26 April Friday

ചിന്തൻ ശിബിരവും പാളി, നേതാക്കളുടെ കൂട്ടക്കൊഴിഞ്ഞുപോക്ക്‌ ; വഴിമുട്ടി കോൺഗ്രസ്‌

എം പ്രശാന്ത്‌Updated: Friday May 20, 2022


ന്യൂഡൽഹി
കോൺഗ്രസിന്റെ തിരിച്ചുവരവ്‌ ലക്ഷ്യമിട്ട്‌ സംഘടിപ്പിച്ച ചിന്തൻ ശിബിരത്തിനുശേഷവും നേതാക്കളുടെ കൂട്ടക്കൊഴിഞ്ഞുപോക്ക്‌ ഹൈക്കമാൻഡിന്‌ തലവേദനയായി. രാഹുൽ ഗാന്ധിയെ വീണ്ടും നേതാവായി പ്രതിഷ്‌ഠിക്കുന്നതിൽ ‘കുടുംബഭക്ത’ നേതാക്കൾ വിജയിച്ചതുമാത്രം ഏക ​ഗുണം.

പഞ്ചാബ്‌ മുൻ പിസിസി പ്രസിഡന്റ്‌ സുനിൽ ഝക്കർ, ഗുജറാത്ത്‌ വർക്കിങ്‌ പ്രസിഡന്റ്‌ ഹാർദിക്‌ പട്ടേൽ എന്നിവരാണ്‌ ഏറ്റവുമൊടുവിലായി താമരക്യാമ്പിലേക്ക്‌ ചേക്കേറിയത്‌. ഝക്കർ അംഗത്വം സ്വീകരിച്ചു. ഹാർദിക്ക്‌ ബിജെപി പ്രവേശനത്തിന്‌ ‘നല്ല സമയം’ കാക്കുന്നു. രാജസ്ഥാൻ യൂത്ത്‌ കോൺഗ്രസ്‌ പ്രസിഡന്റും എംഎൽഎയുമായ ഗണേഷ്‌ ഗോഗ്‌രയും കാലുമാറി. ഗുജറാത്തിൽ ഈവർഷം അവസാനവും രാജസ്ഥാനിൽ അടുത്തവർഷവും തെരഞ്ഞെടുപ്പ്‌ നടക്കാനിരിക്കെയാണ്‌ കൂട്ടകൊഴിയല്‍.  ചിന്തൻ ശിബിരം തുടങ്ങുംമുമ്പായിത്തന്നെ സോണിയ ഗാന്ധിയുടെ വിശ്വസ്തനായിരുന്ന കെ വി തോമസിനെ പുറത്താക്കുന്നതായി നേതൃത്വത്തിനു പ്രഖ്യാപിക്കേണ്ടിവന്നു. 

ചിന്തൻ ശിബിരം പൂർണ പരാജയമായിരുന്നെന്ന്‌ തെരഞ്ഞെടുപ്പു തന്ത്രജ്ഞൻ പ്രശാന്ത്‌ കിഷോർ അഭിപ്രായപ്പെട്ടു. തൽസ്ഥിതി നീട്ടിയെന്നല്ലാതെ അർഥവത്തായ ഒന്നും ശിബിരത്തിലുണ്ടായില്ല. ഗുജറാത്തിലും ഹിമാചലിലുംകൂടി കോൺഗ്രസ്‌ തോൽക്കും–- പ്രശാന്ത്‌ കിഷോർ ട്വിറ്ററിൽ കുറിച്ചു.  ആഗസ്‌തോടെ രാഹുൽ വീണ്ടും അധ്യക്ഷസ്ഥാനത്തേക്ക്‌ തിരിച്ചുവരുമെങ്കിലും ദേശീയതലത്തിൽ കോൺഗ്രസിന്റെ മടങ്ങിവരവ്‌ അടഞ്ഞ അധ്യായമായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top