവരികയെന്ന ലക്ഷ്യത്തോടെ കേന്ദ്രം 2003ലെ പൗരത്വ ചട്ടങ്ങളിൽ ഭേദഗതി കൊണ്ടുവന്നിരുന്നു. ഇതിനെതിരായി വ്യാപക പ്രതിഷേധം രാജ്യത്തുയർന്നു. ഇതോടെ പൗരത്വ രജിസ്റ്റർ നീക്കത്തിൽനിന്ന്‌ തൽക്കാലം പിൻവലിഞ്ഞിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top